Sunday, April 27, 2014

ഹൌ....എന്തൊരു ചൂട്

 വേനല്ക്കാലമാകുന്നതോടെ നമ്മള്‍ കുറച്ചു കൊല്ലങ്ങളായി കേള്‍ക്കുന്നതാണ് സൂര്യാഘാതം എന്ന വാക്ക്. വേനല്‍ കടുക്കുമ്പോള്‍ സൂര്യാഘാതത്തിനു സാധ്യത ഏറുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്ക്ക് ശക്തിയേറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും ഇതിനുള്ള സാധ്യതയും ഏറുന്നു. എന്തേ നമ്മള്‍ കുറച്ചു കാലമായി മാത്രം കേള്‍ക്കുന്ന വാക്കാണ്‌ എന്ന് ഈ സൂര്യാഘാതത്തെ പറയുവാന്‍ കാരണം. മുമ്പും ഇതുണ്ടായിരുന്നു. പക്ഷെ അത് കേരളത്തില്‍ ആയിരുന്നില്ല എന്ന് മാത്രം. അത്യുഷ്ണമുള്ള രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വളരെ സാധാരണമാണ് ഈ സൂര്യാഘാതം. ഇത് കൂടാതെ “ലൂ” എന്ന ചൂടു കാറ്റും അവിടെയുണ്ട്. ശീലമായതു കൊണ്ടു വേനല്‍ വരുമ്പോഴേ അവര്‍ക്കറിയാം അതിന്റെ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടണം എന്ന്. അവിടെ വെയിലില്‍ ജോലി ചെയ്യുന്നവര്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ കൈ കാലുകള്‍ മറച്ചുള്ള മുഴു നീള വസ്ത്രങ്ങള്‍ ധരിക്കുന്നു, പച്ചമാങ്ങയുടെയും മോരിന്റെയും വെള്ളം ധാരാളം കുടിക്കുന്നു. ഇത് കേട്ടു കേള്‍വി പോലുമില്ലാത്ത പാവം മലയാളി വേനല്‍ക്കാലങ്ങളില്‍ പൊരി വെയിലില്‍ പണിത് സൂര്യന്റെ ആഘാതം നേരെ എറ്റു വാങ്ങുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും നിഷ്കര്‍ഷ വന്നിരിക്കുന്നു ഉച്ച നേരത്തെ ഇടവേള ദീര്‍ഘിപ്പിക്കുവാനായി. കടുത്ത ചൂടുള്ള സമയത്ത് വിശ്രമം കൊടുത്തു അതിരാവിലെയും സായാഹ്നങ്ങളിലും ജോലിയെടുക്കുന്ന രീതിയാണ് വടക്കെ ഇന്ത്യയില്‍ വേനല്‍ക്കാലത്തുള്ളത്. ആഗോള താപനമാണ് സൂര്യാഘാതത്തിനു ഹേതു എന്ന് പറയുന്നുണ്ട്. എങ്കിലും നമ്മുടെ കേരളം ഇങ്ങനെ ചുട്ടു പഴുത്തു പോകുവാന്‍ ഒരു കാരണം നമ്മുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ്. ഞാന്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ പാലക്കാട്ടും തിരുവനന്തപുരത്തും താമസിച്ചിട്ടുണ്ട്. ഈ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് തമിഴ്‌നാടുമായി കാര്യമായ വ്യത്യാസം ഇല്ല. തമിഴ്‌ നാട്ടിലെപ്പോലെ മഴമുള്ളും കരിമ്പനയും നിറഞ്ഞ സ്ഥലങ്ങള്‍. മറ്റു ജില്ലകളേക്കാള്‍ മഴ കുറവാണവിടെ. അത് കൊണ്ടു തന്നെ ചൂടും ഏറും. അപ്പോഴൊക്കെ എറണാകുളം ജില്ലക്കരിയായ ഞാന്‍ അവരോടു പറയുമായിരുന്നു 'ഇവിടെ ചൂടു കൂടുതലാണ് കൊച്ചി നല്ല മഴയുള്ള നാടാണ്' എന്നൊക്കെ. പക്ഷെ ഇപ്പോള്‍ കുറേ കൊല്ലങ്ങളായി കൊച്ചിയും മറ്റു ജില്ലകളും തിരുവന്തപുരമോ പാലക്കാടെന്നോ വ്യത്യാസമില്ലാതെ ചുട്ടു പൊള്ളുകയാണ്. പകല്‍ മനുഷ്യര്‍ പുറത്തിറങ്ങുവാന്‍ ഭയക്കുന്നു.

വേമ്പനാട്ടു കായലിന്റെ സുഖ ശീതളമായ കാറ്റേറ്റ്‌ കിടന്നിരുന്ന നഗരമായിരുന്നു കൊച്ചി. ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അസുഖം വന്നാല്‍ കലൂരുള്ള 'ലിസി' ആശുപത്രിയിലാണ് കൊണ്ടു പോയിരുന്നത്. അസുഖം വന്നതിന്റെ വിഷമമെല്ലാം “വാ.. ലിസീപ്പോകാം” എന്ന് കേള്‍ക്കുകമ്പോഴേ തീരും. ‘മേനക’ വഴി പോകുന്ന ബസ്സിന്റെ സൈഡ് സീറ്റ് കൂടി കിട്ടിയാല്‍ പിന്നെ എല്ലാം പൂര്‍ത്തിയായി. 'ജോസ്‌ ജങ്ഷന്‍' കഴിയുമ്പോഴേ ഉത്സാഹത്തോടെ പുറത്തേക്ക് നോക്കിയിരിക്കും. അവിടം തൊട്ടു കായല്‍ കാഴ്ച തുടങ്ങുകയായി. നിറയെ പച്ച പുല്ലുകള്‍ നിറഞ്ഞു തണല്‍ മരങ്ങളുടെ ശീതളതയില്‍ കായലിനഭിമുഖമായി നില്ക്കുന്ന മഹാരാജാവിന്റെ പ്രതിമയുള്ള രാജേന്ദ്ര മൈതാനി, പൂമരങ്ങള്‍ തണല്‍ വിരിച്ച സുഭാഷ്‌ ബോസ് പാര്‍ക്ക് , അതിനോടു ചേര്‍ന്ന് വിവിധ തരത്തിലെ ഊഞ്ഞാലുകളുള്ള ചില്‍ഡ്രന്‍സ്‍ പാര്‍ക്ക്, ഇതെല്ലാം കായല്‍ക്കരയില്‍ തന്നെ. പിന്നെ പിന്നീടങ്ങോട്ട്‌ കണ്മുന്നില്‍ കായല്‍ മാത്രം. അതില്‍ വേഗത്തില്‍ നീങ്ങുന്ന തിരകളെ കീറി മുറിച്ചു കൊണ്ടു വൈപ്പിന്‍ കരയിലേക്കും കണ്ണമാലിയിലേക്കും ബോള്‍ഗാട്ടിയിലേക്കും നീങ്ങുന്ന യന്ത്ര ബോട്ടുകള്‍. ഇവക്കിടെ മീന്‍ പിടുത്തക്കാരുടെ ചെറു വള്ളങ്ങളും. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട മനോഹര ദ്വീപായ ബോള്‍ഗാട്ടി നഗരത്തില്‍ നിന്ന് തന്നെ കാണാം. നഗര ഹൃദയത്തിലേക്ക്‌ സുഖമുള്ള കാറ്റ് വീശിയടിച്ചു കൊണ്ടിരിക്കും. അങ്ങ് ദൂരെ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകള്‍. സായാഹ്നങ്ങളിലാണ് ഈ യാത്ര ചെയ്യുന്നതെങ്ങില്‍ വെള്ളത്തിന് രക്തവര്‍ണ്ണം ചാര്‍ത്തി കടും ചുവപ്പ് നിറത്തില്‍ ചായുന്ന സൂര്യന്‍. നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകള്‍ വിളക്കുകള്‍ തെളിഞ്ഞു കടല്‍ കൊട്ടാരങ്ങള്‍ പോലെ.

പക്ഷേ ഇതെല്ലാം പഴങ്കഥകള്‍ . ഇപ്പോള്‍ കൊച്ചിയില്‍ പോകുന്ന ഒരാള്‍ ഈ കാഴ്ചകള്‍ കാണണം എന്ന് വ്യാമോഹിക്കരുത്. ഒരു വശം കായലും മറു വശം കെട്ടിടങ്ങളും ഉണ്ടായിരുന്ന കൊച്ചി നഗരം ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം. കൊച്ചി നഗരത്തെ തണുപ്പിച്ചു കൊണ്ടിരുന്ന ആ കായലിനു മുന്നില്‍ അംബര ചുംബികളായ ഷോപ്പിംഗ്‌ മാളുകളും ഓഫീസ് കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിത് ആ മോനോഹര കാഴ്ച നമ്മില്‍ നിന്ന് മറച്ചു കളഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആ കായല്‍ കാറ്റിന്റെയും ദൃശ്യങ്ങളുടെയും ഉടമസ്ഥര്‍ കായലിനഭിമുഖമായി പണിത കെട്ടിടങ്ങളിലിരിക്കുന്നവരാണ്. അല്ലാതെ അത് നഗരത്തിന്റെ പൊതു കാഴ്ചകള്‍ അല്ല. ‘കായല്‍ കണ്ടുണരാം കായല്‍ കാറ്റേറ്റു ബാല്ക്കിണിയില്‍ ഇരുന്നു ചായ കുടിക്കാം’ എന്നൊക്കെ ഭംഗിയുള്ള വാക്കുകളാല്‍ അലങ്കൃതമായി ആ കെട്ടിട സമുച്ചയങ്ങള്‍ . ഇപ്പോള്‍ കായല്‍ കാഴ്ചയില്‍ വരുന്നത് സുഭാഷ്‌ പാര്‍ക്കിനും കുട്ടികളുടെ പാര്‍ക്കിനും പിന്നില്‍ മാത്രം. വളരെ പണ്ട് അവിടെ ആ പാര്‍ക്കുകള്‍ വന്നത് എത്ര നന്നായി എന്നാശ്വസിക്കാം. അല്ലെങ്കില്‍ അവിടത്തെ കായല്‍ കാഴ്ചയും ദീര്‍ഘ വീക്ഷണമില്ലാത്ത മനുഷ്യര്‍ കെട്ടിട സമുച്ചയങ്ങള്‍ പണിത് മറച്ചു കളഞ്ഞേനെ.


ഇത് ഒരു കൊച്ചിക്കാരിയുടെ ആത്മ രോദനം മാത്രമായി കാണേണ്ടതില്ല. പച്ചപ്പിന്റെ ജില്ലയായ കോട്ടയത്തിനും കടലിന്റെയും കായലിന്റെയും ജില്ലയായ ആലപ്പുഴയ്ക്കും കൊല്ലത്തിനും കോഴിക്കോടിനും ഒക്കെ കാണും സമാന കഥകള്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യവും അന്തരീക്ഷത്തില്‍ ചൂടു കൂടുന്നതിന്റെ കാരണമായി പറയുന്നുണ്ട്. കോണ്ക്രീറ്റ് കെട്ടിടങ്ങളില്‍ ഇരുന്നു ചൂടേറ്റ് വെന്തു പുളയുന്ന മനുഷ്യര്‍ അത് താങ്ങാനാവാതെ ശീതീകരണിയെ ആശ്രയിക്കുന്നു. ഓരോ ശീതീകരണിയും മുറി തണുപ്പിക്കുവാനായി പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കടുത്ത ചൂടു തന്നെയാണ് പ്രവഹിപ്പിക്കുന്നത്. കൂടാതെ റോഡുകളില്‍ വാഹങ്ങള്‍ ഏറിയതും ഇതിനു കാരണമായി. വാഹനങ്ങള്‍ പുറത്തേക്ക് വിടുന്ന ചൂടും പുകയും കുറച്ചൊന്നുമല്ല ഭൂമിയെ ചൂടു പിടിപ്പിക്കുന്നത്. ആധുനിക കാലത്തില്‍ ഇതൊക്കെ ഒഴിവാക്കി ഒരു വികസനം സാധ്യമല്ല താനും. നമുക്കെല്ലാവര്‍ക്കും നല്ല വീടുകള്‍ വേണ്ടേ..? സഞ്ചരിക്കാന്‍ ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം കാറുകള്‍ വേണ്ടേ..? വര്‍ഷങ്ങളായി പൊതു വാഹനത്തില്‍ സഞ്ചരിച്ചിട്ടില്ലാത്ത പലരെയും കണ്ടിട്ടുണ്ട്. 'ഹോ... ബസ്സ് കാത്തു നില്ക്കല്‍ പോലെ ഒരു നരകം..'എന്ന് ആത്മഗതം ചെയ്യുന്നവര്‍.

ചിലത് നഷ്ടപ്പെട്ടാലല്ലേ ചിലത് നേടുക. സുഖശീതളമായ നാടും ആധുനിക വല്ക്കരണവും ഒരിക്കലും ചേര്‍ന്ന് പോവുകയില്ല. നമുക്ക് കോണ്‍ക്രീറ്റിടാത്ത വീടോ എല്ലാവരും പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതോ ചിന്തിക്കാനാവില്ല. അത് കൊണ്ടു തന്നെ നമുക്ക് ഹൌ...എന്തൊരു ചൂട് “ എന്ന് പറഞ്ഞു കൊണ്ടു മഴക്കാലം വന്നാലും ആകാശത്തു ഉരുണ്ടു കൂടുവാന്‍ താമസിക്കുന്ന മഴ മേഘങ്ങളെ കാത്തിരിക്കാം.
(ചിത്രം ഗൂഗിളില്‍ നിന്നും)