Tuesday, May 14, 2013

ചില തിരിച്ചറിവുകള്‍


കഴിഞ്ഞ ദിവസം ഇവിടെ മുംബൈയില്‍ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടായി. കവി മധുസൂദനന്‍ നായരായിരുന്നു. അതിലെ മുഖ്യാഥിതി. സമ്മേളനാവസാനം അദ്ദേഹം തന്റെ ഒരു കവിതയും അവതരിപ്പിക്കുകയുണ്ടായി. പ്രവാസജീവിതം നയിക്കുന്ന ഒരച്ഛന്‍ ഒരിക്കലും അച്ഛന്റെ നാട് കണ്ടിട്ടില്ലാത്ത മക്കളുമായി നാടുകാണുവാന്‍ വരുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. നാട്ടില്‍ എത്തുന്നതിനു മുമ്പ് ആ അച്ഛന്‍ പലപ്പോഴായി ജനിച്ചു വളര്‍ന്ന നാടിനെപ്പറ്റി മക്കള്‍ക്ക് ‌ പറഞ്ഞു കൊടുത്തത് കൊണ്ടു മക്കള്‍ അച്ഛന്റെ നാടു കാണുവാന്‍ വല്ലാത്തൊരാവേശത്തിലായിരുന്നു.

പക്ഷേ മക്കളുമായി അവിടെ ചെന്ന അദ്ദേഹം കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അവിടെ അദ്ദേഹം ജനിച്ചു വളര്‍ന്ന വീടേ ഉണ്ടായിരുന്നില്ല. പകരം ആ സ്ഥാനത്ത് അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങള്‍!!!! വീടിന്റെ പുറകില്‍ നിന്നിരുന്ന മലയും, അതിനടുത്തുകൂടെ ഒഴുകിയിരുന്ന പുഴയും ഒന്നും അദ്ദേഹത്തിന് മക്കളെ കാണിച്ചു കൊടുക്കാനായില്ല. പച്ചപ്പിന്റെ കാഴ്ചയേ ആ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. വേദനയോടെ ആ കാഴ്ച കണ്ട അച്ഛന്‍ ചോദ്യഭാവത്തില്‍ നോക്കിയ മക്കളോടു പറയുന്നു. ഈ ടാറിട്ട റോഡിനും ടൈല്സിട്ട കെട്ടിടങ്ങള്‍ക്കും അടിയിലായി ഞാന്‍ വളര്‍ന്ന വീടും അതിന്റെ പടിപ്പുരയും അതിനു പിന്നിലെ മലയും പുഴയും ഒക്കെ ഉണ്ടായിരുന്നു എന്ന്.

തുടര്‍ന്ന് ആ അച്ഛന്‍ താന്‍ അവിടെ ജീവിച്ച ബാല്യ കാലത്തെക്കുറിച്ച് പറയുന്നു. ഒരു പ്രാണിയെയോ ജീവിയെയോ ഉപദ്രവിച്ചാല്‍ ശാസിച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്ന ആ വീട്, ഉറുമ്പുകള്‍ക്ക് വരെ ഓണസദ്യ ഊട്ടിയിരുന്ന ഒരു കാലം. മഴവെള്ളത്തില്‍ മൂത്രം ഒഴിച്ചാല്‍ പരലോകത്ത് ചെല്ലുമ്പോള്‍ മൂത്രം കുടിക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിച്ചിരുന്ന നാളുകള്‍. മാവില്‍ ഉണ്ടായ പഴുത്ത മാങ്ങകള്‍ അണ്ണാറക്കകണ്ണന്മാര്‍ തിന്നു കളഞ്ഞു എന്ന് പരാതി പറഞ്ഞ ഉണ്ണിയോട് ഉയര്‍ന്ന കൊമ്പുകളിലെ മാങ്ങകള്‍ കിളികളുടെയും അണ്ണാറക്കണ്ണന്മാരുടെയും അവകാശമാണെന്നു അമ്മ പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെ ഓരോ ചെറിയ കാര്യത്തിലും നന്മയുടെ പാഠങ്ങള്‍ മാത്രം കേട്ട് വളര്‍ന്ന ഒരു ബാല്യം. സഹജീവികളെയും ചരാചരങ്ങളെയും സ്നേഹിച്ചു ജീവിച്ച ആ കാലം.

അതിമനോഹരമായ വരികളില്‍ കവി ഇത് പാടിയപ്പോള്‍ സദസ്സ് നിശ്ചലമായി. ഈ ഭൂമി തന്റേതു മാത്രമാണ് എന്ന ധാഷ്ട്യത്തോടെ ജീവിക്കുന്ന പുതിയ തലമുറ തികച്ചും അത്ഭുതത്തോടെയാണ് ആ വരികള്‍ ശ്രവിച്ചത്. 'ഒരു പുനര്‍ ചിന്ത ഇനിയെങ്കിലും വേണ്ടേ...?' എന്ന ഭാവത്തില്‍ എല്ലാവരും പരസ്പരം നോക്കി. ആരാണ് ഈ തലമുറയെ ഭൂമി തങ്ങളുടേത് മാത്രം എന്ന മൂഡ ചിന്തയിലേക്ക് നയിച്ചത്...? ഒരു സംശയവും വേണ്ട.... ഈ മൂല്യച്യുതിയുടെ കാരണക്കാര്‍ തൊട്ടു മുന്നിലുള്ള തലമുറ തന്നെയാണ്. ഭൂമിയിലുള്ള മറ്റു ചരാചരങ്ങളെ മറന്നു ഞാന്‍ മനുഷ്യന്‍, എന്റേത് മാത്രമാണ് ഈ ഭൂമി എന്ന് ചിന്തിച്ചു വശായ ഒരു വര്‍ഗം കാണിച്ചു കൂട്ടി കോപ്രായങ്ങളാണ് ഇതിന്റെ എല്ലാം കാരണം. അങ്ങനെ വളര്‍ത്തിയെടുത്ത പുതിയ തലമുറയെ സാമൂഹ്യ ബോധം പോലും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നു പോയി എന്ന കുറ്റബോധമെങ്കിലും ഉണ്ടാക്കാനായി നന്മയുടെ ആ നല്ല കവിതയ്ക്ക്. എന്റെ മക്കള്‍ ഏറ്റവും മുന്തിയ സ്കൂളില്‍, ഏറ്റവും മാര്‍ക്ക് എന്റെ മകന്, പരീക്ഷയില്‍ മാര്‍ക്ക് വരുമ്പോള്‍ അവനെ നമുക്ക് തോല്‍പ്പിക്കണം എന്നൊക്കെ കേട്ട് വളര്‍ന്ന ഒരു തലമുറക്ക് വളര്‍ന്നു വലുതായാലും ഇങ്ങനെയൊക്കെത്തന്നെയല്ലേ ചിന്തിക്കാനാവൂ. അവനെ തോല്‍പ്പിച്ചു എനിക്ക് ഒന്നാമനാകണം എന്ന് കേട്ട് ശീലിച്ച ഒരു കുട്ടി തോല്‍പ്പിച്ചു ജയിക്കുന്ന പഠമല്ലാതെ വേറെന്താണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക...?

വികസനവും ആധുനികതയും മറ്റുള്ളവരെ ചവിട്ടി മെതിച്ചു കൊണ്ടാകരുത് എന്നൊക്കെ നാം ഇപ്പോള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കുന്നത് കതിരില്‍ വളം വെക്കുന്നതിന് തുല്യമാണ്. അതിനുള്ള പാഠങ്ങള്‍ നമ്മള്‍ വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. പണ്ടെങ്ങും കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ പീഡന വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരുന്നു നമ്മുടെ വര്‍ത്തമാന പത്രത്തിന്റെ താളുകള്‍!!! ശിശു പീഡനത്തില്‍ വരെ എത്തി നില്ക്കുതന്നു ഇപ്പോള്‍ നമ്മുടെ സംസ്കാരം. ഒരു പെണ്കുഞ്ഞിന്റെ ചിത്രം ടി വി യില്‍ കാണിച്ചാല്‍ മുഖം മറച്ചു കാണിക്കേണ്ട ഒരു സമൂഹത്തിന്റെ ഗതികേട് തീര്‍ച്ചായായും ഗൌരവത്തോടെ തന്നെ ചിന്തിക്കേണ്ടതാണ്. എട്ടു വയസ്സ്കാരന്‍ വരെ പീഡനക്കേസില്‍ പ്രതിയായ തരത്തില്‍ നമ്മുടെ നാടിന്റെ സംസ്കാരം അധപ്പതിച്ചു പോകുവാന്‍ തരത്തില്‍ എന്താണ് ഈ ചുരുങ്ങിയ കാലയളവ് കൊണ്ടു സംഭവിച്ചത്..?. ഈ പറഞ്ഞ എട്ടു വയസ്സുകാരനും ഒരു അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷയില്‍ രൂപപ്പെട്ടു നിഷ്ക്കളങ്കനായി ഭൂമിയിലേക്ക്‌ പിറന്നവനാണ്. മറ്റേതു ശിശുവിനെപ്പോലെയും അവനും തിളര്‍ക്കമാര്‍ന്ന കണ്ണുകളോടെ ചുറ്റും നോക്കി, പിഞ്ചു കാലടികള്‍ വെച്ച് ഭൂമിയില്‍ നടന്നു പഠിച്ചു. പക്ഷെ പിന്നീടുള്ള അവന്റെ വളര്‍ച്ചയില്‍ ആ കുട്ടിയെ നശിപ്പിച്ചു കളഞ്ഞത് അവന്‍ വളര്‍ന്ന സാഹചര്യമാണ്. വെറും എട്ടു കൊല്ലം മാത്രം മതിയായിരുന്നു ഒരു പിഞ്ചു കുഞ്ഞില്‍ നിന്നും ഒരു കുറ്റവാളിയിലേക്കുള്ള രൂപ മാറ്റത്തിന്. യഥാര്‍ത്ഥത്തില്‍ അവനാണോ കുറ്റവാളി..?. അവനെ അങ്ങനെയാക്കിയ സമൂഹത്തിന് അതില്‍ നല്ലൊരു പങ്കുണ്ട് എന്നത് വിസ്മരിച്ചു കൂടാ. ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛനമ്മമാരും ചീത്ത സാഹചര്യങ്ങളും ആണുള്ളത് എന്ന് എവിടെയോ വായിച്ചു കേട്ടത് ഓര്‍ക്കുന്നു.

മേല്‍പ്പറഞ്ഞ കവിതയില്‍ കവി പറഞ്ഞതും വളരെ പണ്ടത്തെ കാര്യങ്ങളൊന്നുമായിരുന്നില്ല. വിരലിലെണ്ണാവുന്ന പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കാര്യങ്ങള്‍ മാത്രം!!!. കവിതയിലെ അച്ഛന്‍ ജീവിച്ച മുപ്പതോ നാല്‍പ്പതോ കൊല്ലം മുമ്പത്തെ നാളുകളിലെ കാര്യങ്ങള്‍. അപ്പോള്‍ ഈ മൂല്യച്ച്യുതി സംഭവിച്ചത് ഈ ഒരു ചെറിയ കാലയളവ് കൊണ്ടാണെന്ന സത്യത്തില്‍ ആരുടെ തലയാണ് താഴ്ന്നു പോകാത്തത്....? ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല ചരാചരങ്ങളെയും സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്, അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.