Sunday, April 27, 2014

ഹൌ....എന്തൊരു ചൂട്

 വേനല്ക്കാലമാകുന്നതോടെ നമ്മള്‍ കുറച്ചു കൊല്ലങ്ങളായി കേള്‍ക്കുന്നതാണ് സൂര്യാഘാതം എന്ന വാക്ക്. വേനല്‍ കടുക്കുമ്പോള്‍ സൂര്യാഘാതത്തിനു സാധ്യത ഏറുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്ക്ക് ശക്തിയേറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും ഇതിനുള്ള സാധ്യതയും ഏറുന്നു. എന്തേ നമ്മള്‍ കുറച്ചു കാലമായി മാത്രം കേള്‍ക്കുന്ന വാക്കാണ്‌ എന്ന് ഈ സൂര്യാഘാതത്തെ പറയുവാന്‍ കാരണം. മുമ്പും ഇതുണ്ടായിരുന്നു. പക്ഷെ അത് കേരളത്തില്‍ ആയിരുന്നില്ല എന്ന് മാത്രം. അത്യുഷ്ണമുള്ള രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വളരെ സാധാരണമാണ് ഈ സൂര്യാഘാതം. ഇത് കൂടാതെ “ലൂ” എന്ന ചൂടു കാറ്റും അവിടെയുണ്ട്. ശീലമായതു കൊണ്ടു വേനല്‍ വരുമ്പോഴേ അവര്‍ക്കറിയാം അതിന്റെ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടണം എന്ന്. അവിടെ വെയിലില്‍ ജോലി ചെയ്യുന്നവര്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ കൈ കാലുകള്‍ മറച്ചുള്ള മുഴു നീള വസ്ത്രങ്ങള്‍ ധരിക്കുന്നു, പച്ചമാങ്ങയുടെയും മോരിന്റെയും വെള്ളം ധാരാളം കുടിക്കുന്നു. ഇത് കേട്ടു കേള്‍വി പോലുമില്ലാത്ത പാവം മലയാളി വേനല്‍ക്കാലങ്ങളില്‍ പൊരി വെയിലില്‍ പണിത് സൂര്യന്റെ ആഘാതം നേരെ എറ്റു വാങ്ങുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും നിഷ്കര്‍ഷ വന്നിരിക്കുന്നു ഉച്ച നേരത്തെ ഇടവേള ദീര്‍ഘിപ്പിക്കുവാനായി. കടുത്ത ചൂടുള്ള സമയത്ത് വിശ്രമം കൊടുത്തു അതിരാവിലെയും സായാഹ്നങ്ങളിലും ജോലിയെടുക്കുന്ന രീതിയാണ് വടക്കെ ഇന്ത്യയില്‍ വേനല്‍ക്കാലത്തുള്ളത്. ആഗോള താപനമാണ് സൂര്യാഘാതത്തിനു ഹേതു എന്ന് പറയുന്നുണ്ട്. എങ്കിലും നമ്മുടെ കേരളം ഇങ്ങനെ ചുട്ടു പഴുത്തു പോകുവാന്‍ ഒരു കാരണം നമ്മുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ്. ഞാന്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ പാലക്കാട്ടും തിരുവനന്തപുരത്തും താമസിച്ചിട്ടുണ്ട്. ഈ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് തമിഴ്‌നാടുമായി കാര്യമായ വ്യത്യാസം ഇല്ല. തമിഴ്‌ നാട്ടിലെപ്പോലെ മഴമുള്ളും കരിമ്പനയും നിറഞ്ഞ സ്ഥലങ്ങള്‍. മറ്റു ജില്ലകളേക്കാള്‍ മഴ കുറവാണവിടെ. അത് കൊണ്ടു തന്നെ ചൂടും ഏറും. അപ്പോഴൊക്കെ എറണാകുളം ജില്ലക്കരിയായ ഞാന്‍ അവരോടു പറയുമായിരുന്നു 'ഇവിടെ ചൂടു കൂടുതലാണ് കൊച്ചി നല്ല മഴയുള്ള നാടാണ്' എന്നൊക്കെ. പക്ഷെ ഇപ്പോള്‍ കുറേ കൊല്ലങ്ങളായി കൊച്ചിയും മറ്റു ജില്ലകളും തിരുവന്തപുരമോ പാലക്കാടെന്നോ വ്യത്യാസമില്ലാതെ ചുട്ടു പൊള്ളുകയാണ്. പകല്‍ മനുഷ്യര്‍ പുറത്തിറങ്ങുവാന്‍ ഭയക്കുന്നു.

വേമ്പനാട്ടു കായലിന്റെ സുഖ ശീതളമായ കാറ്റേറ്റ്‌ കിടന്നിരുന്ന നഗരമായിരുന്നു കൊച്ചി. ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അസുഖം വന്നാല്‍ കലൂരുള്ള 'ലിസി' ആശുപത്രിയിലാണ് കൊണ്ടു പോയിരുന്നത്. അസുഖം വന്നതിന്റെ വിഷമമെല്ലാം “വാ.. ലിസീപ്പോകാം” എന്ന് കേള്‍ക്കുകമ്പോഴേ തീരും. ‘മേനക’ വഴി പോകുന്ന ബസ്സിന്റെ സൈഡ് സീറ്റ് കൂടി കിട്ടിയാല്‍ പിന്നെ എല്ലാം പൂര്‍ത്തിയായി. 'ജോസ്‌ ജങ്ഷന്‍' കഴിയുമ്പോഴേ ഉത്സാഹത്തോടെ പുറത്തേക്ക് നോക്കിയിരിക്കും. അവിടം തൊട്ടു കായല്‍ കാഴ്ച തുടങ്ങുകയായി. നിറയെ പച്ച പുല്ലുകള്‍ നിറഞ്ഞു തണല്‍ മരങ്ങളുടെ ശീതളതയില്‍ കായലിനഭിമുഖമായി നില്ക്കുന്ന മഹാരാജാവിന്റെ പ്രതിമയുള്ള രാജേന്ദ്ര മൈതാനി, പൂമരങ്ങള്‍ തണല്‍ വിരിച്ച സുഭാഷ്‌ ബോസ് പാര്‍ക്ക് , അതിനോടു ചേര്‍ന്ന് വിവിധ തരത്തിലെ ഊഞ്ഞാലുകളുള്ള ചില്‍ഡ്രന്‍സ്‍ പാര്‍ക്ക്, ഇതെല്ലാം കായല്‍ക്കരയില്‍ തന്നെ. പിന്നെ പിന്നീടങ്ങോട്ട്‌ കണ്മുന്നില്‍ കായല്‍ മാത്രം. അതില്‍ വേഗത്തില്‍ നീങ്ങുന്ന തിരകളെ കീറി മുറിച്ചു കൊണ്ടു വൈപ്പിന്‍ കരയിലേക്കും കണ്ണമാലിയിലേക്കും ബോള്‍ഗാട്ടിയിലേക്കും നീങ്ങുന്ന യന്ത്ര ബോട്ടുകള്‍. ഇവക്കിടെ മീന്‍ പിടുത്തക്കാരുടെ ചെറു വള്ളങ്ങളും. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട മനോഹര ദ്വീപായ ബോള്‍ഗാട്ടി നഗരത്തില്‍ നിന്ന് തന്നെ കാണാം. നഗര ഹൃദയത്തിലേക്ക്‌ സുഖമുള്ള കാറ്റ് വീശിയടിച്ചു കൊണ്ടിരിക്കും. അങ്ങ് ദൂരെ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകള്‍. സായാഹ്നങ്ങളിലാണ് ഈ യാത്ര ചെയ്യുന്നതെങ്ങില്‍ വെള്ളത്തിന് രക്തവര്‍ണ്ണം ചാര്‍ത്തി കടും ചുവപ്പ് നിറത്തില്‍ ചായുന്ന സൂര്യന്‍. നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകള്‍ വിളക്കുകള്‍ തെളിഞ്ഞു കടല്‍ കൊട്ടാരങ്ങള്‍ പോലെ.

പക്ഷേ ഇതെല്ലാം പഴങ്കഥകള്‍ . ഇപ്പോള്‍ കൊച്ചിയില്‍ പോകുന്ന ഒരാള്‍ ഈ കാഴ്ചകള്‍ കാണണം എന്ന് വ്യാമോഹിക്കരുത്. ഒരു വശം കായലും മറു വശം കെട്ടിടങ്ങളും ഉണ്ടായിരുന്ന കൊച്ചി നഗരം ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം. കൊച്ചി നഗരത്തെ തണുപ്പിച്ചു കൊണ്ടിരുന്ന ആ കായലിനു മുന്നില്‍ അംബര ചുംബികളായ ഷോപ്പിംഗ്‌ മാളുകളും ഓഫീസ് കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിത് ആ മോനോഹര കാഴ്ച നമ്മില്‍ നിന്ന് മറച്ചു കളഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആ കായല്‍ കാറ്റിന്റെയും ദൃശ്യങ്ങളുടെയും ഉടമസ്ഥര്‍ കായലിനഭിമുഖമായി പണിത കെട്ടിടങ്ങളിലിരിക്കുന്നവരാണ്. അല്ലാതെ അത് നഗരത്തിന്റെ പൊതു കാഴ്ചകള്‍ അല്ല. ‘കായല്‍ കണ്ടുണരാം കായല്‍ കാറ്റേറ്റു ബാല്ക്കിണിയില്‍ ഇരുന്നു ചായ കുടിക്കാം’ എന്നൊക്കെ ഭംഗിയുള്ള വാക്കുകളാല്‍ അലങ്കൃതമായി ആ കെട്ടിട സമുച്ചയങ്ങള്‍ . ഇപ്പോള്‍ കായല്‍ കാഴ്ചയില്‍ വരുന്നത് സുഭാഷ്‌ പാര്‍ക്കിനും കുട്ടികളുടെ പാര്‍ക്കിനും പിന്നില്‍ മാത്രം. വളരെ പണ്ട് അവിടെ ആ പാര്‍ക്കുകള്‍ വന്നത് എത്ര നന്നായി എന്നാശ്വസിക്കാം. അല്ലെങ്കില്‍ അവിടത്തെ കായല്‍ കാഴ്ചയും ദീര്‍ഘ വീക്ഷണമില്ലാത്ത മനുഷ്യര്‍ കെട്ടിട സമുച്ചയങ്ങള്‍ പണിത് മറച്ചു കളഞ്ഞേനെ.


ഇത് ഒരു കൊച്ചിക്കാരിയുടെ ആത്മ രോദനം മാത്രമായി കാണേണ്ടതില്ല. പച്ചപ്പിന്റെ ജില്ലയായ കോട്ടയത്തിനും കടലിന്റെയും കായലിന്റെയും ജില്ലയായ ആലപ്പുഴയ്ക്കും കൊല്ലത്തിനും കോഴിക്കോടിനും ഒക്കെ കാണും സമാന കഥകള്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യവും അന്തരീക്ഷത്തില്‍ ചൂടു കൂടുന്നതിന്റെ കാരണമായി പറയുന്നുണ്ട്. കോണ്ക്രീറ്റ് കെട്ടിടങ്ങളില്‍ ഇരുന്നു ചൂടേറ്റ് വെന്തു പുളയുന്ന മനുഷ്യര്‍ അത് താങ്ങാനാവാതെ ശീതീകരണിയെ ആശ്രയിക്കുന്നു. ഓരോ ശീതീകരണിയും മുറി തണുപ്പിക്കുവാനായി പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കടുത്ത ചൂടു തന്നെയാണ് പ്രവഹിപ്പിക്കുന്നത്. കൂടാതെ റോഡുകളില്‍ വാഹങ്ങള്‍ ഏറിയതും ഇതിനു കാരണമായി. വാഹനങ്ങള്‍ പുറത്തേക്ക് വിടുന്ന ചൂടും പുകയും കുറച്ചൊന്നുമല്ല ഭൂമിയെ ചൂടു പിടിപ്പിക്കുന്നത്. ആധുനിക കാലത്തില്‍ ഇതൊക്കെ ഒഴിവാക്കി ഒരു വികസനം സാധ്യമല്ല താനും. നമുക്കെല്ലാവര്‍ക്കും നല്ല വീടുകള്‍ വേണ്ടേ..? സഞ്ചരിക്കാന്‍ ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം കാറുകള്‍ വേണ്ടേ..? വര്‍ഷങ്ങളായി പൊതു വാഹനത്തില്‍ സഞ്ചരിച്ചിട്ടില്ലാത്ത പലരെയും കണ്ടിട്ടുണ്ട്. 'ഹോ... ബസ്സ് കാത്തു നില്ക്കല്‍ പോലെ ഒരു നരകം..'എന്ന് ആത്മഗതം ചെയ്യുന്നവര്‍.

ചിലത് നഷ്ടപ്പെട്ടാലല്ലേ ചിലത് നേടുക. സുഖശീതളമായ നാടും ആധുനിക വല്ക്കരണവും ഒരിക്കലും ചേര്‍ന്ന് പോവുകയില്ല. നമുക്ക് കോണ്‍ക്രീറ്റിടാത്ത വീടോ എല്ലാവരും പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതോ ചിന്തിക്കാനാവില്ല. അത് കൊണ്ടു തന്നെ നമുക്ക് ഹൌ...എന്തൊരു ചൂട് “ എന്ന് പറഞ്ഞു കൊണ്ടു മഴക്കാലം വന്നാലും ആകാശത്തു ഉരുണ്ടു കൂടുവാന്‍ താമസിക്കുന്ന മഴ മേഘങ്ങളെ കാത്തിരിക്കാം.
(ചിത്രം ഗൂഗിളില്‍ നിന്നും)

Wednesday, March 19, 2014

ഭൂമിയുടെ അവകാശികള്‍


ഭൂമിയുടെ അവകാശികള്‍ എന്നു കേള്‍ക്കുമ്പോഴേ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ കഥയാണ് ഓര്‍മ്മ വരിക. സത്യത്തില്‍ ആരാണ് ഭൂമിയുടെ അവകാശികള്‍...? ഭൂമിയില്‍ ഉള്ളവര്‍ തന്നെ. അത് ആരൊക്കെ..? ഈ ഭൂമിയിലെ സകല ജീവ ജന്തുക്കളും.

ശാസ്ത്രം പറയുന്നത് പ്രകാരം മനുഷ്യന്‍ എന്ന ജീവി ഭൂമിയില്‍ ഏറ്റവും അവസാനമുണ്ടായതാണ്. ഏക കോശ ജീവിക്ക് പരിണാമം സംഭവിച്ച് പല കോശങ്ങളുള്ള ജീവികള്‍ ഉണ്ടായി, ഒടുവില്‍ അത് മനുഷ്യനില്‍ ചെന്നു നിന്നു. അങ്ങനെ രൂപ പരിണാമത്തിന്റെ അവസാനം ഉണ്ടായ ജീവി ഭൂമിയുടെ സര്‍വാധികാരവും കയ്യിലെടുത്തു. ഏറ്റവും അവസാനം വന്നവന്‍ കയ്യൂക്കിന്റെ‍ ബലത്തില്‍ ഒരിടത്തെ അധികാരം കൈവശപ്പെടുത്തി അത് സ്വന്തമായി അനുഭവിക്കാന്‍ തുടങ്ങി. അതോടെ ആരംഭിച്ചു ഭൂമിയിലെ മറ്റു ജീവികളുടെ കഷ്ടകാലം. ആദ്യ കാലത്ത് വന്യ ജീവികള്‍ക്കൊപ്പം കാട്ടില്‍ ജീവിച്ച മനുഷ്യന്‍ അവരെ സഹജീവികളായി കണ്ടിരിക്കാം. പിന്നീട് പലതും തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് മനസ്സിലായ മനുഷ്യന്‍ വന ജീവിതം വെടിഞ്ഞു. ശാസ്ത്രപുരോഗതിക്കൊപ്പം വളര്‍ന്ന അവന്‍ പണ്ടു കാട്ടില്‍ തനിക്കൊപ്പം കഴിഞ്ഞ പക്ഷി മൃഗാദികളെ പാടെ മറന്നു, അവരുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിച്ച് പുരോഗതിയുടെ കുതിച്ചു ചാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതോടെ ആരുടേതാണ് ഈ ഭൂമി എന്ന ചോദ്യവും ഉയര്‍ന്നു .

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസരിച്ചു എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണത്തിനു കൃഷിയിടം എന്ന ചിന്തയില്‍ ഭൂമിയില്‍ പലയിടത്തും പല തരത്തിലുള്ള കയ്യേറലുകള്‍ ഉണ്ടായി. തുടക്ക കാലത്ത് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇതാ,ആഗോള താപനം,കാലാവസ്ഥാ വ്യതിയാനം,പ്രകൃതിക്ഷോപങ്ങള്‍ തുടങ്ങിയ തിരിച്ചടിയിലൂടെ നാം ചില പുനര്‍ വിചിന്തനത്തിന് തയ്യാറാകുന്നു എന്നത് തികച്ചും ആശാവഹമായ ഒരു കാര്യം തന്നെയാണ്. മനുഷ്യര്‍ ഒറ്റക്കും കൂട്ടമായും അത് ഗൌരവത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ഭൂമിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടു വരാനാകും.

ഞാന്‍ താമസിക്കുന്ന നവി മുംബെ എന്ന് പറയുന്ന സ്ഥലം ഈ അടുത്ത കാലത്ത് വികസിച്ചു വന്ന സ്ഥലമാണ്. അത് കൊണ്ടു തന്നെ പരിസ്ഥിതിയെ അധികം നശിപ്പിക്കാതെയാണ് അതിന്റെ വികസനവും നടക്കുന്നത്. നഗരത്തിന്റെ നടുക്ക് റോഡിന്റെ ഒരു വശത്തായി ഏക്കറുകണക്കിനു പരന്നു കിടക്കുന്ന സെട്രല്‍ പാര്‍ക്കാണ് ഒരു പ്രധാന ആകര്‍ഷണം. മറുവശത്ത് അത്രയും തന്നെ വിശാലമായി കിടക്കുന്ന പച്ച വിരിച്ചു കിടക്കുന്ന ഗോള്ഫ് മൈതാനവും അതിന് പിന്നിലെ ചെറു മല നിരകളും. നമ്മുടെ പശ്ചിമ ഘട്ടത്തിന്റെ തുടച്ചര്‍യാണിത്. ചുറ്റിലും ആകശത്തേക്ക് നീളുന്ന വന്‍ കെട്ടിടങ്ങളുള്ള ഈ നഗരത്തില്‍ പാര്‍ക്കിനു ചുറ്റും കെട്ടിയിട്ടുള്ള നടപ്പാതയില്‍ പ്രഭാത സവരിക്കെത്തുന്ന നഗര വാസികളെ കണ്ടാല്‍ മതി പച്ചപ്പിനോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ആര്‍ത്തി മനസ്സിലാക്കാന്‍. ചിലര്‍ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് ആ പാര്‍ക്കിനു ചുറ്റുമുള്ള നടപ്പാതയില്‍ നടക്കാനെത്തുന്നത്!!!!! സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലെ ചെറു തടാകത്തിനുള്ളില്‍ നിറയെ മീനുകള്‍, ആ പരിസരം നിറയെ എത്ര ചെറു പക്ഷികള്‍,കൊറ്റികള്‍. എത്രയോ ചെറു ജീവികളുടെ ആവാസ വ്യവസ്ഥയായിക്കും ആ പാര്‍ക്കും ഗോള്ഫ് കോര്സും!!!! മഴക്കാലത്ത് ഗോള്ഫ് മൈതാനത്തിനു പിന്നെ മല നിരകളില്‍ ചെറിയൊരു വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടും. രണ്ടോ മൂന്നോ മാസം മാത്രം ഉണ്ടാകുന്ന ഈ അപൂര്‍വ കാഴ്ച കാണുവാന്‍ അവധി ദിവസങ്ങളില്‍ ജനങ്ങളുടെ വന്‍ കൂട്ടമാണ്. മുംബെ നഗര സഭക്ക് നന്ദി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞ് നഗരം എത്ര മുകളിലേക്ക് വളര്‍ന്നാലും ആ പച്ചപ്പ് അവിടെ കാണുമല്ലോ.

കഴിഞ്ഞ ദിവസം ഞാന്‍ പൂനെയിലുള്ള ഒരു ബന്ധു  വീട്ടില്‍ പോവുകയുണ്ടായി. അവിടെ അടുക്കള ജനാലക്കരികിലും ബാല്ക്കണിയിലും  ഓരോരോ പ്ലാസ്റ്റിക്‌ കുപ്പിയില്‍ ധാന്യം നിറച്ച് ഒരു ചരടില്‍ തൂക്കിയിരിക്കുന്നു. അവിടത്തെ ഗൃഹ നാഥയോട് എന്തിനാണിതെന്ന് കൌതുകത്തോടെ ആരാഞ്ഞപ്പോള്‍ ‘അത് കിളികള്‍ക്ക് കഴിക്കാന്‍’ എന്ന മറുപടി കിട്ടി. അപ്പോഴാണ്‌ ഞാന്‍ ആ കുപ്പി ശരിക്കും ശ്രദ്ധിച്ചത്. അതിനു കീഴ്ഭാഗത്തായി ഒരു ദ്വാരം ഇട്ടു ഒരു പിടിയുള്ള പ്ലാസ്റ്റിക്‌ സ്പൂണ്‍ ചരിച്ചു ഘടിപ്പിച്ചിട്ടുണ്ട്. സ്പൂണിന്റെ. പിടിക്ക് കുറച്ചു കുഴിവും ഉണ്ട്. പക്ഷികള്‍ സ്പൂണിലെ ധാന്യം കൊത്തി തിന്നുന്നതനുസരിച്ചു ചരിച്ചു പിടിപ്പിച്ചിരിക്കുന്ന സ്പൂണിലേക്ക് ധാന്യം വന്നു വീണു കൊള്ളും. കുപ്പിയുടെ അടിയില്‍ പക്ഷികള്‍ക്കിരിക്കാനായി ഒരു ചെറിയ തടിക്കഷണവും ഘടിപ്പിച്ചു വെച്ചിട്ടുണ്ട്. ഇന്റെര്‍ നെറ്റില്‍ നോക്കിയാണത്രേ ആ പെണ്കുട്ടി ഈ വിദ്യ മനസ്സിലാക്കിയെടുത്തത്. കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കള ജനലക്കരികില്‍ അനക്കം കേട്ട ഞാന്‍ കണ്ടു തടിക്കഷണത്തില്‍ വന്നിരുന്നു ധാന്യം കൊത്തിതിന്നുന്ന ചെറു പക്ഷികള്‍. അടുക്കള ഗ്രില്ലിലും അവര്‍ വന്നിരിപ്പുണ്ട്. ചിലപ്പോള്‍ ജനലിലൂടെ അകത്ത് കടന്നാലും അവളെ കാണുമ്പോള്‍ അവര്‍ പറന്നു വെളിയില്‍ പോയിക്കൊള്ളുമത്രേ.

വീട്ടില്‍ വന്നയുടനെ ഞാന്‍ ചെയ്ത ഒരു കാര്യം ഒരു പ്ലാസ്റ്റിക്ക് കുപ്പിയില്‍ അരിമണികള്‍ നിറച്ചു സ്പൂണ്‍ ഘടിപ്പിച്ച് വരാന്തയില്‍ തൂക്കിയിടുകയായിരുന്നു. എന്റെ വീട്ടില്‍ വരുന്ന എല്ലാവരും ചോദിക്കുന്നുണ്ട് എന്താ ഇതെന്ന്. അവരോടൊക്കെ പൂനയിലെ പെണ്കുട്ടിയുടെ വീട്ടില്‍ കണ്ട നന്മ പറയുന്നുമുണ്ട്. ഇവടെ മുംബെയില്‍ പല വീടുകളിലും വേനല്ക്കാലത്ത് ബാല്ക്കുണിയില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ വെക്കുന്നത് കണ്ടിട്ടുണ്ട്. വേനലില്‍ ദാഹിച്ചു വരളുന്ന തൊണ്ട മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത്.

കായിക താരം അഞ്ജു ബോബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. കര്‍ണ്ണാടക സംസ്ഥാനത്തു താമസിക്കുന്ന അവരുടെ വീടിനു പുറകിലെ രണ്ടു സപ്പോട്ട മരങ്ങളുള്ളതില്‍ ഒന്നില്‍ നിന്ന് മാത്രമേ അവര്‍ കായ്‌ പറിക്കാറുള്ളു എന്ന്. മരങ്ങളില്‍ ഒരെണ്ണം കിളികള്‍ക്കും അണ്ണാനുമായി മാറ്റി വെച്ചിരിക്കുകയാണ്. പ്രകൃതിയിലുള്ള ജീവ ജാലങ്ങളെക്കുറിച്ച് അത്ര വിശാലമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമാണ് അങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ കഴിയുക.
ആന്ധ്രാ സംസ്ഥാനത്തു കൂടെ ട്രെയിനില്‍ സഞ്ചരിചിട്ടുള്ളവര്‍ക്കറിയാം നല്ലൊരു ഭാഗം വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന അവിടത്തെ ഭൂമിയെപ്പറ്റി. ഏത്രയോ മണിക്കൂറുകളാണ് വരണ്ട പ്രദേശങ്ങളിലൂടെ തീവണ്ടി ഓടുന്നത്!!!!. ഇങ്ങനെ ഉള്ള ഒരിടം അയല്‍ ഗ്രാമീണരുടെ സഹായത്തോടു കൂടി കിണര്‍ കുഴിച്ചു ജലസേചനം ചെയ്ത് അവിടം ഒന്നാം തരം കൃഷി ഭൂമിയാക്കിമാറ്റിയ മലയാളി ദമ്പതിമാരെപറ്റി ഓര്‍ക്കുന്നു. ചെടികളും പൂക്കളും വിളകളും ആയപ്പോള്‍ വരണ്ടുണങ്ങി കിടന്നിരുന്ന ആ പ്രദേശത്ത് കിളികളും പൂമ്പാറ്റകളും വന്നു തുടങ്ങി എന്ന് എത്ര ആഹ്ലാദത്തോടെയാണ് അവര്‍ പറഞ്ഞത്.

നമ്മള്‍ തീര്ച്ചയായും മറ്റുള്ളവരുമായി പങ്കു വെക്കേണ്ടതാണ്  നന്മയുടെ ഈ ചെറിയ പൊട്ടുകള്‍. പ്രകൃതി വിഭവങ്ങളും അതിലെ ജീവ ജാലങ്ങളും സരക്ഷിക്കപ്പെടെണ്ടതാണെന്ന അവബോധം നാം സമൂഹത്തിനുണ്ടാക്കിക്കൊടുക്കേണ്ട കാലം എപ്പോഴേ കഴിഞ്ഞു. ഒട്ടു മിക്ക മനുഷ്യരിലും അവബോധത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെയുള്ള പിഴവുകള്‍ സംഭവിക്കുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ധനം എത്ര സൂഷ്മതയോടെയാണ് നാം ചിലവാക്കുന്നത്. ഇന്ന് ഞാന്‍ മൊത്തമായി തീര്‍ത്താല്‍ നാളെ എനിക്ക് ഉണ്ടാകില്ല എന്ന് ഏതു മനുഷ്യനും അറിയാം. അത് പോലെ തന്നെയാണ് പ്രകൃതി എത്രയോ കാലമായി സൊരുക്കൂടിയ വിഭവങ്ങള്‍ ഒറ്റയടിക്ക് ഉപയോഗിച്ച് തീര്‍ക്കുകന്ന നാം ചെയ്യുന്നത് വരുവാനിരിക്കുന്ന തലമുറയോടു ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാണ്. നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും തീര്‍ന്നു പോയതിനെക്കുറിച്ചും വിലപിക്കാതെ നമ്മുടെ മുന്നില്‍ കിടക്കുന്ന അവസരങ്ങളെ നന്നായി വിനിയോഗിച്ചാല്‍ കുറച്ചെങ്കിലും നമുക്ക് തിരിച്ചു പിടിക്കാനാവും. മേല്‍പ്പറഞ്ഞതു പോലുള്ള നന്മയുടെ പൊട്ടുകള്‍ കൊണ്ടു നമുക്ക് ഈ ഭൂമിയെ നിറക്കാം. അതിനായി നമുക്ക് നമ്മുടെ മനസ്സുകളെ ആദ്രമാക്കാം. ഭൂമി എന്നത് മനുഷ്യന്റെ മാത്രം കുത്തകയല്ലെന്നും നമ്മുടെ പുഴകള്‍ക്കും കാടുകള്‍ക്കും മലകള്‍ക്കും അനേകം അവകാശികള്‍ ഉണ്ടെന്നും ആ അവകാശികളുടെ പരമ്പര ഇനിയും വരാനിരിക്കുന്ന എല്ലാത്തരം ജീവജാലങ്ങളുടെയും തലമുറ കൂടിയാണെന്നും അവയെ സംരക്ഷിക്കെണ്ടവര്‍ നമ്മള്‍ തന്നെയാണെന്നും എന്നതാകട്ടെ നമ്മുടെ പുതിയ ചിന്ത,ഉണര്‍ത്തു പാട്ട്.

(ചിത്രം ഗൂഗിളില്‍ നിന്നും)