ശാസ്ത്രം പറയുന്നത് പ്രകാരം മനുഷ്യന്‍ എന്ന ജീവി ഭൂമിയില്‍ ഏറ്റവും അവസാനമുണ്ടായതാണ്. ഏക കോശ ജീവിക്ക് പരിണാമം സംഭവിച്ച് പല കോശങ്ങളുള്ള ജീവികള്‍ ഉണ്ടായി, ഒടുവില്‍ അത് മനുഷ്യനില്‍ ചെന്നു നിന്നു. അങ്ങനെ രൂപ പരിണാമത്തിന്റെ അവസാനം ഉണ്ടായ ജീവി ഭൂമിയുടെ സര്‍വാധികാരവും കയ്യിലെടുത്തു. ഏറ്റവും അവസാനം വന്നവന്‍ കയ്യൂക്കിന്റെ ബലത്തില്‍ ഒരിടത്തെ അധികാരം കൈവശപ്പെടുത്തി അത് സ്വന്തമായി അനുഭവിക്കാന്‍ തുടങ്ങി. അതോടെ ആരംഭിച്ചു ഭൂമിയിലെ മറ്റു ജീവികളുടെ കഷ്ടകാലം. ആദ്യ കാലത്ത് വന്യ ജീവികള്‍ക്കൊപ്പം കാട്ടില്‍ ജീവിച്ച മനുഷ്യന്‍ അവരെ സഹജീവികളായി കണ്ടിരിക്കാം. പിന്നീട് പലതും തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് മനസ്സിലായ മനുഷ്യന്‍ വന ജീവിതം വെടിഞ്ഞു. ശാസ്ത്രപുരോഗതിക്കൊപ്പം വളര്‍ന്ന അവന്‍ പണ്ടു കാട്ടില്‍ തനിക്കൊപ്പം കഴിഞ്ഞ പക്ഷി മൃഗാദികളെ പാടെ മറന്നു, അവരുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിച്ച് പുരോഗതിയുടെ കുതിച്ചു ചാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതോടെ ആരുടേതാണ് ഈ ഭൂമി എന്ന ചോദ്യവും ഉയര്‍ന്നു .
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസരിച്ചു എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണത്തിനു കൃഷിയിടം എന്ന ചിന്തയില്‍ ഭൂമിയില്‍ പലയിടത്തും പല തരത്തിലുള്ള കയ്യേറലുകള്‍ ഉണ്ടായി. തുടക്ക കാലത്ത് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇതാ,ആഗോള താപനം,കാലാവസ്ഥാ വ്യതിയാനം,പ്രകൃതിക്ഷോപങ്ങള്‍ തുടങ്ങിയ തിരിച്ചടിയിലൂടെ നാം ചില പുനര്‍ വിചിന്തനത്തിന് തയ്യാറാകുന്നു എന്നത് തികച്ചും ആശാവഹമായ ഒരു കാര്യം തന്നെയാണ്. മനുഷ്യര്‍ ഒറ്റക്കും കൂട്ടമായും അത് ഗൌരവത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ഭൂമിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടു വരാനാകും.
ഞാന്‍ താമസിക്കുന്ന നവി മുംബെ എന്ന് പറയുന്ന സ്ഥലം ഈ അടുത്ത കാലത്ത് വികസിച്ചു വന്ന സ്ഥലമാണ്. അത് കൊണ്ടു തന്നെ പരിസ്ഥിതിയെ അധികം നശിപ്പിക്കാതെയാണ് അതിന്റെ വികസനവും നടക്കുന്നത്. നഗരത്തിന്റെ നടുക്ക് റോഡിന്റെ ഒരു വശത്തായി ഏക്കറുകണക്കിനു പരന്നു കിടക്കുന്ന സെട്രല്‍ പാര്‍ക്കാണ് ഒരു പ്രധാന ആകര്‍ഷണം. മറുവശത്ത് അത്രയും തന്നെ വിശാലമായി കിടക്കുന്ന പച്ച വിരിച്ചു കിടക്കുന്ന ഗോള്ഫ് മൈതാനവും അതിന് പിന്നിലെ ചെറു മല നിരകളും. നമ്മുടെ പശ്ചിമ ഘട്ടത്തിന്റെ തുടച്ചര്‍യാണിത്. ചുറ്റിലും ആകശത്തേക്ക് നീളുന്ന വന്‍ കെട്ടിടങ്ങളുള്ള ഈ നഗരത്തില്‍ പാര്‍ക്കിനു ചുറ്റും കെട്ടിയിട്ടുള്ള നടപ്പാതയില്‍ പ്രഭാത സവരിക്കെത്തുന്ന നഗര വാസികളെ കണ്ടാല്‍ മതി പച്ചപ്പിനോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ആര്‍ത്തി മനസ്സിലാക്കാന്‍. ചിലര്‍ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് ആ പാര്‍ക്കിനു ചുറ്റുമുള്ള നടപ്പാതയില്‍ നടക്കാനെത്തുന്നത്!!!!! സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലെ ചെറു തടാകത്തിനുള്ളില്‍ നിറയെ മീനുകള്‍, ആ പരിസരം നിറയെ എത്ര ചെറു പക്ഷികള്‍,കൊറ്റികള്‍. എത്രയോ ചെറു ജീവികളുടെ ആവാസ വ്യവസ്ഥയായിക്കും ആ പാര്‍ക്കും ഗോള്ഫ് കോര്സും!!!! മഴക്കാലത്ത് ഗോള്ഫ് മൈതാനത്തിനു പിന്നെ മല നിരകളില്‍ ചെറിയൊരു വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടും. രണ്ടോ മൂന്നോ മാസം മാത്രം ഉണ്ടാകുന്ന ഈ അപൂര്‍വ കാഴ്ച കാണുവാന്‍ അവധി ദിവസങ്ങളില്‍ ജനങ്ങളുടെ വന്‍ കൂട്ടമാണ്. മുംബെ നഗര സഭക്ക് നന്ദി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞ് നഗരം എത്ര മുകളിലേക്ക് വളര്‍ന്നാലും ആ പച്ചപ്പ് അവിടെ കാണുമല്ലോ.
കഴിഞ്ഞ ദിവസം ഞാന്‍ പൂനെയിലുള്ള ഒരു ബന്ധു വീട്ടില്‍ പോവുകയുണ്ടായി. അവിടെ അടുക്കള ജനാലക്കരികിലും ബാല്ക്കണിയിലും ഓരോരോ പ്ലാസ്റ്റിക് കുപ്പിയില്‍ ധാന്യം നിറച്ച് ഒരു ചരടില്‍ തൂക്കിയിരിക്കുന്നു. അവിടത്തെ ഗൃഹ നാഥയോട് എന്തിനാണിതെന്ന് കൌതുകത്തോടെ ആരാഞ്ഞപ്പോള്‍ ‘അത് കിളികള്‍ക്ക് കഴിക്കാന്‍’ എന്ന മറുപടി കിട്ടി. അപ്പോഴാണ് ഞാന്‍ ആ കുപ്പി ശരിക്കും ശ്രദ്ധിച്ചത്. അതിനു കീഴ്ഭാഗത്തായി ഒരു ദ്വാരം ഇട്ടു ഒരു പിടിയുള്ള പ്ലാസ്റ്റിക് സ്പൂണ്‍ ചരിച്ചു ഘടിപ്പിച്ചിട്ടുണ്ട്. സ്പൂണിന്റെ. പിടിക്ക് കുറച്ചു കുഴിവും ഉണ്ട്. പക്ഷികള്‍ സ്പൂണിലെ ധാന്യം കൊത്തി തിന്നുന്നതനുസരിച്ചു ചരിച്ചു പിടിപ്പിച്ചിരിക്കുന്ന സ്പൂണിലേക്ക് ധാന്യം വന്നു വീണു കൊള്ളും. കുപ്പിയുടെ അടിയില്‍ പക്ഷികള്‍ക്കിരിക്കാനായി ഒരു ചെറിയ തടിക്കഷണവും ഘടിപ്പിച്ചു വെച്ചിട്ടുണ്ട്. ഇന്റെര്‍ നെറ്റില്‍ നോക്കിയാണത്രേ ആ പെണ്കുട്ടി ഈ വിദ്യ മനസ്സിലാക്കിയെടുത്തത്. കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കള ജനലക്കരികില്‍ അനക്കം കേട്ട ഞാന്‍ കണ്ടു തടിക്കഷണത്തില്‍ വന്നിരുന്നു ധാന്യം കൊത്തിതിന്നുന്ന ചെറു പക്ഷികള്‍. അടുക്കള ഗ്രില്ലിലും അവര്‍ വന്നിരിപ്പുണ്ട്. ചിലപ്പോള്‍ ജനലിലൂടെ അകത്ത് കടന്നാലും അവളെ കാണുമ്പോള്‍ അവര്‍ പറന്നു വെളിയില്‍ പോയിക്കൊള്ളുമത്രേ.
വീട്ടില്‍ വന്നയുടനെ ഞാന്‍ ചെയ്ത ഒരു കാര്യം ഒരു പ്ലാസ്റ്റിക്ക് കുപ്പിയില്‍ അരിമണികള്‍ നിറച്ചു സ്പൂണ്‍ ഘടിപ്പിച്ച് വരാന്തയില്‍ തൂക്കിയിടുകയായിരുന്നു. എന്റെ വീട്ടില്‍ വരുന്ന എല്ലാവരും ചോദിക്കുന്നുണ്ട് എന്താ ഇതെന്ന്. അവരോടൊക്കെ പൂനയിലെ പെണ്കുട്ടിയുടെ വീട്ടില്‍ കണ്ട നന്മ പറയുന്നുമുണ്ട്. ഇവടെ മുംബെയില്‍ പല വീടുകളിലും വേനല്ക്കാലത്ത് ബാല്ക്കുണിയില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ വെക്കുന്നത് കണ്ടിട്ടുണ്ട്. വേനലില്‍ ദാഹിച്ചു വരളുന്ന തൊണ്ട മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത്.
കായിക താരം അഞ്ജു ബോബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. കര്‍ണ്ണാടക സംസ്ഥാനത്തു താമസിക്കുന്ന അവരുടെ വീടിനു പുറകിലെ രണ്ടു സപ്പോട്ട മരങ്ങളുള്ളതില്‍ ഒന്നില്‍ നിന്ന് മാത്രമേ അവര്‍ കായ് പറിക്കാറുള്ളു എന്ന്. മരങ്ങളില്‍ ഒരെണ്ണം കിളികള്‍ക്കും അണ്ണാനുമായി മാറ്റി വെച്ചിരിക്കുകയാണ്. പ്രകൃതിയിലുള്ള ജീവ ജാലങ്ങളെക്കുറിച്ച് അത്ര വിശാലമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമാണ് അങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ കഴിയുക.
ആന്ധ്രാ സംസ്ഥാനത്തു കൂടെ ട്രെയിനില്‍ സഞ്ചരിചിട്ടുള്ളവര്‍ക്കറിയാം നല്ലൊരു ഭാഗം വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന അവിടത്തെ ഭൂമിയെപ്പറ്റി. ഏത്രയോ മണിക്കൂറുകളാണ് വരണ്ട പ്രദേശങ്ങളിലൂടെ തീവണ്ടി ഓടുന്നത്!!!!. ഇങ്ങനെ ഉള്ള ഒരിടം അയല്‍ ഗ്രാമീണരുടെ സഹായത്തോടു കൂടി കിണര്‍ കുഴിച്ചു ജലസേചനം ചെയ്ത് അവിടം ഒന്നാം തരം കൃഷി ഭൂമിയാക്കിമാറ്റിയ മലയാളി ദമ്പതിമാരെപറ്റി ഓര്‍ക്കുന്നു. ചെടികളും പൂക്കളും വിളകളും ആയപ്പോള്‍ വരണ്ടുണങ്ങി കിടന്നിരുന്ന ആ പ്രദേശത്ത് കിളികളും പൂമ്പാറ്റകളും വന്നു തുടങ്ങി എന്ന് എത്ര ആഹ്ലാദത്തോടെയാണ് അവര്‍ പറഞ്ഞത്.
നമ്മള്‍ തീര്ച്ചയായും മറ്റുള്ളവരുമായി പങ്കു വെക്കേണ്ടതാണ് നന്മയുടെ ഈ ചെറിയ പൊട്ടുകള്‍. പ്രകൃതി വിഭവങ്ങളും അതിലെ ജീവ ജാലങ്ങളും സരക്ഷിക്കപ്പെടെണ്ടതാണെന്ന അവബോധം നാം സമൂഹത്തിനുണ്ടാക്കിക്കൊടുക്കേണ്ട കാലം എപ്പോഴേ കഴിഞ്ഞു. ഒട്ടു മിക്ക മനുഷ്യരിലും അവബോധത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെയുള്ള പിഴവുകള്‍ സംഭവിക്കുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ധനം എത്ര സൂഷ്മതയോടെയാണ് നാം ചിലവാക്കുന്നത്. ഇന്ന് ഞാന്‍ മൊത്തമായി തീര്‍ത്താല്‍ നാളെ എനിക്ക് ഉണ്ടാകില്ല എന്ന് ഏതു മനുഷ്യനും അറിയാം. അത് പോലെ തന്നെയാണ് പ്രകൃതി എത്രയോ കാലമായി സൊരുക്കൂടിയ വിഭവങ്ങള്‍ ഒറ്റയടിക്ക് ഉപയോഗിച്ച് തീര്‍ക്കുകന്ന നാം ചെയ്യുന്നത് വരുവാനിരിക്കുന്ന തലമുറയോടു ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാണ്. നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും തീര്‍ന്നു പോയതിനെക്കുറിച്ചും വിലപിക്കാതെ നമ്മുടെ മുന്നില്‍ കിടക്കുന്ന അവസരങ്ങളെ നന്നായി വിനിയോഗിച്ചാല്‍ കുറച്ചെങ്കിലും നമുക്ക് തിരിച്ചു പിടിക്കാനാവും. മേല്‍പ്പറഞ്ഞതു പോലുള്ള നന്മയുടെ പൊട്ടുകള്‍ കൊണ്ടു നമുക്ക് ഈ ഭൂമിയെ നിറക്കാം. അതിനായി നമുക്ക് നമ്മുടെ മനസ്സുകളെ ആദ്രമാക്കാം. ഭൂമി എന്നത് മനുഷ്യന്റെ മാത്രം കുത്തകയല്ലെന്നും നമ്മുടെ പുഴകള്‍ക്കും കാടുകള്‍ക്കും മലകള്‍ക്കും അനേകം അവകാശികള്‍ ഉണ്ടെന്നും ആ അവകാശികളുടെ പരമ്പര ഇനിയും വരാനിരിക്കുന്ന എല്ലാത്തരം ജീവജാലങ്ങളുടെയും തലമുറ കൂടിയാണെന്നും അവയെ സംരക്ഷിക്കെണ്ടവര്‍ നമ്മള്‍ തന്നെയാണെന്നും എന്നതാകട്ടെ നമ്മുടെ പുതിയ ചിന്ത,ഉണര്‍ത്തു പാട്ട്.
(ചിത്രം ഗൂഗിളില്‍ നിന്നും)