Sunday, January 27, 2013

ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....“ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....” എന്റെ വലിയമ്മ  ഞങ്ങള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഇടക്കിടക്ക് പറയാറുള്ള വാചകമായിരുന്നു. കുട്ടികള്‍ തങ്ങള്‍ ചിന്തിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്ന വാക്കുകള്‍. തലമുറ എത്ര മാറിയാലും മുതിര്‍ന്നവര്‍ വലിയ മാറ്റമില്ലാതെ ഈ വാചകം കുട്ടികള്‍ക്ക്‌ നേരെ എടുത്തു പ്രയോഗിക്കുന്നുണ്ട്. ഈ വലിയമ്മയെക്കുറിച്ചും വലിയമ്മയുടെ വലിയമ്മ  ഇതേ വാക്കുകള്‍ പറഞ്ഞു കാണും. അതാണ്‌ കാല ചക്രത്തിന്റെ പ്രത്യേകത.

എന്റെ വലിയമ്മ ചട്ടയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. വലിയമ്മയുടെ വലിയമ്മ ചിലപ്പോള്‍ മുലക്കച്ചയായിരിക്കും ധരിച്ചത്. അപ്പോള്‍ ചട്ട ധരിച്ച വലിയമ്മയുടെ തലമുറ അവരുടെ മുന്നില്‍ പരിഷ്കാരികള്‍ ആയിരുന്നിരിക്കണം. മുട്ടിനു താഴെ നില്‍ക്കുന്ന കൈയ്യുള്ള ചട്ടയും കാല്‍ മുട്ടോളം നീളത്തില്‍ ഞൊറിഞ്ഞിട്ട തുണിയും ആയിരുന്നു ആ തലമുറയുടെ  വേഷം. വലിയമ്മ കാലില്‍ ചെരിപ്പും ഇട്ടിരുന്നില്ല. എന്റെ അമ്മയുടെ വേഷവും  മുണ്ടും ചട്ടയും തന്നെ .പക്ഷേ അമ്മയുടെ തലമുറക്കാര്‍ ധരിക്കുന്ന ചട്ടക്ക് മുട്ടിനു താഴെ വരെ കൈ നീളം ഇല്ല. സാധാരണ ബ്ലൌസു പോലെയുള്ള ചെറിയ കൈ. മുണ്ട് ഞൊറിഞ്ഞുടുക്കുന്നതിലും വ്യത്യാസം. ഞൊറിക്ക് വലിയമ്മയുടേതു  പോലെ മുട്ടിനു താഴെ ഇറക്കമില്ല. അതിലും കുറച്ചു ചെറുതാണ്. അപ്പോള്‍ വലിയമ്മയുടെ തലമുറയ്ക്ക് മുന്നില്‍ അമ്മയുടെ തലമുറ കാലില്‍ ചെരിപ്പും പുതിയ രീതിയിലെ ചട്ടയും അണിഞ്ഞ പരിഷ്കാരികള്‍ ആണ്. ഇതിന്റെ അടുത്ത തലമുറ പൂര്‍ണ്ണമായും സാരിക്കാരികള്‍ ആയപ്പോള്‍ ചട്ടയും മുണ്ടുമിട്ട ഈ മുന്‍ തലമുറ തീരെ പഴഞ്ചനായി.മാതാപിതാക്കള്‍ക്ക് കുറച്ചു പ്രായം ചെന്നതിനു ശേഷം ഉണ്ടായ മകളായ ഞാനും അവരും തമ്മില്‍ രണ്ടു തലമുറയുടെ പ്രയായ വ്യത്യാസമാണ് ഉണ്ടായിരുന്നത് !!!! എന്റെ അമ്മക്ക് ശേഷമുള്ള  തലമുറ സാരിയില്‍ നിന്ന് ചുരിദാറിലേക്കും ഇപ്പോഴത്തെ ഏറ്റവും പുത്തന്‍ തലമുറ  ജീന്സിലേക്കും മാറിയിരിക്കുന്നു.

ഇത് നമ്മുടെ ഒരു സമുദായത്തിന്റെ വസ്ത്ര ധാരണത്തിലെ പരിഷ്കാര ചരിത്രം. വസ്ത്ര ധാരണത്തില്‍ മാത്രമല്ല. മറ്റു എല്ലാം കാര്യങ്ങളിലും. പുതിയ തലമുറയുടെ ചെയ്തികള്‍  തൊട്ടു മുന്നില്‍ നിന്നും തികച്ചും വിഭിന്നമായി. അപ്പോള്‍ പഴമക്കാര്‍ ഇടക്കിടെ പറയും. “ഈ പിള്ളേരുടെ ഒരു കാര്യം....”

എന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അച്ഛന്‍ ഗാന്ധി തൊപ്പിയും അണിഞ്ഞു സമരത്തിനു പോയപ്പോള്‍ “അവന്‍ വീട്ടിലെ കാര്യം നോക്കാതെ തോപ്പീം വെച്ച് സമരത്തിനു നടക്കുന്നു” എന്ന് വലിയമ്മ  പിറുപിറുത്തു. ഇടക്ക് ജയില്‍ വാസം കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് വലിയമ്മ  വലിയ ശണ്ഠ തന്നെ ഉണ്ടാക്കിയത്രേ. ഗാന്ധിജി, സ്വാതന്ത്ര്യം,  സായിപ്പില്‍ നിന്നും ഭരണം നേടി എടുക്കുക എന്നൊന്നും തൊട്ടു മുന്‍ തലമുറക്കാരിയായ വലിയമ്മ  മനസ്സിലാകിയിരുന്നില്ല. അച്ഛന്റെ തലമുറയ്ക്ക് അതിന്റെ ആവശ്യം നന്നായി അറിയാമായിരുന്നു. എന്റെ തലമുറ ഇക്കാര്യം അഭിമാനത്തോടെ മറ്റുള്ളവരോട് പറഞ്ഞു.

സ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന പഴയ തലമുറ കോളേജു വിദ്യാഭ്യാസം ചെയ്ത പുതിയ തലമുറയുടെ ചെയ്തികള കണ്ടു അത്ഭുതപ്പെട്ടു. പലപ്പോഴും ‘അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്’ എന്ന് വിലക്കുകള്‍ നല്‍കി. അതൃപ്തിയോടെ ആണെങ്കിലും ആ പുതിയ തലമുറ ചിലതൊക്കെ അനുസരിച്ചു, ചിലത് അവര്‍ക്ക് തോന്നിയ പോലെ ചെയ്തു. എന്നിട്ട് മനസ്സില്‍ പറഞ്ഞു. ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...? ഇപ്പോഴത്തെ കൌമാരക്കാര്‍ ഈ കോളേജു വിദ്യാഭ്യാസം ചെയ്ത ആ അച്ഛനോടും അമ്മയോടും അതേ ചോദ്യം മനസ്സില്‍ ചോദിക്കുന്നു.. “ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...?”

കോളേജു ബാഗില്‍ പണ്ടു ഡിസക്ഷന്‍ ബോക്സും ഇന്‍സ്ട്രമെന്റ് ബോക്സും വെച്ച് പോയിരുന്നവരുടെ മക്കള്‍ ഇപ്പോള്‍ അതിനോടൊപ്പം ഐ പാഡും സെല്‍ ഫോണും മറക്കാതെ എടുത്തു വെക്കുന്നു. ഫോണ്‍ വൈബ്രേറ്റര്‍ മോഡില്‍ ഇടാതെ ക്ലാസ്സില്‍ കയറില്‍ തങ്ങള്‍ക്കു തലവേദന ഉണ്ടാക്കല്ലേ എന്ന് മാതാപിതാകള്‍ ഓര്‍മിപ്പിക്കുന്നു.

ഇപ്പോഴത്തെ മാറ്റം അതി ശീഘ്രമാണ്,സെല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ലോകം തന്നെ മാറ്റി മറിച്ചു എന്നൊക്കെ നമ്മള്‍ പറയാറുണ്ടല്ലോ. പണ്ടത്തെ മാറ്റങ്ങളും ലോകത്തെ എത്ര മാറ്റി മറിച്ചു എന്നത് നാം എന്തേ വിസ്മരിക്കുന്നു. വൈദ്യുതിയോ വൈദ്യുത ഉപകാരങ്ങളോ  എന്തെന്ന് അറിയാത്ത ഒരു കാലത്താണ് എന്റെ വലിയമ്മ ജനിച്ചത്‌. അവര്‍ വൃദ്ധയായി മരിക്കുന്ന കാലത്ത് ലോകത്തിന്റെ എന്തെല്ലാം മാറ്റങ്ങള്‍ അവര്‍ കണ്ടു. പണ്ടത്തെ നാട്ടുവഴികള്‍ ടാറിട്ട റോഡുകളായി, അതിലൂടെ പുക തുപ്പി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. അവരുടെ ചെറുമക്കള്‍ കടല്‍ കടന്നു വിമാനത്തില്‍ കയറി ജോലിക്ക് പോയി. അവധിക്കാലത്ത് ജോലിസ്ഥലത്തു നിന്നും  ടെലിവിഷന്‍ എന്ന മാന്ത്രിക പെട്ടിയും ഏന്തി മടങ്ങി വന്നു. സിനിമാ കൊട്ടകയിലെ പ്രിയ താരങ്ങള്‍ അവരുടെ വീട്ടില്‍ വിരുന്നുകാരായി എത്തി. അതിനും കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരു സ്വിച്ചു ഞെക്കിയാല്‍ രാത്രിയെ പകലാക്കി മാറ്റുന്ന അത്ഭുതവും എവിടെ നിന്നോ ആരോ വായിക്കുന്ന വാര്‍ത്തയുടെ ശബ്ദവും പാടുന്ന പാട്ടും വീട്ടിലേക്കു കൊണ്ടു വന്ന റേഡിയോ എന്ന അതിശയ പെട്ടിയും അവരെ അമ്പരപ്പിച്ചു കാണില്ലേ...?

അപ്പോള്‍ “കാലം പോയ ഒരു പോക്കേ !!!!” എന്ന് പറഞ്ഞു ആരും മൂക്കത്ത് വിരല്‍ വെക്കേണ്ടതില്ല. കാരണം കാലം പണ്ടും ഇങ്ങനെ തന്നെയാണ് പോയിരുന്നത്. ആ പോക്കിനെ അതാത് കാലത്തെ പുത്തന്‍ തലമുറ നന്നായി ആസ്വദിച്ചും ഇരുന്നു എന്നതാണ് സത്യം.

ഇത്രയും പറഞ്ഞപ്പോള്‍ ഒരു സംശയം തോന്നാം  ഇപ്പോഴത്തെ ഈ പുത്തന്‍  തലമുറയും അവരുടെ അടുത്ത തലമുറയോടു ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുമോ...? അത് അതെ പടി ആവര്‍ത്തിക്കുക തന്നെ ചെയ്യും. കാരണം അവര്‍ക്കിടയിലും ഉണ്ടല്ലോ വര്‍ഷങ്ങള്‍ സൃഷ്ടിച്ച തലമുറയുടെ ആ വിടവ്‌!!!!

(ചിത്രം ഗൂഗിളില്‍ നിന്നും)

Monday, January 14, 2013

ആകസ്മികതകളുടെ ആകെ തുകകള്‍

ആ കുഞ്ഞിനു ഇപ്പോള്‍ പത്തു വയസെങ്കിലും ആയിക്കാണും. ശോഭയുടെ കുഞ്ഞിന്. പത്തു വര്‍ഷം മുന്‍പാണ് ഞാന്‍ ശോഭയെ പരിചയപ്പെടുന്നത്. വിവാഹ ശേഷം ഏഴു വര്‍ഷം കഴിഞ്ഞിട്ടും മാതൃത്വം അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയവള്‍ . എല്ലാ ടെസ്റ്റും കഴിഞ്ഞു നിരാശരായി കഴിഞ്ഞ സമയത്താണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി അവര്‍ ചിന്തിച്ചത്.
നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയായി കുഞ്ഞിനെ ആദ്യമായി കാണുവാന്‍ അവനെ സംരക്ഷിക്കുന്ന അനാഥാലയത്തിലേക്ക് പോകുന്നതിന്‍റെ തലേ ദിവസം അവളെ ഞാന്‍ കണ്ടു. പത്തു മാസത്തെ ഗര്‍ഭാലസ്യത്തിനു ശേഷം പ്രസവ മുറിയിലേക്ക്‌ പോകുന്ന അമ്മയുടെ ഉത്കണ്ഠ ആ മുഖത്തുണ്ടായിരുന്നു. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്‌ അവന്‍ അവരുടെ വീട്ടിലേക്കു വരാന്‍ പോകുന്നത്.

“ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയതേല്ല”

പോകുന്നതിനു മുന്‍പ്‌ അവള്‍ രഹസ്യമായി എന്‍റെ ചെവിയില്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടു വന്ന അവള്‍ ഉടനെ എനിക്ക് ഫോണ്‍ ചെയ്തു.

"ചേച്ചീ..ഞങ്ങള്‍ അവനെ കണ്ടു.. എന്‍റെ കയ്യിലേക്ക് അവനെ വാങ്ങിയ നിമിഷം എന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. കുറേ ചോദിച്ചിട്ടാണ് മാര്‍ട്ടിന് പോലും എടുക്കുവാന്‍ ഞാന്‍ കൊടുത്തത്‌. തിരികെ അവര്‍ക്ക് കൊടുത്തിട്ട് പോരുവാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്‌.”

അവള്‍ ആ കുഞ്ഞിനെക്കുറിച്ചു പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ. നീയൊന്നു അടങ്ങു ശോഭേ...”
ഞാന്‍ അവളോടു കളി പറഞ്ഞു. പക്ഷേ പിറ്റേ ദിവസം അവള്‍ എന്നെ വീണ്ടും വിളിച്ചു.

“ചേച്ചി..ആ കുഞ്ഞായിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞു വെച്ചിരുന്നത്. അവിടത്തെ പ്രധാന അധികാരി ഇന്നലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഇല്ലായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ ഏല്‍പ്പിച്ചവര്‍ അബദ്ധത്തില്‍ വേറൊരു കുഞ്ഞിനെയാണ് ഞങ്ങളെ കാണിച്ചത്. ആ കുഞ്ഞിനു ചെറിയ ആരോഗ്യ പ്രശ്നമുണ്ടോ എന്നവര്‍ക്ക് സംശയം. തൂക്കം തീരെ ഇല്ല. മാറണം എങ്കില്‍ മാറി തരാം എന്നാണു അവര്‍ പറയുന്നത്.”

“എന്നിട്ട് എന്തു തീരുമാനിച്ചു ..?”

“ഞങ്ങള്‍ക്ക്‌ അവനെ തന്നെ മതി എന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു ഞാനും മാര്‍ട്ടിനും അവന്‍റെ അച്ഛനുമമ്മയും ആയി കഴിഞ്ഞു. പിന്നെ എങ്ങനെ അവനെ വേണ്ട മറ്റൊന്ന് മതി എന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് കഴിയും..?”

അങ്ങനെ ആകസ്മികമായി അവന്‍ അവരുടെ ജീവിതത്തിലേക്ക് വന്നു. ഏഴു വര്‍ഷം ഊഷരമായി കിടന്ന ഒരു മരുഭൂമിയാണ് അവന്‍ കുളിര്‍ ജലം തളിച്ചു പൂങ്കാവനമാക്കിയത്. ഞങ്ങള്‍ കോളനിയില്‍ എല്ലാവരും അവന്‍റെ വരവ് ഗംഭീരമായി ആഘോഷിച്ചു. സമ്മാന പൊതികള്‍ അവന്‍റെ തൊട്ടിലിനു ചുറ്റും കുമിഞ്ഞു കൂടി.

പക്ഷേ നാട്ടില്‍ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ കുഞ്ഞിനെ ദത്തെടുത്തു എന്ന കാര്യം മറച്ചു പിടിച്ചു. ഇവിടെ ഗര്‍ഭിണിയായി പ്രസവിച്ചു എന്നാണു അവര്‍ എല്ലാവരോടും പറഞ്ഞത്. അല്ലെങ്കില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ആ കുഞ്ഞു വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ അവഹേളിക്കപ്പെടുമോ എന്നവര്‍ ഭയപ്പെടുന്നു. സ്വന്തം മാതാപിതാക്കള്‍ ഒഴികെ നാട്ടില്‍ മറ്റാരും ഇക്കാര്യം അറിയാതെ അവര്‍ സൂക്ഷിക്കുകയും ചെയ്തു.

“എങ്കില്‍ നീ ഇവിടെ നിന്നും ഉടനെ സ്ഥലം മാറി പോകുന്നതായിരിക്കും നല്ലത്.”
“ഓ..അങ്ങനെ അങ്ങ് പേടിക്കാനാകുമോ”

എന്നവള്‍ പറഞ്ഞെങ്കിലും അടുത്ത മാസം തന്നെ മാര്‍ട്ടിന് വേറൊരു ജോലി കിട്ടുകയും അവര്‍ അവിടം വിട്ടു പോവുകയും ചെയ്തു. പോകുമ്പോള്‍ കുഞ്ഞു മോന് ഉമ്മ കൊടുത്തിട്ട് ഞാനവളോട് പറഞ്ഞു.
ഇവിടെയും നീ ഇനി ആരുമായും കൊണ്ടാക്റ്റു വെക്കേണ്ട ശോഭേ. അതാണ് ഇവന് നല്ലത്.’

“എന്താ ചേച്ചി..ഈ പറയുന്നത്... ?"

 മോനെ വാങ്ങി കണ്ണീര്‍ തുടച്ചു കൊണ്ടു അവള്‍ ചോദിച്ചു.

മാതൃത്വം ലഭിക്കാത്ത എത്രയോ ശോഭമാരുണ്ട് നമുക്ക് ചുറ്റും. ഒരു കുഞ്ഞിന്‍റെ കളി ചിരിക്ക് കാതോര്‍ക്കുന്നവര്‍..അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ ആര്‍ക്കാണ് പ്രശ്നം..? അവര്‍ ജീവിതകാലം മുഴുവന്‍ ദു:ഖിച്ചു ദീര്‍ഘ നിശ്വാസം വിട്ടു കഴിയണം എന്നാണോ നമ്മുടെ സമൂഹം പറയുന്നത്..? എന്തിനാണ് നമ്മള്‍ ഒരു പരിധി വിട്ടു മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ ചുഴിഞ്ഞു നോകുന്നത്....?

കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം എന്‍റെ ഒരു സുഹൃത്ത് യാദൃശ്ചികമായി ശോഭയെയും മാര്‍ട്ടിനേയും കണ്ടു. അവരുടെ മകന്‍ മിടുക്കനായി നേഴ്സറി ക്ലാസ്സില്‍ പോകുന്നു. അതെ അവന്‍ അവര്‍ക്ക് വേണ്ടി ഭൂമിയില്‍ പിറന്നവനാണ്. അവനെ പ്രസവിച്ച അവന്‍റെ അമ്മക്ക് അവന്‍ ജനിക്കാതെ നോക്കുവാന്‍ എന്തെല്ലാം മാര്‍ഗമുണ്ടായിരുന്നു..? അവന്‍ ഗര്‍ഭത്തില്‍ ഉരുവായ ശേഷം നശിപ്പിക്കാന്‍ ആ പെണ്‍കുട്ടിയും ബന്ധുക്കളും ശ്രമിക്കാതിരുന്നു കാണുമോ..? അപ്പോള്‍ അവന്‍ പിറന്നേ തീരൂ. ആകസ്മികമായി മാര്‍ട്ടിന്‍റെയും ശോഭയുടെയും ജീവിതത്തിലേക്ക് കടന്നു ചെന്ന് അവരുടെ വിളക്കാകുവാനാണ് അവന്‍റെ നിയോഗം. അവനെ കിട്ടിയ ദിവസം മാര്‍ട്ടിന്‍ പറയുകയുണ്ടായി ഞങ്ങള്‍ കുറച്ചു നേരത്തെ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു എന്ന്. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു എങ്കില്‍ എങ്ങനെ ഈ കുഞ്ഞിനെ അവര്‍ക്ക് കിട്ടും.? അതെ...ഇത് തന്നെയായിരുന്നു യഥാര്‍ത്ഥ സമയവും തിരഞ്ഞെടുപ്പും
(ചിത്രം ഗൂഗിളില്‍ നിന്നും)