Monday, March 18, 2013

തീയില്‍ വളര്‍ന്നവള്‍


സഞ്ജുക്ത നന്ദയെ പരിചയപ്പെടുന്നതിനു മുന്‍പേ ഞാന്‍ പരിചയപ്പെട്ടത് അവളുടെ ഭര്‍ത്താവ് സുദര്‍ശന്‍ നന്ദയെയെയാണ്. സംസാരത്തിനിടെ ഭാര്യ ഒരു ‘കാന്‍സര്‍ സര്‍വൈവര്‍’ ആണെന്ന് അയാള്‍ പറഞ്ഞിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞു ഒരു ഒത്തുകൂടല്‍ വേളയിലാണ് ഞാന്‍ സഞ്ജുക്തയെ കണ്ടത്. കഠിനമായ ക്യാന്‍സര്‍ ചികില്‍സ മൂലം അവളുടെ മുടിക്ക് തീരെ കനമുണ്ടായിരുന്നില്ല. ശരീരത്തിനു ഉള്ളതിലും അധികം പ്രായം തോന്നിക്കുന്നുമുണ്ട്. എങ്കിലും വളരെ പ്രസരിപ്പുള്ള ഒരു സ്ത്രീ. സ്നേഹത്തോടെ വാതോരാതെ സംസാരിക്കുന്ന പ്രകൃതം.

പിന്നെയും പല പ്രാവശ്യമായി ഓരോരോ അവസരങ്ങളില്‍ ഞങ്ങള്‍ കണ്ടു മുട്ടി. ഈ സമയത്തൊന്നും ഞാന്‍ അവളോടു രോഗത്തെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല. പല ഇടവേളകളിലായി ഇടത്തെ മാറിടത്തില്‍ രോഗ ലക്ഷണം വന്നതിനെക്കുറിച്ചും ചികില്‍സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവള്‍ തന്നെ എന്നോടു പറഞ്ഞു. ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടം എത്തിയിരുന്നു എങ്കിലും  നവീന രീതിയിലുള്ള ചികില്‍സ കിട്ടിയത് കൊണ്ടു മാറിടം മുറിച്ചു മാറ്റാതെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ മാത്രം എടുത്തു കളയുന്ന ചികില്‍സയാണ് അവള്‍ക്കു ചെയ്തത്.

രോഗം എന്തെന്ന് വ്യക്തമായതോടെ ”മാറിടം അങ്ങ് മുറിച്ചു മാറ്റിയേക്കു, എന്റെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും എന്നെ വേണം ” എന്ന്‍ അവള്‍ ഡോക്ടറോട് കൂസലില്ലാതെ പറഞ്ഞത്രേ. ഇങ്ങനെ ഒരു രോഗിയെ ആദ്യമായാണ്‌ കാണുന്നതെന്നാണ് മുംബൈ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാര്‍ അവളോടു പറഞ്ഞത്. സാധാരാണ സ്ത്രീകള്‍ ഇങ്ങനെ ഒരു രോഗം എന്ന് കേള്‍ക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് അവര്‍ എത്ര കണ്ടിരിക്കണം !!!!

ഓപ്പറേഷനും തുടര്‍ന്നുള്ള ചികിത്സയിലും അവള്‍ ആശുപത്രിക്കാരെ അത്ഭുതപ്പെടുത്തി. കീമോ തെറാപ്പി വരെയേ അവളുടെ ഭര്‍ത്താവിനു ലീവ് ലഭിച്ചിരുന്നുള്ളൂ. അപ്പോഴേക്കും അയാളുടെ മാസങ്ങള്‍ നീണ്ട അവധി അവസാനിച്ചിരുന്നു. തുടര്‍ന്നു വരുന്ന മുപ്പത്തഞ്ചു ദിവസത്തെ റേഷഡിയേഷനു വേണ്ടി മുംബെയിലെ വൈകുന്നേരങ്ങളിലെ തിരക്കില്‍ രണ്ടു ലോക്കല്‍ ട്രെയിനുകള്‍ മാറിക്കയറി അവള്‍ തനിയെ ക്യാസര്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്തു പോയി. എന്റെ അടുത്ത ഒരു ബന്ധുവായ കുട്ടിക്ക് ക്യാന്‍സറിന്റെ ഈ ചികില്‍സകള്‍ ചെയ്തിരുന്നപ്പോള്‍ ഒരു രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ട ഞാന്‍ അവളുടെ ഈ വാക്കുകള്‍ കേട്ട് അല്‍ഭുതം കൂറി. രാവിലെ റേഡിയേഷന്‍ ചെയ്‌താല്‍ അന്നത്തെ ദിവസം മുഴുവനും ക്ഷീണിച്ചു കിടക്കേണ്ടി വരുമത്രേ. വൈകുന്നേരമാകുമ്പോള്‍ ഒന്നുമറിയാതെ ഉറങ്ങി പോയ്ക്കോളും. തലമുടി മുഴുവന്‍ പൊഴിഞ്ഞു പോയ  തല നന്നായി ഒരു സ്കാര്‍ഫില്‍ പൊതിഞ്ഞു വെച്ച്  ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവള്‍ എന്നും കയ്യില്‍ ഒരു കുപ്പി നിറയെ സംഭാരം കരുതും. അത് റേഷഡിയേഷന്‍ മുറിയുടെ വാതിലില്‍ വെച്ച്, കഴിഞ്ഞു വന്നു മുഴുവനും എടുത്തു കുടിക്കും. പിന്നെ കുറച്ചു നേരം അവിടെ ഇരുന്നു വിശ്രമിച്ചശേഷം റെയിവേ സ്റ്റേഷനിലേക്ക് നടക്കും. സ്റ്റേഷനുകളിലെ കടകളില്‍ നിന്നും പഴച്ചാറുകള്‍ വാങ്ങി കുടിച്ചു, രണ്ടു ട്രെയിനുകള്‍ മാറി അവള്‍ സന്ധ്യയോടെ വീട്ടില്‍ എത്തും. അവളുടെ ഇരട്ട കുട്ടികളായ അര്‍പ്പിതയും ആനന്ദും അപ്പോള്‍ ഗൃഹപാഠങ്ങള്‍  കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിക്കുമായിരുന്നു. പിന്നെ നേരെ അടുക്കളയിലേക്ക് കയറി അവര്‍ ഉറങ്ങി പോകുന്നതിനു മുന്‍പേ ചപ്പാത്തി ഉണ്ടാക്കി അവരെ കഴിപ്പിക്കും.

“നിന്നെ സമ്മതിച്ചിരിക്കുന്നു സഞ്ജുക്ത. ഒരു ജലദോഷ പനി വന്നാല്‍ പോലും 'വയ്യ' എന്നുപറഞ്ഞു കട്ടിലില്‍ കിടക്കുന്ന എനിക്ക് നിന്നെപ്പോലുള്ളവര്‍ ഒരു അത്ഭുതം തന്നെ.” ഞാന്‍ അവളോടു പറഞ്ഞു.

“അനുഭവങ്ങള്‍ നമ്മെ പലതും ജീവിതത്തില്‍ പഠിപ്പിക്കും അല്ലെ..?” എന്ന എന്‍റെ ചോദ്യത്തിന് “അതേ” എന്ന് മറുപടി പറഞ്ഞിട്ട് അവള്‍ തുടര്‍ന്നു.

“എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഭുവനേശ്വര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എന്റെ അമ്മയുടെ ശവശരീരവുമായി ഞാന്‍ ഒറ്റയ്ക്ക് നൂറു കിലോമീറ്ററിലധികം ദൂരമുള്ള എന്റെ ഗ്രാമത്തിലേക്ക് പോയിട്ടുണ്ട് “

മിഴിച്ച കണ്ണുകളുമായി നിന്ന എന്നോടു അവള്‍ ആ സാഹചര്യം വിവരിച്ചു. പെട്ടെന്ന് മരിക്കത്തക്ക അസുഖവും അമ്മക്കുണ്ടായിരുന്നില്ലത്രേ. തൊട്ടു മുന്‍പ് വരെ അവര്‍ അവളോടു സംസാരിക്കുകയും ചെയ്തു. മരുന്ന് തുള്ളികള്‍ ഞരമ്പില്‍ കയറുന്നതും നോക്കി നിന്ന അവള്‍ക്കു ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റ് എഴുതി കൊടുത്തപ്പോഴാണ് അമ്മ മരിച്ചു എന്ന സത്യം അവള്‍ക്കു മനസ്സിലായത്‌. ഇന്നത്തെ പോലെ ഫോണ്‍ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് നാട്ടിലേക്ക് വിളിച്ചു പറഞ്ഞു കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ അവള്‍ക്കു എളുപ്പം ആ ശരീരവുമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്നു. അവള്‍ തന്നെ വാഹനം ഏര്‍പ്പാടു ചെയ്തു ശരീരം നാട്ടിലെത്തിച്ചു.

അമ്മ നഷ്ടപ്പെട്ട ഒരു പെണ്കുട്ടിക്ക് ഒന്ന് കരയാന്‍ പോലും അവസരം ലഭിക്കാതെ ചെയ്യേണ്ടി വന്ന കഷ്ടപ്പാടുകള്‍. മരണത്തിനു ശേഷം തൊട്ടു താഴെയുള്ള അനുജത്തിമാരെ  ദൂരെയുള്ള ഹോസ്റ്റലില്‍ നിന്നും കൂട്ടി കൊണ്ടുവന്നതും ഈ ‘മുതിര്‍ന്ന ചേച്ചി’യത്രേ. മരണ വിവരം അറിയിക്കാതെ കളിചിരികള്‍ പറഞ്ഞു ആ ചേച്ചി അവരെ വീട്ടിലെത്തിച്ചു.

അതെ അനുഭവം അത് വലിയൊരു ഗുരു നാഥനാണ്. സഞ്ജുക്ത യെപ്പോലെ  ഇങ്ങനെ കഠിന അനുഭവങ്ങളിലൂടെ കടന്നു പോയവര്‍  വലിയ പാഠങ്ങള്‍ എളുപ്പത്തില്‍ പഠിക്കുന്നു, ആ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നു. അവരോട് സംസാരിക്കുമ്പോള്‍ തന്നെ നമ്മില്‍ എങ്ങുനിന്നെന്നറിയാതെ ഒരു നന്മയുടെ ഊര്‍ജം നിറയും. ഇവിടെ സഞ്ജുക്ത അവള്‍ തീയില്‍ വളര്‍ന്നവളാണ് അവളെ വാട്ടാനാണോ ക്യാന്‍സര്‍ എന്ന നിസ്സാരനായ വെയില്‍ ശ്രമിച്ചത്‌..? ആ വെയിലിനോടു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !!!!!    

(ചിത്രം ഗൂഗിളില്‍ നിന്നും)


Wednesday, February 13, 2013

അസ്തമയത്തിനു മുമ്പ്‌


മനുഷ്യര്‍ അവന്റെ ജീവിത കാലം മുഴുവനും പഠിച്ചു കൊണ്ടിരിക്കുന്നു, സ്കൂളിലും കോളേജിലും പോയി പഠിക്കുന്ന കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്. ജീവിതാനുഭവങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ചാണ്. പഠശാലകളില്‍ പഠിച്ച പാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ജീവിതം എന്നാ പഠന കളരിയില്‍ നിന്നും ഒരാള്‍ മനസ്സിലാക്കുന്ന പാഠങ്ങള്‍ . അങ്ങനെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കല്‍ മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ പിന്നീട് അത് ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ചേ ചെയ്യുകയുള്ളൂ. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്ക്കും ഇക്കാര്യത്തില്‍ ഈ അറിവുണ്ട്. ‘ചൂടു വെള്ളത്തില്‍ വീണ പൂച്ച” എന്ന പ്രയോഗം പോലും അതാണല്ലോ. ഇന്നത്‌ ചെയ്‌താല്‍ ഇന്നത്‌ സംഭവിക്കും എന്ന് മൃഗങ്ങള്ക്കും പക്ഷികള്ക്കും അറിയാം. ഇന്ന ഇടത്തു പോയാല്‍ അവയെ ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്നും ഇന്ന ഇടത്തു പോയാല്‍ ഭക്ഷണം ലഭിക്കും എന്ന് ഒരൊറ്റ പ്രാവശ്യത്തെ അനുഭവം കൊണ്ടു ഈ ജീവികള്‍ക്ക് മനസ്സിലാകും

.
പക്ഷേ അത്യാവശ്യം വേണ്ട എല്ലാ കാര്യങ്ങളും ജീവിത കളരിയില്‍ നിന്ന് പഠിച്ച ഇപ്പോഴത്തെ മനുഷ്യര്‍ തീര്‍ത്തും കണ്ണടക്കുന്ന ഒരു കാര്യമാണ് വൃദ്ധജനങ്ങളോടുള്ള സമീപനത്തില്‍. മാതാപിതാക്കളുടെ സ്വത്തു വാങ്ങി ജീവിക്കുന്ന മക്കള്‍ അവരെ നോക്കാന്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്ബോധിപ്പിച്ചിട്ടു വേണോ മക്കള്ക്ക് മനസ്സിലാകാന്‍..? ഏതു കോടതി പറഞ്ഞിട്ടാണ് അവര്‍ പട്ടിണി കിടന്നു സ്വന്തം മക്കളെ പരിപാലിച്ചത്....? കാലം മാറുമ്പോള്‍ ഇന്നത്തെ തലമുറ ഏറ്റവും നന്ദി കെട്ടവരായി അധപ്പതിച്ചിരിക്കുന്നു. പണ്ടൊക്കെ വീടുകളില്‍ മക്കളുടെ എണ്ണം കൂടുതലായിരുന്നു. അപ്പോള്‍ ഈ അമ്മൂമ്മയോ അപ്പൂപ്പനോ ഉള്ളത് ഗൃഹനാഥനും നാഥക്കും ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ആവശ്യം അവരെ കൊണ്ടില്ലാതായി. വീട്ടില്‍ മക്കളുടെ എണ്ണം കുറഞ്ഞു. അതോടെ ആവര്‍ ആര്‍ക്കും . വേണ്ടാത്ത ജന്മങ്ങളായി. പ്രയോജനമുള്ളതു മാത്രം കൊള്ളുക എന്ന രീതിയിലേക്ക് പുതിയ തലമുറ മാറിയിരിക്കുന്നു. വേണ്ടാത്ത സാധങ്ങള്‍ എവിടെ എങ്കിലും’ഡംപ്’ ചെയ്തിരിക്കുനത് പോലെ അവര്‍ അവരുടെ മുറിക്കുള്ളില്‍ ‘ഡംപ്’ ചെയ്തിരിക്കുകയാണ്. ആരും സംസാരിക്കാനില്ലാതെ. കളിചിരികളോ തമാശകളോ കേള്ക്കാ തെ. ഇതൊന്നു തീര്‍ന്നായിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പി ട്ടു കൊണ്ട്.


അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ബന്ധു വീടുകളിലും പരിചയക്കാരുടെയും വീടുകളിള്‍ ചെല്ലുമ്പോള്‍ ഓരോ വീട്ടിലും കാണാം ഇങ്ങനെ സ്വന്തം മുറിക്കുള്ളില്‍ ഡംപ് ചെയ്തിരിക്കുന്ന വൃദ്ധ മുഖങ്ങളെ. അവര്‍ക്ക് ഭക്ഷണത്തിനോ മരുന്നിനോ കുറവുള്ളതായി തോന്നിയിട്ടില്ല. പക്ഷെ അവഗണന അത് എല്ലായിടത്തും ഒരു പോലെയാണ്.


ജിവിതത്തില്‍ നിന്നും ആവോളം പാഠങ്ങള്‍ പഠിച്ച നമ്മള്‍ എന്തേ വാര്‍ധക്യം എന്ന പ്രതിഭാസം മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തോടു കണ്ണടക്കുന്നത്. ഏതു പ്രായത്തിലും മനുഷ്യര്‍ സ്നേഹം കൊതിക്കുന്നു എന്നത് അവനവന് വാര്‍ധക്യം വരുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ‌ മനസ്സിലാകുകയുള്ളോ..? അപ്പോഴേക്കും വൈകിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം. വരും തലമുറയ്ക്ക് മാതാപിതാക്കളെ സ്നേഹിക്കുവാന്‍ സമയം കാണില്ല എന്ന് കണക്ക് കൂട്ടുന്നവര്‍ ഈ തലമുറയില്‍ തന്നെ തങ്ങളുടെ വീട്ടിലെ വൃദ്ധരെ പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


ഒരു വീട്ടില്‍ കഴിഞ്ഞ തവണ ചെന്നപ്പോള്‍ അവിടത്തെ അമ്മൂമ്മ മരിച്ചു പോയിരുന്നു. അവിടത്തെ വിവാഹ പ്രായമായ പേരകുട്ടികളും അവരുടെ അമ്മയും മരിച്ചു പോയ അമ്മൂമ്മയെപ്പെറ്റി സ്നേഹത്തോടെ പറയുന്നു. അവര്‍ മരിച്ചതിനു ശേഷം വീട്ടിലുണ്ടായ ശൂന്യതയെക്കുറിച്ചു സങ്കടപ്പെടുന്നു. അത് വളരെ വിചിത്രമായി തോന്നി എനിക്ക്.കാരണം ഏതു വീട്ടില്‍ ചെന്നാലും ഞങ്ങള്‍ ചുമക്കുന്ന ഒരു ഭാരം എന്ന മനോഭാവമാണ് വൃദ്ധരോടു കണ്ടിട്ടുള്ളത്. ഞാന്‍ ആ ചേച്ചിയോട് ചോദിച്ചു.


“എന്താ ചേച്ചി ഒരു വീട്ടിലും കാണാത്ത സ്നേഹമാണല്ലോ ഈ വീട്ടിലെ അമ്മൂമ്മക്ക് ലഭിച്ചിരുന്നത്. എന്താ അതിന്റെ രഹസ്യം..?”
അപ്പോള്‍ ആ ചേച്ചി പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു കളഞ്ഞു.


“ഞങ്ങളുടെ മക്കള്‍ കുഞ്ഞായിരുന്നപ്പോഴേ ഞങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു അമ്മൂമ്മയാണ് ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആള്‍" എന്ന്. അത് കേട്ട് വളര്‍ന്ന അവരുടെ മക്കള്‍ക്ക് ‌ ആ അമ്മൂമ്മ ഏറ്റവും പ്രിയപ്പെട്ട ആളായി മാറി.


വീട്ടിലെ മുതിര്‍ന്നആവര്‍ കൊടുക്കുന്ന ബഹുമാനമാണ് വീട്ടില്‍ പ്രായമായവര്‍ക്ക് ലഭിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വാര്‍ധക്യം  എന്ന ഘട്ടം. മലയാളിയുടെ ശരാശരി ആയുസ്സ്‌ ഏകദേശം എഴുപത്തഞ്ചു വയസ്സാണ്. അത് കൊണ്ടു തന്നെ ഭൂമിയില്‍ ജനിച്ച ഒരാള്‍ക്ക് ഈ  ഒരു ഘട്ടം കടന്നു പോയെ തീരൂ. പക്ഷേ ആരും ഇക്കാര്യം ഓര്‍ക്കാറു പോലും ഇല്ല. 



വാര്‍ധക്യം  എന്നത് ജീവിതത്തിന്റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ കുറവാണ്. ആ കുറഞ്ഞ സമയത്ത് നമുക്ക് നമ്മുടെ വീട്ടിലെ പ്രായമായവരെ സ്നേഹിക്കാം അവരെ ഒറ്റപ്പെടുത്തില്ല എന്ന തീരുമാനം എടുക്കാം. അതാകട്ടെ  നമ്മുടെ മാറാത്ത തീരുമാനം.
(ചിത്രം ഗൂഗിളില്‍ നിന്നും)

Sunday, January 27, 2013

ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....



“ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....” എന്റെ വലിയമ്മ  ഞങ്ങള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഇടക്കിടക്ക് പറയാറുള്ള വാചകമായിരുന്നു. കുട്ടികള്‍ തങ്ങള്‍ ചിന്തിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്ന വാക്കുകള്‍. തലമുറ എത്ര മാറിയാലും മുതിര്‍ന്നവര്‍ വലിയ മാറ്റമില്ലാതെ ഈ വാചകം കുട്ടികള്‍ക്ക്‌ നേരെ എടുത്തു പ്രയോഗിക്കുന്നുണ്ട്. ഈ വലിയമ്മയെക്കുറിച്ചും വലിയമ്മയുടെ വലിയമ്മ  ഇതേ വാക്കുകള്‍ പറഞ്ഞു കാണും. അതാണ്‌ കാല ചക്രത്തിന്റെ പ്രത്യേകത.

എന്റെ വലിയമ്മ ചട്ടയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. വലിയമ്മയുടെ വലിയമ്മ ചിലപ്പോള്‍ മുലക്കച്ചയായിരിക്കും ധരിച്ചത്. അപ്പോള്‍ ചട്ട ധരിച്ച വലിയമ്മയുടെ തലമുറ അവരുടെ മുന്നില്‍ പരിഷ്കാരികള്‍ ആയിരുന്നിരിക്കണം. മുട്ടിനു താഴെ നില്‍ക്കുന്ന കൈയ്യുള്ള ചട്ടയും കാല്‍ മുട്ടോളം നീളത്തില്‍ ഞൊറിഞ്ഞിട്ട തുണിയും ആയിരുന്നു ആ തലമുറയുടെ  വേഷം. വലിയമ്മ കാലില്‍ ചെരിപ്പും ഇട്ടിരുന്നില്ല. എന്റെ അമ്മയുടെ വേഷവും  മുണ്ടും ചട്ടയും തന്നെ .പക്ഷേ അമ്മയുടെ തലമുറക്കാര്‍ ധരിക്കുന്ന ചട്ടക്ക് മുട്ടിനു താഴെ വരെ കൈ നീളം ഇല്ല. സാധാരണ ബ്ലൌസു പോലെയുള്ള ചെറിയ കൈ. മുണ്ട് ഞൊറിഞ്ഞുടുക്കുന്നതിലും വ്യത്യാസം. ഞൊറിക്ക് വലിയമ്മയുടേതു  പോലെ മുട്ടിനു താഴെ ഇറക്കമില്ല. അതിലും കുറച്ചു ചെറുതാണ്. അപ്പോള്‍ വലിയമ്മയുടെ തലമുറയ്ക്ക് മുന്നില്‍ അമ്മയുടെ തലമുറ കാലില്‍ ചെരിപ്പും പുതിയ രീതിയിലെ ചട്ടയും അണിഞ്ഞ പരിഷ്കാരികള്‍ ആണ്. ഇതിന്റെ അടുത്ത തലമുറ പൂര്‍ണ്ണമായും സാരിക്കാരികള്‍ ആയപ്പോള്‍ ചട്ടയും മുണ്ടുമിട്ട ഈ മുന്‍ തലമുറ തീരെ പഴഞ്ചനായി.മാതാപിതാക്കള്‍ക്ക് കുറച്ചു പ്രായം ചെന്നതിനു ശേഷം ഉണ്ടായ മകളായ ഞാനും അവരും തമ്മില്‍ രണ്ടു തലമുറയുടെ പ്രയായ വ്യത്യാസമാണ് ഉണ്ടായിരുന്നത് !!!! എന്റെ അമ്മക്ക് ശേഷമുള്ള  തലമുറ സാരിയില്‍ നിന്ന് ചുരിദാറിലേക്കും ഇപ്പോഴത്തെ ഏറ്റവും പുത്തന്‍ തലമുറ  ജീന്സിലേക്കും മാറിയിരിക്കുന്നു.

ഇത് നമ്മുടെ ഒരു സമുദായത്തിന്റെ വസ്ത്ര ധാരണത്തിലെ പരിഷ്കാര ചരിത്രം. വസ്ത്ര ധാരണത്തില്‍ മാത്രമല്ല. മറ്റു എല്ലാം കാര്യങ്ങളിലും. പുതിയ തലമുറയുടെ ചെയ്തികള്‍  തൊട്ടു മുന്നില്‍ നിന്നും തികച്ചും വിഭിന്നമായി. അപ്പോള്‍ പഴമക്കാര്‍ ഇടക്കിടെ പറയും. “ഈ പിള്ളേരുടെ ഒരു കാര്യം....”

എന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അച്ഛന്‍ ഗാന്ധി തൊപ്പിയും അണിഞ്ഞു സമരത്തിനു പോയപ്പോള്‍ “അവന്‍ വീട്ടിലെ കാര്യം നോക്കാതെ തോപ്പീം വെച്ച് സമരത്തിനു നടക്കുന്നു” എന്ന് വലിയമ്മ  പിറുപിറുത്തു. ഇടക്ക് ജയില്‍ വാസം കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് വലിയമ്മ  വലിയ ശണ്ഠ തന്നെ ഉണ്ടാക്കിയത്രേ. ഗാന്ധിജി, സ്വാതന്ത്ര്യം,  സായിപ്പില്‍ നിന്നും ഭരണം നേടി എടുക്കുക എന്നൊന്നും തൊട്ടു മുന്‍ തലമുറക്കാരിയായ വലിയമ്മ  മനസ്സിലാകിയിരുന്നില്ല. അച്ഛന്റെ തലമുറയ്ക്ക് അതിന്റെ ആവശ്യം നന്നായി അറിയാമായിരുന്നു. എന്റെ തലമുറ ഇക്കാര്യം അഭിമാനത്തോടെ മറ്റുള്ളവരോട് പറഞ്ഞു.

സ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന പഴയ തലമുറ കോളേജു വിദ്യാഭ്യാസം ചെയ്ത പുതിയ തലമുറയുടെ ചെയ്തികള കണ്ടു അത്ഭുതപ്പെട്ടു. പലപ്പോഴും ‘അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്’ എന്ന് വിലക്കുകള്‍ നല്‍കി. അതൃപ്തിയോടെ ആണെങ്കിലും ആ പുതിയ തലമുറ ചിലതൊക്കെ അനുസരിച്ചു, ചിലത് അവര്‍ക്ക് തോന്നിയ പോലെ ചെയ്തു. എന്നിട്ട് മനസ്സില്‍ പറഞ്ഞു. ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...? ഇപ്പോഴത്തെ കൌമാരക്കാര്‍ ഈ കോളേജു വിദ്യാഭ്യാസം ചെയ്ത ആ അച്ഛനോടും അമ്മയോടും അതേ ചോദ്യം മനസ്സില്‍ ചോദിക്കുന്നു.. “ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...?”

കോളേജു ബാഗില്‍ പണ്ടു ഡിസക്ഷന്‍ ബോക്സും ഇന്‍സ്ട്രമെന്റ് ബോക്സും വെച്ച് പോയിരുന്നവരുടെ മക്കള്‍ ഇപ്പോള്‍ അതിനോടൊപ്പം ഐ പാഡും സെല്‍ ഫോണും മറക്കാതെ എടുത്തു വെക്കുന്നു. ഫോണ്‍ വൈബ്രേറ്റര്‍ മോഡില്‍ ഇടാതെ ക്ലാസ്സില്‍ കയറില്‍ തങ്ങള്‍ക്കു തലവേദന ഉണ്ടാക്കല്ലേ എന്ന് മാതാപിതാകള്‍ ഓര്‍മിപ്പിക്കുന്നു.

ഇപ്പോഴത്തെ മാറ്റം അതി ശീഘ്രമാണ്,സെല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ലോകം തന്നെ മാറ്റി മറിച്ചു എന്നൊക്കെ നമ്മള്‍ പറയാറുണ്ടല്ലോ. പണ്ടത്തെ മാറ്റങ്ങളും ലോകത്തെ എത്ര മാറ്റി മറിച്ചു എന്നത് നാം എന്തേ വിസ്മരിക്കുന്നു. വൈദ്യുതിയോ വൈദ്യുത ഉപകാരങ്ങളോ  എന്തെന്ന് അറിയാത്ത ഒരു കാലത്താണ് എന്റെ വലിയമ്മ ജനിച്ചത്‌. അവര്‍ വൃദ്ധയായി മരിക്കുന്ന കാലത്ത് ലോകത്തിന്റെ എന്തെല്ലാം മാറ്റങ്ങള്‍ അവര്‍ കണ്ടു. പണ്ടത്തെ നാട്ടുവഴികള്‍ ടാറിട്ട റോഡുകളായി, അതിലൂടെ പുക തുപ്പി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. അവരുടെ ചെറുമക്കള്‍ കടല്‍ കടന്നു വിമാനത്തില്‍ കയറി ജോലിക്ക് പോയി. അവധിക്കാലത്ത് ജോലിസ്ഥലത്തു നിന്നും  ടെലിവിഷന്‍ എന്ന മാന്ത്രിക പെട്ടിയും ഏന്തി മടങ്ങി വന്നു. സിനിമാ കൊട്ടകയിലെ പ്രിയ താരങ്ങള്‍ അവരുടെ വീട്ടില്‍ വിരുന്നുകാരായി എത്തി. അതിനും കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരു സ്വിച്ചു ഞെക്കിയാല്‍ രാത്രിയെ പകലാക്കി മാറ്റുന്ന അത്ഭുതവും എവിടെ നിന്നോ ആരോ വായിക്കുന്ന വാര്‍ത്തയുടെ ശബ്ദവും പാടുന്ന പാട്ടും വീട്ടിലേക്കു കൊണ്ടു വന്ന റേഡിയോ എന്ന അതിശയ പെട്ടിയും അവരെ അമ്പരപ്പിച്ചു കാണില്ലേ...?

അപ്പോള്‍ “കാലം പോയ ഒരു പോക്കേ !!!!” എന്ന് പറഞ്ഞു ആരും മൂക്കത്ത് വിരല്‍ വെക്കേണ്ടതില്ല. കാരണം കാലം പണ്ടും ഇങ്ങനെ തന്നെയാണ് പോയിരുന്നത്. ആ പോക്കിനെ അതാത് കാലത്തെ പുത്തന്‍ തലമുറ നന്നായി ആസ്വദിച്ചും ഇരുന്നു എന്നതാണ് സത്യം.

ഇത്രയും പറഞ്ഞപ്പോള്‍ ഒരു സംശയം തോന്നാം  ഇപ്പോഴത്തെ ഈ പുത്തന്‍  തലമുറയും അവരുടെ അടുത്ത തലമുറയോടു ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുമോ...? അത് അതെ പടി ആവര്‍ത്തിക്കുക തന്നെ ചെയ്യും. കാരണം അവര്‍ക്കിടയിലും ഉണ്ടല്ലോ വര്‍ഷങ്ങള്‍ സൃഷ്ടിച്ച തലമുറയുടെ ആ വിടവ്‌!!!!

(ചിത്രം ഗൂഗിളില്‍ നിന്നും)

Monday, January 14, 2013

ആകസ്മികതകളുടെ ആകെ തുകകള്‍

ആ കുഞ്ഞിനു ഇപ്പോള്‍ പത്തു വയസെങ്കിലും ആയിക്കാണും. ശോഭയുടെ കുഞ്ഞിന്. പത്തു വര്‍ഷം മുന്‍പാണ് ഞാന്‍ ശോഭയെ പരിചയപ്പെടുന്നത്. വിവാഹ ശേഷം ഏഴു വര്‍ഷം കഴിഞ്ഞിട്ടും മാതൃത്വം അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയവള്‍ . എല്ലാ ടെസ്റ്റും കഴിഞ്ഞു നിരാശരായി കഴിഞ്ഞ സമയത്താണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി അവര്‍ ചിന്തിച്ചത്.
നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയായി കുഞ്ഞിനെ ആദ്യമായി കാണുവാന്‍ അവനെ സംരക്ഷിക്കുന്ന അനാഥാലയത്തിലേക്ക് പോകുന്നതിന്‍റെ തലേ ദിവസം അവളെ ഞാന്‍ കണ്ടു. പത്തു മാസത്തെ ഗര്‍ഭാലസ്യത്തിനു ശേഷം പ്രസവ മുറിയിലേക്ക്‌ പോകുന്ന അമ്മയുടെ ഉത്കണ്ഠ ആ മുഖത്തുണ്ടായിരുന്നു. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്‌ അവന്‍ അവരുടെ വീട്ടിലേക്കു വരാന്‍ പോകുന്നത്.

“ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയതേല്ല”

പോകുന്നതിനു മുന്‍പ്‌ അവള്‍ രഹസ്യമായി എന്‍റെ ചെവിയില്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടു വന്ന അവള്‍ ഉടനെ എനിക്ക് ഫോണ്‍ ചെയ്തു.

"ചേച്ചീ..ഞങ്ങള്‍ അവനെ കണ്ടു.. എന്‍റെ കയ്യിലേക്ക് അവനെ വാങ്ങിയ നിമിഷം എന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. കുറേ ചോദിച്ചിട്ടാണ് മാര്‍ട്ടിന് പോലും എടുക്കുവാന്‍ ഞാന്‍ കൊടുത്തത്‌. തിരികെ അവര്‍ക്ക് കൊടുത്തിട്ട് പോരുവാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്‌.”

അവള്‍ ആ കുഞ്ഞിനെക്കുറിച്ചു പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ. നീയൊന്നു അടങ്ങു ശോഭേ...”
ഞാന്‍ അവളോടു കളി പറഞ്ഞു. പക്ഷേ പിറ്റേ ദിവസം അവള്‍ എന്നെ വീണ്ടും വിളിച്ചു.

“ചേച്ചി..ആ കുഞ്ഞായിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞു വെച്ചിരുന്നത്. അവിടത്തെ പ്രധാന അധികാരി ഇന്നലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഇല്ലായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ ഏല്‍പ്പിച്ചവര്‍ അബദ്ധത്തില്‍ വേറൊരു കുഞ്ഞിനെയാണ് ഞങ്ങളെ കാണിച്ചത്. ആ കുഞ്ഞിനു ചെറിയ ആരോഗ്യ പ്രശ്നമുണ്ടോ എന്നവര്‍ക്ക് സംശയം. തൂക്കം തീരെ ഇല്ല. മാറണം എങ്കില്‍ മാറി തരാം എന്നാണു അവര്‍ പറയുന്നത്.”

“എന്നിട്ട് എന്തു തീരുമാനിച്ചു ..?”

“ഞങ്ങള്‍ക്ക്‌ അവനെ തന്നെ മതി എന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു ഞാനും മാര്‍ട്ടിനും അവന്‍റെ അച്ഛനുമമ്മയും ആയി കഴിഞ്ഞു. പിന്നെ എങ്ങനെ അവനെ വേണ്ട മറ്റൊന്ന് മതി എന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് കഴിയും..?”

അങ്ങനെ ആകസ്മികമായി അവന്‍ അവരുടെ ജീവിതത്തിലേക്ക് വന്നു. ഏഴു വര്‍ഷം ഊഷരമായി കിടന്ന ഒരു മരുഭൂമിയാണ് അവന്‍ കുളിര്‍ ജലം തളിച്ചു പൂങ്കാവനമാക്കിയത്. ഞങ്ങള്‍ കോളനിയില്‍ എല്ലാവരും അവന്‍റെ വരവ് ഗംഭീരമായി ആഘോഷിച്ചു. സമ്മാന പൊതികള്‍ അവന്‍റെ തൊട്ടിലിനു ചുറ്റും കുമിഞ്ഞു കൂടി.

പക്ഷേ നാട്ടില്‍ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ കുഞ്ഞിനെ ദത്തെടുത്തു എന്ന കാര്യം മറച്ചു പിടിച്ചു. ഇവിടെ ഗര്‍ഭിണിയായി പ്രസവിച്ചു എന്നാണു അവര്‍ എല്ലാവരോടും പറഞ്ഞത്. അല്ലെങ്കില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ആ കുഞ്ഞു വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ അവഹേളിക്കപ്പെടുമോ എന്നവര്‍ ഭയപ്പെടുന്നു. സ്വന്തം മാതാപിതാക്കള്‍ ഒഴികെ നാട്ടില്‍ മറ്റാരും ഇക്കാര്യം അറിയാതെ അവര്‍ സൂക്ഷിക്കുകയും ചെയ്തു.

“എങ്കില്‍ നീ ഇവിടെ നിന്നും ഉടനെ സ്ഥലം മാറി പോകുന്നതായിരിക്കും നല്ലത്.”
“ഓ..അങ്ങനെ അങ്ങ് പേടിക്കാനാകുമോ”

എന്നവള്‍ പറഞ്ഞെങ്കിലും അടുത്ത മാസം തന്നെ മാര്‍ട്ടിന് വേറൊരു ജോലി കിട്ടുകയും അവര്‍ അവിടം വിട്ടു പോവുകയും ചെയ്തു. പോകുമ്പോള്‍ കുഞ്ഞു മോന് ഉമ്മ കൊടുത്തിട്ട് ഞാനവളോട് പറഞ്ഞു.
ഇവിടെയും നീ ഇനി ആരുമായും കൊണ്ടാക്റ്റു വെക്കേണ്ട ശോഭേ. അതാണ് ഇവന് നല്ലത്.’

“എന്താ ചേച്ചി..ഈ പറയുന്നത്... ?"

 മോനെ വാങ്ങി കണ്ണീര്‍ തുടച്ചു കൊണ്ടു അവള്‍ ചോദിച്ചു.

മാതൃത്വം ലഭിക്കാത്ത എത്രയോ ശോഭമാരുണ്ട് നമുക്ക് ചുറ്റും. ഒരു കുഞ്ഞിന്‍റെ കളി ചിരിക്ക് കാതോര്‍ക്കുന്നവര്‍..അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ ആര്‍ക്കാണ് പ്രശ്നം..? അവര്‍ ജീവിതകാലം മുഴുവന്‍ ദു:ഖിച്ചു ദീര്‍ഘ നിശ്വാസം വിട്ടു കഴിയണം എന്നാണോ നമ്മുടെ സമൂഹം പറയുന്നത്..? എന്തിനാണ് നമ്മള്‍ ഒരു പരിധി വിട്ടു മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ ചുഴിഞ്ഞു നോകുന്നത്....?

കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം എന്‍റെ ഒരു സുഹൃത്ത് യാദൃശ്ചികമായി ശോഭയെയും മാര്‍ട്ടിനേയും കണ്ടു. അവരുടെ മകന്‍ മിടുക്കനായി നേഴ്സറി ക്ലാസ്സില്‍ പോകുന്നു. അതെ അവന്‍ അവര്‍ക്ക് വേണ്ടി ഭൂമിയില്‍ പിറന്നവനാണ്. അവനെ പ്രസവിച്ച അവന്‍റെ അമ്മക്ക് അവന്‍ ജനിക്കാതെ നോക്കുവാന്‍ എന്തെല്ലാം മാര്‍ഗമുണ്ടായിരുന്നു..? അവന്‍ ഗര്‍ഭത്തില്‍ ഉരുവായ ശേഷം നശിപ്പിക്കാന്‍ ആ പെണ്‍കുട്ടിയും ബന്ധുക്കളും ശ്രമിക്കാതിരുന്നു കാണുമോ..? അപ്പോള്‍ അവന്‍ പിറന്നേ തീരൂ. ആകസ്മികമായി മാര്‍ട്ടിന്‍റെയും ശോഭയുടെയും ജീവിതത്തിലേക്ക് കടന്നു ചെന്ന് അവരുടെ വിളക്കാകുവാനാണ് അവന്‍റെ നിയോഗം. അവനെ കിട്ടിയ ദിവസം മാര്‍ട്ടിന്‍ പറയുകയുണ്ടായി ഞങ്ങള്‍ കുറച്ചു നേരത്തെ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു എന്ന്. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു എങ്കില്‍ എങ്ങനെ ഈ കുഞ്ഞിനെ അവര്‍ക്ക് കിട്ടും.? അതെ...ഇത് തന്നെയായിരുന്നു യഥാര്‍ത്ഥ സമയവും തിരഞ്ഞെടുപ്പും
(ചിത്രം ഗൂഗിളില്‍ നിന്നും)