Sunday, April 27, 2014

ഹൌ....എന്തൊരു ചൂട്

 വേനല്ക്കാലമാകുന്നതോടെ നമ്മള്‍ കുറച്ചു കൊല്ലങ്ങളായി കേള്‍ക്കുന്നതാണ് സൂര്യാഘാതം എന്ന വാക്ക്. വേനല്‍ കടുക്കുമ്പോള്‍ സൂര്യാഘാതത്തിനു സാധ്യത ഏറുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്ക്ക് ശക്തിയേറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും ഇതിനുള്ള സാധ്യതയും ഏറുന്നു. എന്തേ നമ്മള്‍ കുറച്ചു കാലമായി മാത്രം കേള്‍ക്കുന്ന വാക്കാണ്‌ എന്ന് ഈ സൂര്യാഘാതത്തെ പറയുവാന്‍ കാരണം. മുമ്പും ഇതുണ്ടായിരുന്നു. പക്ഷെ അത് കേരളത്തില്‍ ആയിരുന്നില്ല എന്ന് മാത്രം. അത്യുഷ്ണമുള്ള രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വളരെ സാധാരണമാണ് ഈ സൂര്യാഘാതം. ഇത് കൂടാതെ “ലൂ” എന്ന ചൂടു കാറ്റും അവിടെയുണ്ട്. ശീലമായതു കൊണ്ടു വേനല്‍ വരുമ്പോഴേ അവര്‍ക്കറിയാം അതിന്റെ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടണം എന്ന്. അവിടെ വെയിലില്‍ ജോലി ചെയ്യുന്നവര്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ കൈ കാലുകള്‍ മറച്ചുള്ള മുഴു നീള വസ്ത്രങ്ങള്‍ ധരിക്കുന്നു, പച്ചമാങ്ങയുടെയും മോരിന്റെയും വെള്ളം ധാരാളം കുടിക്കുന്നു. ഇത് കേട്ടു കേള്‍വി പോലുമില്ലാത്ത പാവം മലയാളി വേനല്‍ക്കാലങ്ങളില്‍ പൊരി വെയിലില്‍ പണിത് സൂര്യന്റെ ആഘാതം നേരെ എറ്റു വാങ്ങുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും നിഷ്കര്‍ഷ വന്നിരിക്കുന്നു ഉച്ച നേരത്തെ ഇടവേള ദീര്‍ഘിപ്പിക്കുവാനായി. കടുത്ത ചൂടുള്ള സമയത്ത് വിശ്രമം കൊടുത്തു അതിരാവിലെയും സായാഹ്നങ്ങളിലും ജോലിയെടുക്കുന്ന രീതിയാണ് വടക്കെ ഇന്ത്യയില്‍ വേനല്‍ക്കാലത്തുള്ളത്. ആഗോള താപനമാണ് സൂര്യാഘാതത്തിനു ഹേതു എന്ന് പറയുന്നുണ്ട്. എങ്കിലും നമ്മുടെ കേരളം ഇങ്ങനെ ചുട്ടു പഴുത്തു പോകുവാന്‍ ഒരു കാരണം നമ്മുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ്. ഞാന്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ പാലക്കാട്ടും തിരുവനന്തപുരത്തും താമസിച്ചിട്ടുണ്ട്. ഈ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് തമിഴ്‌നാടുമായി കാര്യമായ വ്യത്യാസം ഇല്ല. തമിഴ്‌ നാട്ടിലെപ്പോലെ മഴമുള്ളും കരിമ്പനയും നിറഞ്ഞ സ്ഥലങ്ങള്‍. മറ്റു ജില്ലകളേക്കാള്‍ മഴ കുറവാണവിടെ. അത് കൊണ്ടു തന്നെ ചൂടും ഏറും. അപ്പോഴൊക്കെ എറണാകുളം ജില്ലക്കരിയായ ഞാന്‍ അവരോടു പറയുമായിരുന്നു 'ഇവിടെ ചൂടു കൂടുതലാണ് കൊച്ചി നല്ല മഴയുള്ള നാടാണ്' എന്നൊക്കെ. പക്ഷെ ഇപ്പോള്‍ കുറേ കൊല്ലങ്ങളായി കൊച്ചിയും മറ്റു ജില്ലകളും തിരുവന്തപുരമോ പാലക്കാടെന്നോ വ്യത്യാസമില്ലാതെ ചുട്ടു പൊള്ളുകയാണ്. പകല്‍ മനുഷ്യര്‍ പുറത്തിറങ്ങുവാന്‍ ഭയക്കുന്നു.

വേമ്പനാട്ടു കായലിന്റെ സുഖ ശീതളമായ കാറ്റേറ്റ്‌ കിടന്നിരുന്ന നഗരമായിരുന്നു കൊച്ചി. ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അസുഖം വന്നാല്‍ കലൂരുള്ള 'ലിസി' ആശുപത്രിയിലാണ് കൊണ്ടു പോയിരുന്നത്. അസുഖം വന്നതിന്റെ വിഷമമെല്ലാം “വാ.. ലിസീപ്പോകാം” എന്ന് കേള്‍ക്കുകമ്പോഴേ തീരും. ‘മേനക’ വഴി പോകുന്ന ബസ്സിന്റെ സൈഡ് സീറ്റ് കൂടി കിട്ടിയാല്‍ പിന്നെ എല്ലാം പൂര്‍ത്തിയായി. 'ജോസ്‌ ജങ്ഷന്‍' കഴിയുമ്പോഴേ ഉത്സാഹത്തോടെ പുറത്തേക്ക് നോക്കിയിരിക്കും. അവിടം തൊട്ടു കായല്‍ കാഴ്ച തുടങ്ങുകയായി. നിറയെ പച്ച പുല്ലുകള്‍ നിറഞ്ഞു തണല്‍ മരങ്ങളുടെ ശീതളതയില്‍ കായലിനഭിമുഖമായി നില്ക്കുന്ന മഹാരാജാവിന്റെ പ്രതിമയുള്ള രാജേന്ദ്ര മൈതാനി, പൂമരങ്ങള്‍ തണല്‍ വിരിച്ച സുഭാഷ്‌ ബോസ് പാര്‍ക്ക് , അതിനോടു ചേര്‍ന്ന് വിവിധ തരത്തിലെ ഊഞ്ഞാലുകളുള്ള ചില്‍ഡ്രന്‍സ്‍ പാര്‍ക്ക്, ഇതെല്ലാം കായല്‍ക്കരയില്‍ തന്നെ. പിന്നെ പിന്നീടങ്ങോട്ട്‌ കണ്മുന്നില്‍ കായല്‍ മാത്രം. അതില്‍ വേഗത്തില്‍ നീങ്ങുന്ന തിരകളെ കീറി മുറിച്ചു കൊണ്ടു വൈപ്പിന്‍ കരയിലേക്കും കണ്ണമാലിയിലേക്കും ബോള്‍ഗാട്ടിയിലേക്കും നീങ്ങുന്ന യന്ത്ര ബോട്ടുകള്‍. ഇവക്കിടെ മീന്‍ പിടുത്തക്കാരുടെ ചെറു വള്ളങ്ങളും. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട മനോഹര ദ്വീപായ ബോള്‍ഗാട്ടി നഗരത്തില്‍ നിന്ന് തന്നെ കാണാം. നഗര ഹൃദയത്തിലേക്ക്‌ സുഖമുള്ള കാറ്റ് വീശിയടിച്ചു കൊണ്ടിരിക്കും. അങ്ങ് ദൂരെ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകള്‍. സായാഹ്നങ്ങളിലാണ് ഈ യാത്ര ചെയ്യുന്നതെങ്ങില്‍ വെള്ളത്തിന് രക്തവര്‍ണ്ണം ചാര്‍ത്തി കടും ചുവപ്പ് നിറത്തില്‍ ചായുന്ന സൂര്യന്‍. നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകള്‍ വിളക്കുകള്‍ തെളിഞ്ഞു കടല്‍ കൊട്ടാരങ്ങള്‍ പോലെ.

പക്ഷേ ഇതെല്ലാം പഴങ്കഥകള്‍ . ഇപ്പോള്‍ കൊച്ചിയില്‍ പോകുന്ന ഒരാള്‍ ഈ കാഴ്ചകള്‍ കാണണം എന്ന് വ്യാമോഹിക്കരുത്. ഒരു വശം കായലും മറു വശം കെട്ടിടങ്ങളും ഉണ്ടായിരുന്ന കൊച്ചി നഗരം ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം. കൊച്ചി നഗരത്തെ തണുപ്പിച്ചു കൊണ്ടിരുന്ന ആ കായലിനു മുന്നില്‍ അംബര ചുംബികളായ ഷോപ്പിംഗ്‌ മാളുകളും ഓഫീസ് കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിത് ആ മോനോഹര കാഴ്ച നമ്മില്‍ നിന്ന് മറച്ചു കളഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആ കായല്‍ കാറ്റിന്റെയും ദൃശ്യങ്ങളുടെയും ഉടമസ്ഥര്‍ കായലിനഭിമുഖമായി പണിത കെട്ടിടങ്ങളിലിരിക്കുന്നവരാണ്. അല്ലാതെ അത് നഗരത്തിന്റെ പൊതു കാഴ്ചകള്‍ അല്ല. ‘കായല്‍ കണ്ടുണരാം കായല്‍ കാറ്റേറ്റു ബാല്ക്കിണിയില്‍ ഇരുന്നു ചായ കുടിക്കാം’ എന്നൊക്കെ ഭംഗിയുള്ള വാക്കുകളാല്‍ അലങ്കൃതമായി ആ കെട്ടിട സമുച്ചയങ്ങള്‍ . ഇപ്പോള്‍ കായല്‍ കാഴ്ചയില്‍ വരുന്നത് സുഭാഷ്‌ പാര്‍ക്കിനും കുട്ടികളുടെ പാര്‍ക്കിനും പിന്നില്‍ മാത്രം. വളരെ പണ്ട് അവിടെ ആ പാര്‍ക്കുകള്‍ വന്നത് എത്ര നന്നായി എന്നാശ്വസിക്കാം. അല്ലെങ്കില്‍ അവിടത്തെ കായല്‍ കാഴ്ചയും ദീര്‍ഘ വീക്ഷണമില്ലാത്ത മനുഷ്യര്‍ കെട്ടിട സമുച്ചയങ്ങള്‍ പണിത് മറച്ചു കളഞ്ഞേനെ.


ഇത് ഒരു കൊച്ചിക്കാരിയുടെ ആത്മ രോദനം മാത്രമായി കാണേണ്ടതില്ല. പച്ചപ്പിന്റെ ജില്ലയായ കോട്ടയത്തിനും കടലിന്റെയും കായലിന്റെയും ജില്ലയായ ആലപ്പുഴയ്ക്കും കൊല്ലത്തിനും കോഴിക്കോടിനും ഒക്കെ കാണും സമാന കഥകള്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യവും അന്തരീക്ഷത്തില്‍ ചൂടു കൂടുന്നതിന്റെ കാരണമായി പറയുന്നുണ്ട്. കോണ്ക്രീറ്റ് കെട്ടിടങ്ങളില്‍ ഇരുന്നു ചൂടേറ്റ് വെന്തു പുളയുന്ന മനുഷ്യര്‍ അത് താങ്ങാനാവാതെ ശീതീകരണിയെ ആശ്രയിക്കുന്നു. ഓരോ ശീതീകരണിയും മുറി തണുപ്പിക്കുവാനായി പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കടുത്ത ചൂടു തന്നെയാണ് പ്രവഹിപ്പിക്കുന്നത്. കൂടാതെ റോഡുകളില്‍ വാഹങ്ങള്‍ ഏറിയതും ഇതിനു കാരണമായി. വാഹനങ്ങള്‍ പുറത്തേക്ക് വിടുന്ന ചൂടും പുകയും കുറച്ചൊന്നുമല്ല ഭൂമിയെ ചൂടു പിടിപ്പിക്കുന്നത്. ആധുനിക കാലത്തില്‍ ഇതൊക്കെ ഒഴിവാക്കി ഒരു വികസനം സാധ്യമല്ല താനും. നമുക്കെല്ലാവര്‍ക്കും നല്ല വീടുകള്‍ വേണ്ടേ..? സഞ്ചരിക്കാന്‍ ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം കാറുകള്‍ വേണ്ടേ..? വര്‍ഷങ്ങളായി പൊതു വാഹനത്തില്‍ സഞ്ചരിച്ചിട്ടില്ലാത്ത പലരെയും കണ്ടിട്ടുണ്ട്. 'ഹോ... ബസ്സ് കാത്തു നില്ക്കല്‍ പോലെ ഒരു നരകം..'എന്ന് ആത്മഗതം ചെയ്യുന്നവര്‍.

ചിലത് നഷ്ടപ്പെട്ടാലല്ലേ ചിലത് നേടുക. സുഖശീതളമായ നാടും ആധുനിക വല്ക്കരണവും ഒരിക്കലും ചേര്‍ന്ന് പോവുകയില്ല. നമുക്ക് കോണ്‍ക്രീറ്റിടാത്ത വീടോ എല്ലാവരും പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതോ ചിന്തിക്കാനാവില്ല. അത് കൊണ്ടു തന്നെ നമുക്ക് ഹൌ...എന്തൊരു ചൂട് “ എന്ന് പറഞ്ഞു കൊണ്ടു മഴക്കാലം വന്നാലും ആകാശത്തു ഉരുണ്ടു കൂടുവാന്‍ താമസിക്കുന്ന മഴ മേഘങ്ങളെ കാത്തിരിക്കാം.
(ചിത്രം ഗൂഗിളില്‍ നിന്നും)

Wednesday, March 19, 2014

ഭൂമിയുടെ അവകാശികള്‍


ഭൂമിയുടെ അവകാശികള്‍ എന്നു കേള്‍ക്കുമ്പോഴേ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ കഥയാണ് ഓര്‍മ്മ വരിക. സത്യത്തില്‍ ആരാണ് ഭൂമിയുടെ അവകാശികള്‍...? ഭൂമിയില്‍ ഉള്ളവര്‍ തന്നെ. അത് ആരൊക്കെ..? ഈ ഭൂമിയിലെ സകല ജീവ ജന്തുക്കളും.

ശാസ്ത്രം പറയുന്നത് പ്രകാരം മനുഷ്യന്‍ എന്ന ജീവി ഭൂമിയില്‍ ഏറ്റവും അവസാനമുണ്ടായതാണ്. ഏക കോശ ജീവിക്ക് പരിണാമം സംഭവിച്ച് പല കോശങ്ങളുള്ള ജീവികള്‍ ഉണ്ടായി, ഒടുവില്‍ അത് മനുഷ്യനില്‍ ചെന്നു നിന്നു. അങ്ങനെ രൂപ പരിണാമത്തിന്റെ അവസാനം ഉണ്ടായ ജീവി ഭൂമിയുടെ സര്‍വാധികാരവും കയ്യിലെടുത്തു. ഏറ്റവും അവസാനം വന്നവന്‍ കയ്യൂക്കിന്റെ‍ ബലത്തില്‍ ഒരിടത്തെ അധികാരം കൈവശപ്പെടുത്തി അത് സ്വന്തമായി അനുഭവിക്കാന്‍ തുടങ്ങി. അതോടെ ആരംഭിച്ചു ഭൂമിയിലെ മറ്റു ജീവികളുടെ കഷ്ടകാലം. ആദ്യ കാലത്ത് വന്യ ജീവികള്‍ക്കൊപ്പം കാട്ടില്‍ ജീവിച്ച മനുഷ്യന്‍ അവരെ സഹജീവികളായി കണ്ടിരിക്കാം. പിന്നീട് പലതും തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് മനസ്സിലായ മനുഷ്യന്‍ വന ജീവിതം വെടിഞ്ഞു. ശാസ്ത്രപുരോഗതിക്കൊപ്പം വളര്‍ന്ന അവന്‍ പണ്ടു കാട്ടില്‍ തനിക്കൊപ്പം കഴിഞ്ഞ പക്ഷി മൃഗാദികളെ പാടെ മറന്നു, അവരുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിച്ച് പുരോഗതിയുടെ കുതിച്ചു ചാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതോടെ ആരുടേതാണ് ഈ ഭൂമി എന്ന ചോദ്യവും ഉയര്‍ന്നു .

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസരിച്ചു എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണത്തിനു കൃഷിയിടം എന്ന ചിന്തയില്‍ ഭൂമിയില്‍ പലയിടത്തും പല തരത്തിലുള്ള കയ്യേറലുകള്‍ ഉണ്ടായി. തുടക്ക കാലത്ത് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇതാ,ആഗോള താപനം,കാലാവസ്ഥാ വ്യതിയാനം,പ്രകൃതിക്ഷോപങ്ങള്‍ തുടങ്ങിയ തിരിച്ചടിയിലൂടെ നാം ചില പുനര്‍ വിചിന്തനത്തിന് തയ്യാറാകുന്നു എന്നത് തികച്ചും ആശാവഹമായ ഒരു കാര്യം തന്നെയാണ്. മനുഷ്യര്‍ ഒറ്റക്കും കൂട്ടമായും അത് ഗൌരവത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ഭൂമിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടു വരാനാകും.

ഞാന്‍ താമസിക്കുന്ന നവി മുംബെ എന്ന് പറയുന്ന സ്ഥലം ഈ അടുത്ത കാലത്ത് വികസിച്ചു വന്ന സ്ഥലമാണ്. അത് കൊണ്ടു തന്നെ പരിസ്ഥിതിയെ അധികം നശിപ്പിക്കാതെയാണ് അതിന്റെ വികസനവും നടക്കുന്നത്. നഗരത്തിന്റെ നടുക്ക് റോഡിന്റെ ഒരു വശത്തായി ഏക്കറുകണക്കിനു പരന്നു കിടക്കുന്ന സെട്രല്‍ പാര്‍ക്കാണ് ഒരു പ്രധാന ആകര്‍ഷണം. മറുവശത്ത് അത്രയും തന്നെ വിശാലമായി കിടക്കുന്ന പച്ച വിരിച്ചു കിടക്കുന്ന ഗോള്ഫ് മൈതാനവും അതിന് പിന്നിലെ ചെറു മല നിരകളും. നമ്മുടെ പശ്ചിമ ഘട്ടത്തിന്റെ തുടച്ചര്‍യാണിത്. ചുറ്റിലും ആകശത്തേക്ക് നീളുന്ന വന്‍ കെട്ടിടങ്ങളുള്ള ഈ നഗരത്തില്‍ പാര്‍ക്കിനു ചുറ്റും കെട്ടിയിട്ടുള്ള നടപ്പാതയില്‍ പ്രഭാത സവരിക്കെത്തുന്ന നഗര വാസികളെ കണ്ടാല്‍ മതി പച്ചപ്പിനോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ആര്‍ത്തി മനസ്സിലാക്കാന്‍. ചിലര്‍ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് ആ പാര്‍ക്കിനു ചുറ്റുമുള്ള നടപ്പാതയില്‍ നടക്കാനെത്തുന്നത്!!!!! സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലെ ചെറു തടാകത്തിനുള്ളില്‍ നിറയെ മീനുകള്‍, ആ പരിസരം നിറയെ എത്ര ചെറു പക്ഷികള്‍,കൊറ്റികള്‍. എത്രയോ ചെറു ജീവികളുടെ ആവാസ വ്യവസ്ഥയായിക്കും ആ പാര്‍ക്കും ഗോള്ഫ് കോര്സും!!!! മഴക്കാലത്ത് ഗോള്ഫ് മൈതാനത്തിനു പിന്നെ മല നിരകളില്‍ ചെറിയൊരു വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടും. രണ്ടോ മൂന്നോ മാസം മാത്രം ഉണ്ടാകുന്ന ഈ അപൂര്‍വ കാഴ്ച കാണുവാന്‍ അവധി ദിവസങ്ങളില്‍ ജനങ്ങളുടെ വന്‍ കൂട്ടമാണ്. മുംബെ നഗര സഭക്ക് നന്ദി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞ് നഗരം എത്ര മുകളിലേക്ക് വളര്‍ന്നാലും ആ പച്ചപ്പ് അവിടെ കാണുമല്ലോ.

കഴിഞ്ഞ ദിവസം ഞാന്‍ പൂനെയിലുള്ള ഒരു ബന്ധു  വീട്ടില്‍ പോവുകയുണ്ടായി. അവിടെ അടുക്കള ജനാലക്കരികിലും ബാല്ക്കണിയിലും  ഓരോരോ പ്ലാസ്റ്റിക്‌ കുപ്പിയില്‍ ധാന്യം നിറച്ച് ഒരു ചരടില്‍ തൂക്കിയിരിക്കുന്നു. അവിടത്തെ ഗൃഹ നാഥയോട് എന്തിനാണിതെന്ന് കൌതുകത്തോടെ ആരാഞ്ഞപ്പോള്‍ ‘അത് കിളികള്‍ക്ക് കഴിക്കാന്‍’ എന്ന മറുപടി കിട്ടി. അപ്പോഴാണ്‌ ഞാന്‍ ആ കുപ്പി ശരിക്കും ശ്രദ്ധിച്ചത്. അതിനു കീഴ്ഭാഗത്തായി ഒരു ദ്വാരം ഇട്ടു ഒരു പിടിയുള്ള പ്ലാസ്റ്റിക്‌ സ്പൂണ്‍ ചരിച്ചു ഘടിപ്പിച്ചിട്ടുണ്ട്. സ്പൂണിന്റെ. പിടിക്ക് കുറച്ചു കുഴിവും ഉണ്ട്. പക്ഷികള്‍ സ്പൂണിലെ ധാന്യം കൊത്തി തിന്നുന്നതനുസരിച്ചു ചരിച്ചു പിടിപ്പിച്ചിരിക്കുന്ന സ്പൂണിലേക്ക് ധാന്യം വന്നു വീണു കൊള്ളും. കുപ്പിയുടെ അടിയില്‍ പക്ഷികള്‍ക്കിരിക്കാനായി ഒരു ചെറിയ തടിക്കഷണവും ഘടിപ്പിച്ചു വെച്ചിട്ടുണ്ട്. ഇന്റെര്‍ നെറ്റില്‍ നോക്കിയാണത്രേ ആ പെണ്കുട്ടി ഈ വിദ്യ മനസ്സിലാക്കിയെടുത്തത്. കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കള ജനലക്കരികില്‍ അനക്കം കേട്ട ഞാന്‍ കണ്ടു തടിക്കഷണത്തില്‍ വന്നിരുന്നു ധാന്യം കൊത്തിതിന്നുന്ന ചെറു പക്ഷികള്‍. അടുക്കള ഗ്രില്ലിലും അവര്‍ വന്നിരിപ്പുണ്ട്. ചിലപ്പോള്‍ ജനലിലൂടെ അകത്ത് കടന്നാലും അവളെ കാണുമ്പോള്‍ അവര്‍ പറന്നു വെളിയില്‍ പോയിക്കൊള്ളുമത്രേ.

വീട്ടില്‍ വന്നയുടനെ ഞാന്‍ ചെയ്ത ഒരു കാര്യം ഒരു പ്ലാസ്റ്റിക്ക് കുപ്പിയില്‍ അരിമണികള്‍ നിറച്ചു സ്പൂണ്‍ ഘടിപ്പിച്ച് വരാന്തയില്‍ തൂക്കിയിടുകയായിരുന്നു. എന്റെ വീട്ടില്‍ വരുന്ന എല്ലാവരും ചോദിക്കുന്നുണ്ട് എന്താ ഇതെന്ന്. അവരോടൊക്കെ പൂനയിലെ പെണ്കുട്ടിയുടെ വീട്ടില്‍ കണ്ട നന്മ പറയുന്നുമുണ്ട്. ഇവടെ മുംബെയില്‍ പല വീടുകളിലും വേനല്ക്കാലത്ത് ബാല്ക്കുണിയില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ വെക്കുന്നത് കണ്ടിട്ടുണ്ട്. വേനലില്‍ ദാഹിച്ചു വരളുന്ന തൊണ്ട മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത്.

കായിക താരം അഞ്ജു ബോബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. കര്‍ണ്ണാടക സംസ്ഥാനത്തു താമസിക്കുന്ന അവരുടെ വീടിനു പുറകിലെ രണ്ടു സപ്പോട്ട മരങ്ങളുള്ളതില്‍ ഒന്നില്‍ നിന്ന് മാത്രമേ അവര്‍ കായ്‌ പറിക്കാറുള്ളു എന്ന്. മരങ്ങളില്‍ ഒരെണ്ണം കിളികള്‍ക്കും അണ്ണാനുമായി മാറ്റി വെച്ചിരിക്കുകയാണ്. പ്രകൃതിയിലുള്ള ജീവ ജാലങ്ങളെക്കുറിച്ച് അത്ര വിശാലമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമാണ് അങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ കഴിയുക.
ആന്ധ്രാ സംസ്ഥാനത്തു കൂടെ ട്രെയിനില്‍ സഞ്ചരിചിട്ടുള്ളവര്‍ക്കറിയാം നല്ലൊരു ഭാഗം വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന അവിടത്തെ ഭൂമിയെപ്പറ്റി. ഏത്രയോ മണിക്കൂറുകളാണ് വരണ്ട പ്രദേശങ്ങളിലൂടെ തീവണ്ടി ഓടുന്നത്!!!!. ഇങ്ങനെ ഉള്ള ഒരിടം അയല്‍ ഗ്രാമീണരുടെ സഹായത്തോടു കൂടി കിണര്‍ കുഴിച്ചു ജലസേചനം ചെയ്ത് അവിടം ഒന്നാം തരം കൃഷി ഭൂമിയാക്കിമാറ്റിയ മലയാളി ദമ്പതിമാരെപറ്റി ഓര്‍ക്കുന്നു. ചെടികളും പൂക്കളും വിളകളും ആയപ്പോള്‍ വരണ്ടുണങ്ങി കിടന്നിരുന്ന ആ പ്രദേശത്ത് കിളികളും പൂമ്പാറ്റകളും വന്നു തുടങ്ങി എന്ന് എത്ര ആഹ്ലാദത്തോടെയാണ് അവര്‍ പറഞ്ഞത്.

നമ്മള്‍ തീര്ച്ചയായും മറ്റുള്ളവരുമായി പങ്കു വെക്കേണ്ടതാണ്  നന്മയുടെ ഈ ചെറിയ പൊട്ടുകള്‍. പ്രകൃതി വിഭവങ്ങളും അതിലെ ജീവ ജാലങ്ങളും സരക്ഷിക്കപ്പെടെണ്ടതാണെന്ന അവബോധം നാം സമൂഹത്തിനുണ്ടാക്കിക്കൊടുക്കേണ്ട കാലം എപ്പോഴേ കഴിഞ്ഞു. ഒട്ടു മിക്ക മനുഷ്യരിലും അവബോധത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെയുള്ള പിഴവുകള്‍ സംഭവിക്കുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ധനം എത്ര സൂഷ്മതയോടെയാണ് നാം ചിലവാക്കുന്നത്. ഇന്ന് ഞാന്‍ മൊത്തമായി തീര്‍ത്താല്‍ നാളെ എനിക്ക് ഉണ്ടാകില്ല എന്ന് ഏതു മനുഷ്യനും അറിയാം. അത് പോലെ തന്നെയാണ് പ്രകൃതി എത്രയോ കാലമായി സൊരുക്കൂടിയ വിഭവങ്ങള്‍ ഒറ്റയടിക്ക് ഉപയോഗിച്ച് തീര്‍ക്കുകന്ന നാം ചെയ്യുന്നത് വരുവാനിരിക്കുന്ന തലമുറയോടു ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാണ്. നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും തീര്‍ന്നു പോയതിനെക്കുറിച്ചും വിലപിക്കാതെ നമ്മുടെ മുന്നില്‍ കിടക്കുന്ന അവസരങ്ങളെ നന്നായി വിനിയോഗിച്ചാല്‍ കുറച്ചെങ്കിലും നമുക്ക് തിരിച്ചു പിടിക്കാനാവും. മേല്‍പ്പറഞ്ഞതു പോലുള്ള നന്മയുടെ പൊട്ടുകള്‍ കൊണ്ടു നമുക്ക് ഈ ഭൂമിയെ നിറക്കാം. അതിനായി നമുക്ക് നമ്മുടെ മനസ്സുകളെ ആദ്രമാക്കാം. ഭൂമി എന്നത് മനുഷ്യന്റെ മാത്രം കുത്തകയല്ലെന്നും നമ്മുടെ പുഴകള്‍ക്കും കാടുകള്‍ക്കും മലകള്‍ക്കും അനേകം അവകാശികള്‍ ഉണ്ടെന്നും ആ അവകാശികളുടെ പരമ്പര ഇനിയും വരാനിരിക്കുന്ന എല്ലാത്തരം ജീവജാലങ്ങളുടെയും തലമുറ കൂടിയാണെന്നും അവയെ സംരക്ഷിക്കെണ്ടവര്‍ നമ്മള്‍ തന്നെയാണെന്നും എന്നതാകട്ടെ നമ്മുടെ പുതിയ ചിന്ത,ഉണര്‍ത്തു പാട്ട്.

(ചിത്രം ഗൂഗിളില്‍ നിന്നും)

Wednesday, November 20, 2013

സൌഹൃദത്തിന്റെ അതിരുകള്‍


കുട്ടികള്‍ക്ക് അവധിക്കാലം ആരംഭിച്ചാല്‍  മുംബെയില്‍ എല്ലാവരും തന്നെ അവരവരുടെ നാട്ടിലേക്ക് പോകും. നാട്ടിലേക്ക് പോകുന്ന ഒരുക്കത്തിനിടെ തമിഴ്‌ നാട്ടുകാരിയായ എന്‍റെ ഒരു കൂട്ടുകാരി കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് കൂടെയില്ലാതെ മക്കളുമായി തനിയെ നാട്ടില്‍ നിന്നും തിരിച്ചു മുംബൈയിലേക്ക് പോന്നപ്പോഴുണ്ടായ ഒരു അനുഭവം പറയുകയുണ്ടായി.
തീവണ്ടി പാതയില്‍ ചില തകരാറുകള്‍ വന്നത്‌ കൊണ്ടു ട്രെയില്‍ വഴി മാറി ഓടി പന്‍വേല്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ട അവള്‍ക്കു അസമയത്ത് കല്യാണ്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ടി വന്നു. രണ്ടു സ്ഥലങ്ങളും മുംബൈയുടെ രണ്ടു ഭാഗത്താണ്. കാര്യമായ ദൂരമുണ്ട്. പന്‍വേലില്‍ അവളെ കാത്തു നിന്ന ഭര്‍ത്താവിനെ ഇക്കാര്യം അറിയിക്കാനും അവള്‍ക്കായില്ല. ട്രെയിന്‍ കല്യാണില്‍ എത്തിയപ്പോഴാണ് അവള്‍ക്കു കാര്യം മനസ്സിലായത്. രണ്ടു കൊച്ചു കുട്ടികളുമായി ആ അസമയത്ത് അദ്ദേഹം വരുന്നവരെ അവള്‍ക്ക്‌ കാത്തു നില്‍ക്കേണ്ടി വന്നു.

“എന്താ അങ്ങനെ..? നിനക്ക് ട്രെയിനില്‍ ഇരുന്നു തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്തു വിവരം അറിയിക്കമായിരുന്നല്ലോ...? ട്രെയിനില്‍ ഇരുന്ന ആരും നിന്നോടു പറഞ്ഞില്ലേ ട്രെയിന്‍ വഴി മാറിയാണ് ഓടുന്നതെന്ന്...?” എന്ന എന്റെ സംശയത്തിനു അവള്‍ മറുപടി പറഞ്ഞത് ഇങ്ങനെ. ”ഞങ്ങള്‍ ടു ടയര്‍ എ.സി. കോച്ചിലായിരുന്നു. അവിടെ ആരും പരസ്പരം ഒന്നും മിണ്ടില്ലല്ലോ.”

ഒരു പച്ച പരമാര്‍ത്ഥം തന്നെയാണ് അവള്‍ ഇവിടെ പറഞ്ഞത്. ഇത് മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ആദ്യം ഒരു സെക്കന്റ് ക്ലാസ്സ്‌ ടിക്കറ്റില്‍ യാത്ര ചെയ്തു നോക്കണം. യാത്രക്കാര്‍ പരസ്പരം വീട്ടു വിശേഷങ്ങള്‍ പറഞ്ഞു, മക്കള്‍ പഠിക്കുന്ന കോളേജിനെയും കോര്‍സുകളെപ്പറ്റിയും അതിന്റെ ജോലി സാധ്യതയും ചര്‍ച്ച ചെയ്ത്, നാട്ടിലെ പച്ചക്കറി വിലയെക്കുറിച്ച്, പണ്ടില്ലാത്തതു പോലെ നാട്ടില്‍ ചൂടു കൂടിയത്, വെള്ളം കുറഞ്ഞത്, പവര്‍ കട്ട് ഇവയൊക്കെ പറ്റി ആവലാതിപ്പെട്ടു ലക്ഷ്യ സ്ഥാനത്തെത്തുന്നത് വരെ ഒരു വിരസതയും തോന്നാതെ അങ്ങനെ ഒന്നോ രണ്ടോ ദിവസം സഞ്ചരിച്ചു കൊണ്ടിരിക്കും. ആളുകള്‍ യാത്രക്കിടെ വാങ്ങിയ പത്രമാസികള്‍ കോച്ചു മൊത്തം നീങ്ങിക്കൊണ്ടിരിക്കും. കോച്ചിലുള്ള കുട്ടികള്‍ തമ്മില്‍ കളി സംഘങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഓരോരുത്തര്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന എല്ലാവരോടും യാത്ര പറഞ്ഞു ‘ശരി വീണ്ടും കാണാം’ എന്ന് പറഞ്ഞു തീവണ്ടിയില്‍ നിന്നും ഇറങ്ങും. ലഗേജ് എടുത്തു നടന്നു നീങ്ങുന്നതിനിടെ ചിലപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഒന്ന് കൂടെ കൈ ഉയര്‍ത്തിയെന്നും ഇരിക്കും .
ഇനി ഇതേ യാത്ര ത്രീ ടയര്‍ എ.സി. യില്‍ ആണെങ്കിലോ. ചിലര്‍ സംസാരിക്കുവാന്‍ സന്മനസ്സ് കാട്ടും. അപൂര്‍വമായി കയ്യിലുള്ള വരികയോ പത്രമോ ആളുകള്‍ ഒന്ന് മാറി വായിച്ചെന്നും ഇരിക്കും. എവിടെയാ ഇറങ്ങേണ്ടത് എന്നൊക്കെ സംസാരിച്ചെന്നും വരാം. യാത്രക്കിടെയുള്ള ഇടക്ക്‌ ഉറക്കം കഴിഞ്ഞു മുഖം കഴുകി ഇരിക്കുമ്പോള്‍ നമ്മള്‍ നേരത്തെ കണ്ടായിരുന്നല്ലോ എന്ന ഭാവത്തില്‍ പുഞ്ചിരിച്ചെന്നിരിക്കും. അങ്ങനെ ഒന്നോ ഒന്നരയോ ദിവസത്തെ യാത്ര കഴിഞ്ഞ് ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തുമ്പോള്‍ ചിലര്‍ മുഖം ഒന്ന് ചലിപ്പിച്ചു പോകുന്നു എന്നൊരു ആഗ്യവും കാണിച്ചാലായി.

ഇനി ഈ യാത്ര ടു ടയര്‍ എ സി യില്‍ ആയാല്‍ സംഗതി ആകെ മാറി. ആളുകള്‍ വരുന്നു. സീറ്റില്‍ ഇരിക്കുന്നവരുടെ മുഖത്ത് പോലും നോക്കാതെ ടിക്കറ്റ് നോക്കി തങ്ങളുടെ സീറ്റ്,ബെര്‍ത്ത് ഇതൊക്കെ ശരിയാണോ എന്ന് ഉറപ്പു വരുത്തുന്നു. ലഗേജുകള്‍ സീറ്റിനടിയില്‍ വെച്ചശേഷം ചുണ്ടുകള്‍ പരസ്പരം കൂട്ടി യോജിപ്പിച്ചു സാധിക്കുന്നയത്ര ഗൌരവത്തില്‍ അങ്ങനെ ഇരിക്കും. ഒരു ദിവസം കഴിഞ്ഞു രണ്ടാം ദിവസത്തെ യാത്ര തുടര്‍ന്നാലും ഈ കൂട്ടര്‍ യാത്ര തുടങ്ങിയ സമയത്തെ ഭാവവുമായി അങ്ങനെ തന്നെ ഇരിക്കുന്നുണ്ടാകും.
സെക്കന്‍റ് ക്ലാസ്‌, ത്രീ ടയര്‍ എ സി, ടു ടയര്‍ എ സി ഇങ്ങനെ കുറഞ്ഞ യാത്രാ നിരക്കില്‍ നിന്നും കൂടിയ യാത്ര നിരക്കിലേക്ക് യാത്ര ചെയ്യുന്നതനുസരിച്ച് സൌഹൃദവും കുറയുന്നു. എത്ര മിണ്ടാതിരിക്കുന്നുവോ അത്രയും മാന്യത. അതാണത്രേ സംസ്കാരം.

ഇനി നമ്മള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവിടെ മാന്യത കുറച്ചു കൂടി കൂടുതലാണ്. അന്താരാഷ്‌ട്രയാത്രകള്‍ നടത്തിയിട്ടില്ലാത്തതുകൊണ്ട് ആ അറിവ് എനിക്കില്ല. ഇന്ത്യക്കകത്തെ വിമാന യാത്രയെക്കുറിച്ചാണ് പറയുന്നത്. ദില്ലി വിമാനത്തവളത്തില്‍ നിന്ന് കൊച്ചിയിലേക്കോ തിരുവനന്തപുരത്തെക്കോ പോകുന്ന വിമാനങ്ങളില്‍ ഭൂരിപക്ഷം ആളുകളും മലയാളികള്‍ തന്നെയായിരിക്കും. വിമാനം ബാംഗ്ലൂര്‍ വഴിയോ മുംബൈ വഴിയോ പോകുന്നെങ്കില്‍ വളരെ കുറച്ചു അന്യ നാട്ടുകാര്‍ അവിടെ ഇറങ്ങുവാന്‍ കാണും. മുംബൈയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തിലും മിക്കവാറും നമ്മുടെ നാട്ടുകാര്‍ തന്നെ. എന്നാലും ചെക്ക് ഇന്‍ ചെയ്തു കഴിഞ്ഞു ബോര്‍ഡിംഗ് ഗേറ്റ് കടക്കുവാന്‍ ക്യൂ നില്‍ക്കുമ്പോഴും ആളുകള്‍ പരസ്പരം നോക്കുകയോ ചിരിക്കുകയോ ചെയ്യില്ല. എല്ലാവരും തങ്ങളുടെ ടിക്കറ്റും കയ്യില്‍ പിടിച്ചു ഗൌരവത്തില്‍ അങ്ങനെ ക്യൂ വിലൂടെ നീങ്ങിക്കൊണ്ടിരിക്കും. അത് വിമാന യാത്രയുടെ സംസ്കാരത്തിന്, നമ്മള്‍ മുടക്കിയിട്ടുള്ള വിമാന കൂലിക്ക് ചേര്‍ന്നതല്ല എന്നാന്നു മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്ന്‌ പരസ്പരം മുഖത്തോടു മുഖം നോക്കുമ്പോള്‍ കണ്ണുകള്‍ നേര്‍ക്ക്‌ നേര്‍ വരുമ്പോള്‍ സൌഹൃദ ഭാവത്തില്‍ ഒന്ന് പുഞ്ചിരിക്കുമ്പോള്‍ എന്ത് നഷ്ടമാണ് വരുന്നത് എന്ന് മനസ്സിലാകുന്നില്ല.

 കഴിഞ്ഞ കൊല്ലം ഞങ്ങള്‍ കാശ്മീരില്‍ താമസിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്കിടെ ഞാന്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറുവാനായി ബോര്‍ഡിംഗ് ഗേറ്റ് കടക്കുവാനുള്ള ക്യൂവില്‍ നില്‍ക്കുകയാണ്. ആ യാത്രയില്‍ ഞാന്‍ തനിയെ ആയിരുന്നു. സാമാന്യം വലിയ ഒരു ക്യൂ. ഞാന്‍ ക്യൂവിന്റെ ഏകദേശം പുറകിലാണ്. അത് കൊണ്ടു അലസമായി അങ്ങനെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ്‌ ക്യൂവിന്റെ ഒരു സൈഡില്‍ കൂടെ പ്രശസ്ഥ ഗായിക ഉഷാ ഉതുപ്പ്‌ ഒരു സഹായിയുടെ കൂടെ ധൃതിയില്‍ നടന്നു വരുന്നത് കണ്ടത്. അവരെ കാണുന്നതിനു മുമ്പ്‌ സ്വര്‍ണ്ണത്തരികളുടെ ഡിസൈന്‍ ഉള്ള മെറൂണ്‍ നിറത്തിലെ വലിയ സ്റ്റിക്കര്‍ പൊട്ടാണ് എന്റെ കണ്ണില്‍ പെട്ടത്. ഈ പൊട്ട് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ ദീദി തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ ഒന്നും ആലോചിക്കാതെ പെട്ടെന്ന്‍ അവരെ ‘ദീദി’ എന്ന് വിളിച്ചു. വളരെ ധൃതിയില്‍ നടന്നു പോവുകയായിരുന്ന അവര്‍ ഒരു നിമിഷം എന്നെ നോക്കി “ഹലോ...ഹായ്..’എന്ന് പറഞ്ഞു ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച ശേഷം ശേഷം അതെ ധൃതിയില്‍ നടന്നു പോയി. വേറെ ഏതോ വിമാനത്തില്‍ കയറുവാന്‍ വേണ്ടി തിരക്കിട്ട് അടുത്ത ബോര്‍ഡിംഗ് ഗെയിറ്റിലേക്ക് പോകുകയായിരുന്നു അവര്‍. ആ ഗെയിറ്റില്‍ കുറച്ചു നേരം മുമ്പുണ്ടായിരുന്ന ക്യൂ വിലെ ആളുകള്‍ എല്ലാവരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ദീദി സമയം വൈകി എത്തിയതു പോലെയാണ് എനിക്ക് തോന്നിയത്. അവര്‍ കടന്നു പോയ ഉടനെ എന്റെ തൊട്ടടുത്ത് നിന്ന ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു.

“നിങ്ങളെ അവര്‍ക്ക് അറിയാം അല്ലെ...? എങ്ങനെയാണ് പരിചയം...?”
“ഇല്ല അവര്‍ക്ക് എന്നെ ഒരു പരിചയവും ഇല്ല.” ഞാന്‍ പറഞ്ഞു.
 “നിങ്ങളെ നല്ല പരിചയം ഉള്ളതുപോലെയാണല്ലോ അവര്‍ പെരുമാറിയത്. ഓ...നിങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാറുണ്ടായിരുന്നു അല്ലേ..?"
 “അതും ഇല്ല. അവര്‍ ഒരു പ്രശസ്തയല്ലേ അത് കൊണ്ടു ഞാന്‍ അവരെ വിളിച്ചു എന്നെ ഉള്ളു.”

കാണികകളുമായി വളരെ സൌഹൃദത്തില്‍ സ്റ്റേജു ഷോ ചെയ്യുന്ന അവരെ എന്നും എനിക്ക് വളരെ ഇഷ്ടമാണ്. എത്ര സ്നേഹത്തോടെയാണ് അവര്‍ കാണികളോട് പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ മറുപടി കേട്ട മേല്‍പ്പറഞ്ഞ ചെറുപ്പക്കാരന്‍ വിശ്വാസം വരാത്ത പോലെ എന്നെ നോക്കി.  വിമാന യാത്രയില്‍ ഞാന്‍ ഒരേ ഒരിക്കല്‍ കേട്ട കുശല വര്‍ത്തമാനം ആയിരുന്നു അത്. അതു കൊണ്ടു തന്നെ അയാള്‍ എനിക്ക് ഒരു അത്ഭുതമായി തോന്നി. അങ്ങനെ ഇടക്ക്‌ വീണു കിട്ടുന്ന ഇത് പോലുള്ള അത്ഭുതങ്ങളല്ലേ നമ്മുടെ ഓര്‍മ്മയുടെ ചെപ്പില്‍ നാം മറക്കാതെ സൂക്ഷിക്കുന്ന മണിമുത്തുകള്‍ !!!

(ചിത്രം ഗൂഗിളില്‍ നിന്നും)

Tuesday, May 14, 2013

ചില തിരിച്ചറിവുകള്‍


കഴിഞ്ഞ ദിവസം ഇവിടെ മുംബൈയില്‍ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടായി. കവി മധുസൂദനന്‍ നായരായിരുന്നു. അതിലെ മുഖ്യാഥിതി. സമ്മേളനാവസാനം അദ്ദേഹം തന്റെ ഒരു കവിതയും അവതരിപ്പിക്കുകയുണ്ടായി. പ്രവാസജീവിതം നയിക്കുന്ന ഒരച്ഛന്‍ ഒരിക്കലും അച്ഛന്റെ നാട് കണ്ടിട്ടില്ലാത്ത മക്കളുമായി നാടുകാണുവാന്‍ വരുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. നാട്ടില്‍ എത്തുന്നതിനു മുമ്പ് ആ അച്ഛന്‍ പലപ്പോഴായി ജനിച്ചു വളര്‍ന്ന നാടിനെപ്പറ്റി മക്കള്‍ക്ക് ‌ പറഞ്ഞു കൊടുത്തത് കൊണ്ടു മക്കള്‍ അച്ഛന്റെ നാടു കാണുവാന്‍ വല്ലാത്തൊരാവേശത്തിലായിരുന്നു.

പക്ഷേ മക്കളുമായി അവിടെ ചെന്ന അദ്ദേഹം കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അവിടെ അദ്ദേഹം ജനിച്ചു വളര്‍ന്ന വീടേ ഉണ്ടായിരുന്നില്ല. പകരം ആ സ്ഥാനത്ത് അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങള്‍!!!! വീടിന്റെ പുറകില്‍ നിന്നിരുന്ന മലയും, അതിനടുത്തുകൂടെ ഒഴുകിയിരുന്ന പുഴയും ഒന്നും അദ്ദേഹത്തിന് മക്കളെ കാണിച്ചു കൊടുക്കാനായില്ല. പച്ചപ്പിന്റെ കാഴ്ചയേ ആ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. വേദനയോടെ ആ കാഴ്ച കണ്ട അച്ഛന്‍ ചോദ്യഭാവത്തില്‍ നോക്കിയ മക്കളോടു പറയുന്നു. ഈ ടാറിട്ട റോഡിനും ടൈല്സിട്ട കെട്ടിടങ്ങള്‍ക്കും അടിയിലായി ഞാന്‍ വളര്‍ന്ന വീടും അതിന്റെ പടിപ്പുരയും അതിനു പിന്നിലെ മലയും പുഴയും ഒക്കെ ഉണ്ടായിരുന്നു എന്ന്.

തുടര്‍ന്ന് ആ അച്ഛന്‍ താന്‍ അവിടെ ജീവിച്ച ബാല്യ കാലത്തെക്കുറിച്ച് പറയുന്നു. ഒരു പ്രാണിയെയോ ജീവിയെയോ ഉപദ്രവിച്ചാല്‍ ശാസിച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്ന ആ വീട്, ഉറുമ്പുകള്‍ക്ക് വരെ ഓണസദ്യ ഊട്ടിയിരുന്ന ഒരു കാലം. മഴവെള്ളത്തില്‍ മൂത്രം ഒഴിച്ചാല്‍ പരലോകത്ത് ചെല്ലുമ്പോള്‍ മൂത്രം കുടിക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിച്ചിരുന്ന നാളുകള്‍. മാവില്‍ ഉണ്ടായ പഴുത്ത മാങ്ങകള്‍ അണ്ണാറക്കകണ്ണന്മാര്‍ തിന്നു കളഞ്ഞു എന്ന് പരാതി പറഞ്ഞ ഉണ്ണിയോട് ഉയര്‍ന്ന കൊമ്പുകളിലെ മാങ്ങകള്‍ കിളികളുടെയും അണ്ണാറക്കണ്ണന്മാരുടെയും അവകാശമാണെന്നു അമ്മ പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെ ഓരോ ചെറിയ കാര്യത്തിലും നന്മയുടെ പാഠങ്ങള്‍ മാത്രം കേട്ട് വളര്‍ന്ന ഒരു ബാല്യം. സഹജീവികളെയും ചരാചരങ്ങളെയും സ്നേഹിച്ചു ജീവിച്ച ആ കാലം.

അതിമനോഹരമായ വരികളില്‍ കവി ഇത് പാടിയപ്പോള്‍ സദസ്സ് നിശ്ചലമായി. ഈ ഭൂമി തന്റേതു മാത്രമാണ് എന്ന ധാഷ്ട്യത്തോടെ ജീവിക്കുന്ന പുതിയ തലമുറ തികച്ചും അത്ഭുതത്തോടെയാണ് ആ വരികള്‍ ശ്രവിച്ചത്. 'ഒരു പുനര്‍ ചിന്ത ഇനിയെങ്കിലും വേണ്ടേ...?' എന്ന ഭാവത്തില്‍ എല്ലാവരും പരസ്പരം നോക്കി. ആരാണ് ഈ തലമുറയെ ഭൂമി തങ്ങളുടേത് മാത്രം എന്ന മൂഡ ചിന്തയിലേക്ക് നയിച്ചത്...? ഒരു സംശയവും വേണ്ട.... ഈ മൂല്യച്യുതിയുടെ കാരണക്കാര്‍ തൊട്ടു മുന്നിലുള്ള തലമുറ തന്നെയാണ്. ഭൂമിയിലുള്ള മറ്റു ചരാചരങ്ങളെ മറന്നു ഞാന്‍ മനുഷ്യന്‍, എന്റേത് മാത്രമാണ് ഈ ഭൂമി എന്ന് ചിന്തിച്ചു വശായ ഒരു വര്‍ഗം കാണിച്ചു കൂട്ടി കോപ്രായങ്ങളാണ് ഇതിന്റെ എല്ലാം കാരണം. അങ്ങനെ വളര്‍ത്തിയെടുത്ത പുതിയ തലമുറയെ സാമൂഹ്യ ബോധം പോലും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നു പോയി എന്ന കുറ്റബോധമെങ്കിലും ഉണ്ടാക്കാനായി നന്മയുടെ ആ നല്ല കവിതയ്ക്ക്. എന്റെ മക്കള്‍ ഏറ്റവും മുന്തിയ സ്കൂളില്‍, ഏറ്റവും മാര്‍ക്ക് എന്റെ മകന്, പരീക്ഷയില്‍ മാര്‍ക്ക് വരുമ്പോള്‍ അവനെ നമുക്ക് തോല്‍പ്പിക്കണം എന്നൊക്കെ കേട്ട് വളര്‍ന്ന ഒരു തലമുറക്ക് വളര്‍ന്നു വലുതായാലും ഇങ്ങനെയൊക്കെത്തന്നെയല്ലേ ചിന്തിക്കാനാവൂ. അവനെ തോല്‍പ്പിച്ചു എനിക്ക് ഒന്നാമനാകണം എന്ന് കേട്ട് ശീലിച്ച ഒരു കുട്ടി തോല്‍പ്പിച്ചു ജയിക്കുന്ന പഠമല്ലാതെ വേറെന്താണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക...?

വികസനവും ആധുനികതയും മറ്റുള്ളവരെ ചവിട്ടി മെതിച്ചു കൊണ്ടാകരുത് എന്നൊക്കെ നാം ഇപ്പോള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കുന്നത് കതിരില്‍ വളം വെക്കുന്നതിന് തുല്യമാണ്. അതിനുള്ള പാഠങ്ങള്‍ നമ്മള്‍ വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. പണ്ടെങ്ങും കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ പീഡന വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരുന്നു നമ്മുടെ വര്‍ത്തമാന പത്രത്തിന്റെ താളുകള്‍!!! ശിശു പീഡനത്തില്‍ വരെ എത്തി നില്ക്കുതന്നു ഇപ്പോള്‍ നമ്മുടെ സംസ്കാരം. ഒരു പെണ്കുഞ്ഞിന്റെ ചിത്രം ടി വി യില്‍ കാണിച്ചാല്‍ മുഖം മറച്ചു കാണിക്കേണ്ട ഒരു സമൂഹത്തിന്റെ ഗതികേട് തീര്‍ച്ചായായും ഗൌരവത്തോടെ തന്നെ ചിന്തിക്കേണ്ടതാണ്. എട്ടു വയസ്സ്കാരന്‍ വരെ പീഡനക്കേസില്‍ പ്രതിയായ തരത്തില്‍ നമ്മുടെ നാടിന്റെ സംസ്കാരം അധപ്പതിച്ചു പോകുവാന്‍ തരത്തില്‍ എന്താണ് ഈ ചുരുങ്ങിയ കാലയളവ് കൊണ്ടു സംഭവിച്ചത്..?. ഈ പറഞ്ഞ എട്ടു വയസ്സുകാരനും ഒരു അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷയില്‍ രൂപപ്പെട്ടു നിഷ്ക്കളങ്കനായി ഭൂമിയിലേക്ക്‌ പിറന്നവനാണ്. മറ്റേതു ശിശുവിനെപ്പോലെയും അവനും തിളര്‍ക്കമാര്‍ന്ന കണ്ണുകളോടെ ചുറ്റും നോക്കി, പിഞ്ചു കാലടികള്‍ വെച്ച് ഭൂമിയില്‍ നടന്നു പഠിച്ചു. പക്ഷെ പിന്നീടുള്ള അവന്റെ വളര്‍ച്ചയില്‍ ആ കുട്ടിയെ നശിപ്പിച്ചു കളഞ്ഞത് അവന്‍ വളര്‍ന്ന സാഹചര്യമാണ്. വെറും എട്ടു കൊല്ലം മാത്രം മതിയായിരുന്നു ഒരു പിഞ്ചു കുഞ്ഞില്‍ നിന്നും ഒരു കുറ്റവാളിയിലേക്കുള്ള രൂപ മാറ്റത്തിന്. യഥാര്‍ത്ഥത്തില്‍ അവനാണോ കുറ്റവാളി..?. അവനെ അങ്ങനെയാക്കിയ സമൂഹത്തിന് അതില്‍ നല്ലൊരു പങ്കുണ്ട് എന്നത് വിസ്മരിച്ചു കൂടാ. ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛനമ്മമാരും ചീത്ത സാഹചര്യങ്ങളും ആണുള്ളത് എന്ന് എവിടെയോ വായിച്ചു കേട്ടത് ഓര്‍ക്കുന്നു.

മേല്‍പ്പറഞ്ഞ കവിതയില്‍ കവി പറഞ്ഞതും വളരെ പണ്ടത്തെ കാര്യങ്ങളൊന്നുമായിരുന്നില്ല. വിരലിലെണ്ണാവുന്ന പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കാര്യങ്ങള്‍ മാത്രം!!!. കവിതയിലെ അച്ഛന്‍ ജീവിച്ച മുപ്പതോ നാല്‍പ്പതോ കൊല്ലം മുമ്പത്തെ നാളുകളിലെ കാര്യങ്ങള്‍. അപ്പോള്‍ ഈ മൂല്യച്ച്യുതി സംഭവിച്ചത് ഈ ഒരു ചെറിയ കാലയളവ് കൊണ്ടാണെന്ന സത്യത്തില്‍ ആരുടെ തലയാണ് താഴ്ന്നു പോകാത്തത്....? ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല ചരാചരങ്ങളെയും സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്, അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.

Monday, April 22, 2013

നല്ല അയല്ക്കാരന്‍


കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള അമ്പലപ്പറമ്പിലാണ് ആദ്യമായി അവരെ കണ്ടത്. തമിഴ്‌ പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. അവര്‍ കുറെ അധികം പേരുണ്ടായിരുന്നു. ആ പറമ്പില്‍ തന്നെ അവര്‍ കുറെ നാള്‍  വെച്ചു കുടിച്ചു കിടന്നു. അവരുടെ സ്ത്രീകള്‍ മാറാപ്പില്‍ കുഞ്ഞുങ്ങളെ തൂക്കിയിട്ടു പകല്‍ നേരങ്ങളില്‍ "കല്ല്‌  കൊത്താനുണ്ടോ അമ്മി കൊത്താനുണ്ടോ...?” എന്ന് ചോദിച്ചു വീടുകളില്‍ കയറി ഇറങ്ങി, കിട്ടുന്നിടത്തുന്നൊക്കെ കഞ്ഞിയോ മറ്റെന്തെങ്കിലും ഭക്ഷണമോ ഭിക്ഷ ചോദിച്ചു വാങ്ങിക്കഴിച്ചു.

 കാടാറു മാസം നാടാറു മാസമായി കഴിയുന്ന നാടോടികളത്രേ ഇവര്‍. ഇത് നാടല്ലേ അപ്പോള്‍ ആറു മാസം കഴിയുമ്പോള്‍ അവര്‍ കാട്ടില്‍ പോയി താമസിക്കും എന്നൊക്കെയാണ് കുട്ടികളായ ഞങ്ങള്‍ വിചാരിച്ചിരുന്നത്.

“കള്ളക്കൂട്ടങ്ങളാ...ഈ പാണ്ടിക്കാര്‍. പിള്ളേരെ പിടിച്ചു കൊണ്ടു പോകും  പകല്‍ സമയം വീട് നോക്കിവെച്ചു രാത്രി മോഷ്ടിക്കാന്‍ വരും” അവരെ വീടുകളില്‍ കയറ്റുന്നവര്‍ക്കൊക്കെ വേറെ ചിലര്‍ മുന്നറിയിപ്പ് തന്നു. അങ്ങനെ ഭിക്ഷക്ക് നടക്കുന്ന ആരും ഞങ്ങള്‍ക്ക് പാണ്ടിക്കാരായി. പിള്ളേര്  പിടുത്തക്കാരായി.കള്ളന്മാരായി. പിന്നീട് മുതിര്‍ന്നപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ച എനിക്ക് എവിടെ ചെന്നാലും തമിഴ്‌ കുടുംബങ്ങളെ സുഹൃത്തുക്കളായി കിട്ടുമായിരുന്നു. നാട്യങ്ങളില്ലാതെ, വാക്കുകളില്‍ കാണുന്ന സ്നേഹം പ്രവൃത്തിയില്‍ കാണിക്കുന്നവര്‍. ഓഫീസിലും ഏറ്റവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ തമിഴരാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെയും കുറെ നാള്‍ കഴിഞ്ഞു മൂന്നു വര്‍ഷം ചെന്നെയില്‍ താമസമാക്കിയപ്പോഴാനു തമിഴ്‌ ജീവിതം എന്തെന്നും തമിഴന്‍ ആരെന്നും ഞാന്‍ ശരിക്ക് മനസ്സിലാക്കിയത്‌. വഴിയില്‍ ഒരാള്‍ക്ക് ‌ സഹായം ചെയ്തു കൊടുക്കുവാന്‍ തമിഴന് യാതൊരു പരിചയവും വേണ്ട.തമിഴ്‌ നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ യാത്രയാണ് ഏറെ കൌതുകകരം. അവിടെ കണ്ടക്റ്റര്‍ ടിക്കറ്റ്,ടിക്കറ്റ് എന്ന് പറഞ്ഞു ഒരിക്കലും തിങ്ങി നിറഞ്ഞു നില്ക്കു ന്ന ആളുകള്‍ക്കിടെ നടക്കില്ല. അയാള്‍ ബസ്സിനുള്ളില്‍  എവിടെ എങ്കിലും ഒരിടത്ത് നില്ക്കുന്നുണ്ടാകും ആളുകള്‍ ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു പൈസ തൊട്ടു മുന്നില്‍ നില്ക്കു ന്ന ആളിന്റെ കയ്യില്‍ കൊടുക്കും. ആ പൈസ കൈ മാറി മാറി സഞ്ചരിച്ചു കണ്ടക്ടറുടെ കൈയ്യില്‍ എത്തും. ടിക്കറ്റും ബാക്കി പൈസ ഉണ്ടെങ്കില്‍ അതും ഇത് പോലെ തന്നെ തിരിച്ച് സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കിട്ടും.  അങ്ങനെ  ബസ്സില്‍ കയറുന്ന എല്ലാവരും മറ്റുള്ളവരുടെ ടിക്കറ്റ് എടുത്തു കൊടുക്കുന്നവരില്‍ ശ്രദ്ധാലുക്കളായി നില്ക്കുന്നുണ്ടാകും. തിരക്കുള്ള ബസ്സില്‍ ഒരു സ്ത്രീ പുരുഷന്മാര്‍ക്കിടെ പെട്ടു പോയെന്നിരിക്കട്ടെ ഉടനെ തന്നെ ചുറ്റുമുള്ള പുരുഷന്മാര്‍ നീങ്ങി നിന്ന് അവര്‍ക്ക്  സ്വസ്ഥമായി നില്ക്കുവാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കും.

ഒരു പുതു നഗരത്തില്‍ ആദ്യമായി യാത്ര ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ടും ചെന്നെയ്‌ നഗരത്തില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. എവിടെ എങ്കിലും പോകുമ്പോള്‍ ഒരാളോട് വഴി ചോദിച്ചാല്‍ കേട്ടു നില്ക്കുന്ന എല്ലാവരും കൂടെ ചുറ്റും നിന്ന്  വഴി പറഞ്ഞു തരും. ചിലര്‍ വാ...എന്ന് പറഞ്ഞു  നമ്മുടെ കൂടെ തന്നെ വന്നു കളയും !!!

എളിമ ഒരു മനുഷ്യന് എങ്ങനെ അലങ്കാരമാകുന്നു എന്ന് ഞാന്‍ പഠിച്ചതും ചെന്നെയിലെ ജീവിതം കൊണ്ടു തന്നെ. അവിടെ ജീവിച്ച സമയത്ത് നാട്ടില്‍ എത്തുമ്പോഴെല്ലാം മനസ്സില്‍ തോന്നിയുണ്ട് മറ്റുള്ളവര്‍ക്ക് എത്ര  പുച്ഛം തോന്നിപ്പിക്കുന്ന പൊങ്ങച്ചത്തിലാണ് നമ്മള്‍ മലയാളികള്‍ പെരുമാറുന്നതെന്ന്.ഒരിക്കല്‍ ഞങ്ങള്‍ മകന്‍ ഒരു സൈക്കിള്‍ വാങ്ങുന്നതിന് വേണ്ടി കടയില്‍ നില്‍കയായിരുന്നു. കടയുടെ മുന്നില്‍ വെച്ചിട്ടുള്ള ഹീറോ  സൈക്കിളുകള്‍ നോക്കുന്നതിനിടെ  വഴിയിലൂടെ നടന്നു പോകുകയായിരുന്ന  ഒരു പ്രായമായ മനുഷ്യന്‍ അരികിലേക്ക്  വന്നു. കയ്യില്‍ സാധാരണ തമിഴ്‌നാട്ടുകാരന്റെ അടയാളമായ മഞ്ഞ തുണിസഞ്ചിയും അതില്‍ പച്ചക്കറിയും ഉണ്ട്.

“ഈ സൈക്കിള്‍ കിട്ടുന്നതിനു വേണ്ടി നീ എത്ര നാള്‍ അച്ഛനെയും അമ്മയെയും ശല്യപ്പെടുത്തി..? അയാള്‍ മകനോടു തമാശ ചോദിച്ചു.

അവന്‍ പെട്ടെന്ന് “ഒരു മാസം” എന്ന് പറഞ്ഞു. അത് കേട്ടു ചിരിച്ചു കൊണ്ടു അയാള്‍ അവനു ഹീറോയുടെ തന്നെ വിവിധ തരത്തിലുള്ള സൈക്കിളുളെപ്പറ്റി പറഞ്ഞു കൊടുത്തു,നിറം തിരഞ്ഞെടുക്കുവാന്‍ സഹായിച്ചു. ഒടുവില്‍ പോകുവാന്‍ നേരം അദ്ദേഹം പറഞ്ഞു. അദ്ദേഹം ഹീറോ സൈക്കിളിന്റെ കമ്പനിയില്‍ നിന്നും ഏറ്റവും ഉന്നത സ്ഥാനത്തുനിന്നും വിരമിച്ച ആളാണത്രേ. ഇദ്ദേഹം തമിഴ്‌ ജനതയുടെ ലാളിത്യത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം. ഇത് പോലെ അമ്പരിപ്പിച്ച എത്രയോ പേരെ ചെന്നെയ്‌ ജീവിതത്തില്‍ ഞങ്ങള്‍ കണ്ടു മുട്ടി!!!!ഞങ്ങള്‍ ചെന്നെയില്‍ ചെന്ന് രണ്ടു മൂന്നു ദിവസം  കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരു രാത്രിയിലെ ഒത്തു കൂടലിനു പോയി. ഇരുപതു മിനിറ്റോളം നടക്കാവുന്ന ദൂരമേ രണ്ടു വീടുകള്‍ തമ്മില്‍ ഉള്ളു. അങ്ങോട്ടുള്ള വഴി നിശ്ചയം ഇല്ലാതിരുന്നതുകൊണ്ട്  സുഹൃത്തിന്റെ മകന്‍ വന്നു ഞങ്ങളെ കൂട്ടി കൊണ്ടു പോകുകയും ചെയ്തു. കുറച്ചു ദൂരമല്ലേ ഉള്ളു. നടന്നു പോകാം പുതിയ വഴികളും കാണാം എന്ന് വിചാരിച്ചു നടന്നാണ് ഞങ്ങള്‍ പോയത്. എല്ലാം കഴിഞ്ഞു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. വഴി മനസ്സിലായി ഞങ്ങള്‍ പോയ്ക്കോളാം എന്ന് പറഞ്ഞു തിരികെ പോന്ന ഞങ്ങള്‍ക്ക് പക്ഷേ വഴി  തെറ്റി. അത് മനസ്സിലാക്കാതെ ഞങ്ങള്‍ കുറച്ചു ദൂരം നടന്നു .ഓരോ റോഡിനും ഏതാനും അടി നടന്നു കഴിയുമ്പോള്‍  സമാന്തര റോഡുകള്‍. എല്ലാ റോഡുകളും ഒരുപോലെ തോന്നി. ഞങ്ങള്‍ താമസിക്കുന്ന റോഡിലേക്കുള്ള വഴി അറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നേരം നടന്നു. എത്ര നടന്നിട്ടും വഴി തിരിച്ചറിയുന്നില്ല. എവിടെ വെച്ചാണ്  വഴി തെറ്റിയത് എന്ന് മനസ്സിലാക്കാതെ ആ രാത്രി നേരത്തുള്ള ആ അലച്ചില്‍  കുറച്ചു പരിഭ്രാന്തരാക്കുകയും ചെയ്തു.  ആരോടു ചോദിക്കും..? ഒരു മനുഷ്യനെപ്പോലും ആ പാതിരാ നേരത്ത് വഴിയില്‍ കാണുന്നും ഇല്ല. മിക്ക വീടുകളിലും ഫ്ലാറ്റുകളിലും വെളിച്ചവും അണഞ്ഞു കഴിഞ്ഞു. ആളുകളെ വിളിച്ചുണര്‍ത്തി  വഴി ചോദിക്കുന്നതിന്റെ ഔചിത്യക്കുറവില്‍ ഞങ്ങള്‍ ആകെ വിഷമിച്ചു നിന്ന സമയത്താണ് ഒരു മനുഷ്യന്‍ ധൃതിയില്‍ സൈക്കിളുംചവിട്ടി  അത് വഴി വന്നത്. ഞങ്ങള്‍ അദ്ദേഹത്തെ തടഞ്ഞു  നിര്‍ത്തി  ഞങ്ങള്‍ താമസിക്കുന്ന റോഡിന്റെ പേര് പറഞ്ഞു വഴി ചോദിച്ചു. അദ്ദേഹം ഉടനെ “എന്റെ കൂടെ വാ ഞാന്‍ കൊണ്ടു പോകാം ഇവിടെ പുതുതായി വന്നവരായിരിക്കും അല്ലേ...? വിഷമിക്കാതെ”  എന്ന് പറഞ്ഞു സൈക്കിളും തള്ളി ഞങ്ങളുടെ കൂടെ നടന്നു താമസിക്കുന്ന റോഡില്‍ എത്തിച്ചു. റോഡിലേക്ക് തിരിഞ്ഞപ്പോഴേ "ഞങ്ങള്‍ക്ക്  വഴി മനസ്സിലായി ഇനി പൊയ്ക്കൊള്ളു" എന്ന് നന്ദി പറഞ്ഞു മടക്കി അയക്കാന്‍ ശ്രമിച്ചു എങ്കിലും അത് സമ്മതിക്കാതെ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് വരെ എത്തിച്ചിട്ടെ അദ്ദേഹം പോയുള്ളൂ. അയാള്‍ ആ രാത്രിയില്‍ ആര്‍ക്കോ  സുഖമില്ല എന്ന് കേട്ടിട്ട് അത്യാവശ്യമായി ഒരിടത്ത് പോകുകയായിരുന്നു.”വരേന്‍..അപ്രം പാര്‍കലാം ”എന്ന് പറഞ്ഞു ധൃതിയില്‍ സൈക്കിളില്‍ കയറിപ്പോയ ആ മനുഷ്യനെ  ഞങ്ങള്‍ പിന്നീട് കണ്ടു മുട്ടിയുതും ഇല്ല.

ഫലഭൂയിഷ്ടമായ മണ്ണും എത്ര പൊരിവെയിലിലും അതില്‍ എല്ലുമുറിയെ പണിയാന്‍ പണിയാന്‍ മനസ്സുള്ള മനുഷ്യരുള്ള തമിഴ്‌ ഗ്രാമങ്ങള്‍. പക്ഷെ അത് മാത്രം പോരല്ലോ ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ വേണ്ടത്. അതിനു  വേണ്ട വെള്ളം മാത്രം അവിടെയില്ല. അത് കൊണ്ടു തന്നെ ഇടക്കിടക്ക്‌ അയല്‍ സംസ്ഥാനങ്ങളായ കേരളത്തോടും കര്‍ണ്ണാടകത്തോടും വെള്ളത്തിനു വേണ്ടി അവര്‍ പൊരുതേണ്ടി വരുന്നു. നമ്മള്‍ 'പാണ്ടി' എന്ന് അധിക്ഷേപിച്ചാലും 'മലയാളത്തുകാര്‍' എന്ന് നമ്മെ സ്നേഹത്തോടെ വിളിക്കുന്ന തമിഴന്‍  കഴിഞ്ഞ വര്‍ഷം നമ്മുടെ ശത്രുവായ ദു:ഖകരമായ കാഴ്ചയും നമ്മള്‍ കണ്ടു. അതിര്‍ത്തി  ഗ്രാമങ്ങളില്‍ സ്നേഹത്തോടെ ജീവിച്ച രണ്ടു ജനതയും തമ്മില്‍ തമ്മില്‍ അടിച്ചു. പരസ്പരം മിണ്ടാതായി. അവിടത്തെ മാറി മാറി വന്ന ഭരണാധിരാധികാരികള്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍ പെട്ടെന്ന് വികാരം കൊള്ളുന്ന ആ പാവം ജനങ്ങളെ ചുടു ചോറ് വാരി തിന്നുന്ന കുട്ടിക്കുരങ്ങുകളാക്കി. മലയാളിയും തമിഴനെയും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന ശത്രുക്കളാക്കി. 

നമുക്ക് അവിയലും സാമ്പാറും തോരനും വെക്കുവാന്‍ ഏതോ ഗ്രാമത്തിലെ ചുട്ടു പൊള്ളുന്ന വെയിലില്‍ കിടന്നു ഒരു തേന്മൊഴിയോ അന്നക്കിളിയോ മുനിസ്വമിയോ തങ്കദുരെയോ തളരാത്ത മനസ്സും വിണ്ടുണങ്ങിയ കാലുകളും വിയര്‍ത്തൊലിക്കുന്ന ശരീരവുമായി വയലില്‍ ജോലി ചെയ്തു. അത് എവിടെ നിന്ന് വരുന്നു എന്ന് ചിന്തിക്കാതെ നമ്മള്‍ അത് വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി ശീതീകരിച്ചു സൂക്ഷിച്ചു വെച്ചു. ഹോ...പൊള്ളുന്ന വില ഈ പച്ചക്കറികള്‍ക്ക് എന്ന് പറഞ്ഞു രോഷം കൊണ്ടു. വെയിലില്‍ കരുവാളിച്ച ശരീരമുള്ള അധ്വാനിച്ചു അതുണ്ടാക്കിയ പാണ്ടിയെക്കുറിച്ച് നാം ചിന്തിക്കാറുപോലും ഇല്ല. അഥവാ ഓര്‍ത്താല്‍ തന്നെ ഓ...ചുമ്മാതൊന്നുമല്ലല്ലോ കാശു കൊടുത്തിട്ടല്ലേ വാങ്ങുന്നത് എന്ന മട്ട്. പക്ഷേ നമ്മള്‍ ഒന്നോര്‍ക്കേണ്ടതുണ്ട്. കാശുകൊണ്ട് വിലയിടാനാവാത്ത  ദ്രാവിഡന്റെ സ്നേഹത്തെ പറ്റി, എളിമയെപറ്റി ആ നല്ല അയല്ക്കാരന്‍ പഠിപ്പിച്ചു തന്ന പാഠങ്ങളെപ്പറ്റി. മറ്റുള്ളവരെ  എങ്ങനെ സഹായിക്കണം എന്ന് പ്രവൃത്തിയിലൂടെ നമുക്ക് കാണിച്ചു തന്നതിനെപ്പറ്റി.      

(ചിത്രം ഗൂഗിളില്‍ നിന്നും)Monday, March 18, 2013

തീയില്‍ വളര്‍ന്നവള്‍


സഞ്ജുക്ത നന്ദയെ പരിചയപ്പെടുന്നതിനു മുന്‍പേ ഞാന്‍ പരിചയപ്പെട്ടത് അവളുടെ ഭര്‍ത്താവ് സുദര്‍ശന്‍ നന്ദയെയെയാണ്. സംസാരത്തിനിടെ ഭാര്യ ഒരു ‘കാന്‍സര്‍ സര്‍വൈവര്‍’ ആണെന്ന് അയാള്‍ പറഞ്ഞിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞു ഒരു ഒത്തുകൂടല്‍ വേളയിലാണ് ഞാന്‍ സഞ്ജുക്തയെ കണ്ടത്. കഠിനമായ ക്യാന്‍സര്‍ ചികില്‍സ മൂലം അവളുടെ മുടിക്ക് തീരെ കനമുണ്ടായിരുന്നില്ല. ശരീരത്തിനു ഉള്ളതിലും അധികം പ്രായം തോന്നിക്കുന്നുമുണ്ട്. എങ്കിലും വളരെ പ്രസരിപ്പുള്ള ഒരു സ്ത്രീ. സ്നേഹത്തോടെ വാതോരാതെ സംസാരിക്കുന്ന പ്രകൃതം.

പിന്നെയും പല പ്രാവശ്യമായി ഓരോരോ അവസരങ്ങളില്‍ ഞങ്ങള്‍ കണ്ടു മുട്ടി. ഈ സമയത്തൊന്നും ഞാന്‍ അവളോടു രോഗത്തെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല. പല ഇടവേളകളിലായി ഇടത്തെ മാറിടത്തില്‍ രോഗ ലക്ഷണം വന്നതിനെക്കുറിച്ചും ചികില്‍സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവള്‍ തന്നെ എന്നോടു പറഞ്ഞു. ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടം എത്തിയിരുന്നു എങ്കിലും  നവീന രീതിയിലുള്ള ചികില്‍സ കിട്ടിയത് കൊണ്ടു മാറിടം മുറിച്ചു മാറ്റാതെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ മാത്രം എടുത്തു കളയുന്ന ചികില്‍സയാണ് അവള്‍ക്കു ചെയ്തത്.

രോഗം എന്തെന്ന് വ്യക്തമായതോടെ ”മാറിടം അങ്ങ് മുറിച്ചു മാറ്റിയേക്കു, എന്റെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും എന്നെ വേണം ” എന്ന്‍ അവള്‍ ഡോക്ടറോട് കൂസലില്ലാതെ പറഞ്ഞത്രേ. ഇങ്ങനെ ഒരു രോഗിയെ ആദ്യമായാണ്‌ കാണുന്നതെന്നാണ് മുംബൈ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാര്‍ അവളോടു പറഞ്ഞത്. സാധാരാണ സ്ത്രീകള്‍ ഇങ്ങനെ ഒരു രോഗം എന്ന് കേള്‍ക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് അവര്‍ എത്ര കണ്ടിരിക്കണം !!!!

ഓപ്പറേഷനും തുടര്‍ന്നുള്ള ചികിത്സയിലും അവള്‍ ആശുപത്രിക്കാരെ അത്ഭുതപ്പെടുത്തി. കീമോ തെറാപ്പി വരെയേ അവളുടെ ഭര്‍ത്താവിനു ലീവ് ലഭിച്ചിരുന്നുള്ളൂ. അപ്പോഴേക്കും അയാളുടെ മാസങ്ങള്‍ നീണ്ട അവധി അവസാനിച്ചിരുന്നു. തുടര്‍ന്നു വരുന്ന മുപ്പത്തഞ്ചു ദിവസത്തെ റേഷഡിയേഷനു വേണ്ടി മുംബെയിലെ വൈകുന്നേരങ്ങളിലെ തിരക്കില്‍ രണ്ടു ലോക്കല്‍ ട്രെയിനുകള്‍ മാറിക്കയറി അവള്‍ തനിയെ ക്യാസര്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്തു പോയി. എന്റെ അടുത്ത ഒരു ബന്ധുവായ കുട്ടിക്ക് ക്യാന്‍സറിന്റെ ഈ ചികില്‍സകള്‍ ചെയ്തിരുന്നപ്പോള്‍ ഒരു രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ട ഞാന്‍ അവളുടെ ഈ വാക്കുകള്‍ കേട്ട് അല്‍ഭുതം കൂറി. രാവിലെ റേഡിയേഷന്‍ ചെയ്‌താല്‍ അന്നത്തെ ദിവസം മുഴുവനും ക്ഷീണിച്ചു കിടക്കേണ്ടി വരുമത്രേ. വൈകുന്നേരമാകുമ്പോള്‍ ഒന്നുമറിയാതെ ഉറങ്ങി പോയ്ക്കോളും. തലമുടി മുഴുവന്‍ പൊഴിഞ്ഞു പോയ  തല നന്നായി ഒരു സ്കാര്‍ഫില്‍ പൊതിഞ്ഞു വെച്ച്  ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവള്‍ എന്നും കയ്യില്‍ ഒരു കുപ്പി നിറയെ സംഭാരം കരുതും. അത് റേഷഡിയേഷന്‍ മുറിയുടെ വാതിലില്‍ വെച്ച്, കഴിഞ്ഞു വന്നു മുഴുവനും എടുത്തു കുടിക്കും. പിന്നെ കുറച്ചു നേരം അവിടെ ഇരുന്നു വിശ്രമിച്ചശേഷം റെയിവേ സ്റ്റേഷനിലേക്ക് നടക്കും. സ്റ്റേഷനുകളിലെ കടകളില്‍ നിന്നും പഴച്ചാറുകള്‍ വാങ്ങി കുടിച്ചു, രണ്ടു ട്രെയിനുകള്‍ മാറി അവള്‍ സന്ധ്യയോടെ വീട്ടില്‍ എത്തും. അവളുടെ ഇരട്ട കുട്ടികളായ അര്‍പ്പിതയും ആനന്ദും അപ്പോള്‍ ഗൃഹപാഠങ്ങള്‍  കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിക്കുമായിരുന്നു. പിന്നെ നേരെ അടുക്കളയിലേക്ക് കയറി അവര്‍ ഉറങ്ങി പോകുന്നതിനു മുന്‍പേ ചപ്പാത്തി ഉണ്ടാക്കി അവരെ കഴിപ്പിക്കും.

“നിന്നെ സമ്മതിച്ചിരിക്കുന്നു സഞ്ജുക്ത. ഒരു ജലദോഷ പനി വന്നാല്‍ പോലും 'വയ്യ' എന്നുപറഞ്ഞു കട്ടിലില്‍ കിടക്കുന്ന എനിക്ക് നിന്നെപ്പോലുള്ളവര്‍ ഒരു അത്ഭുതം തന്നെ.” ഞാന്‍ അവളോടു പറഞ്ഞു.

“അനുഭവങ്ങള്‍ നമ്മെ പലതും ജീവിതത്തില്‍ പഠിപ്പിക്കും അല്ലെ..?” എന്ന എന്‍റെ ചോദ്യത്തിന് “അതേ” എന്ന് മറുപടി പറഞ്ഞിട്ട് അവള്‍ തുടര്‍ന്നു.

“എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഭുവനേശ്വര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എന്റെ അമ്മയുടെ ശവശരീരവുമായി ഞാന്‍ ഒറ്റയ്ക്ക് നൂറു കിലോമീറ്ററിലധികം ദൂരമുള്ള എന്റെ ഗ്രാമത്തിലേക്ക് പോയിട്ടുണ്ട് “

മിഴിച്ച കണ്ണുകളുമായി നിന്ന എന്നോടു അവള്‍ ആ സാഹചര്യം വിവരിച്ചു. പെട്ടെന്ന് മരിക്കത്തക്ക അസുഖവും അമ്മക്കുണ്ടായിരുന്നില്ലത്രേ. തൊട്ടു മുന്‍പ് വരെ അവര്‍ അവളോടു സംസാരിക്കുകയും ചെയ്തു. മരുന്ന് തുള്ളികള്‍ ഞരമ്പില്‍ കയറുന്നതും നോക്കി നിന്ന അവള്‍ക്കു ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റ് എഴുതി കൊടുത്തപ്പോഴാണ് അമ്മ മരിച്ചു എന്ന സത്യം അവള്‍ക്കു മനസ്സിലായത്‌. ഇന്നത്തെ പോലെ ഫോണ്‍ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് നാട്ടിലേക്ക് വിളിച്ചു പറഞ്ഞു കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ അവള്‍ക്കു എളുപ്പം ആ ശരീരവുമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്നു. അവള്‍ തന്നെ വാഹനം ഏര്‍പ്പാടു ചെയ്തു ശരീരം നാട്ടിലെത്തിച്ചു.

അമ്മ നഷ്ടപ്പെട്ട ഒരു പെണ്കുട്ടിക്ക് ഒന്ന് കരയാന്‍ പോലും അവസരം ലഭിക്കാതെ ചെയ്യേണ്ടി വന്ന കഷ്ടപ്പാടുകള്‍. മരണത്തിനു ശേഷം തൊട്ടു താഴെയുള്ള അനുജത്തിമാരെ  ദൂരെയുള്ള ഹോസ്റ്റലില്‍ നിന്നും കൂട്ടി കൊണ്ടുവന്നതും ഈ ‘മുതിര്‍ന്ന ചേച്ചി’യത്രേ. മരണ വിവരം അറിയിക്കാതെ കളിചിരികള്‍ പറഞ്ഞു ആ ചേച്ചി അവരെ വീട്ടിലെത്തിച്ചു.

അതെ അനുഭവം അത് വലിയൊരു ഗുരു നാഥനാണ്. സഞ്ജുക്ത യെപ്പോലെ  ഇങ്ങനെ കഠിന അനുഭവങ്ങളിലൂടെ കടന്നു പോയവര്‍  വലിയ പാഠങ്ങള്‍ എളുപ്പത്തില്‍ പഠിക്കുന്നു, ആ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നു. അവരോട് സംസാരിക്കുമ്പോള്‍ തന്നെ നമ്മില്‍ എങ്ങുനിന്നെന്നറിയാതെ ഒരു നന്മയുടെ ഊര്‍ജം നിറയും. ഇവിടെ സഞ്ജുക്ത അവള്‍ തീയില്‍ വളര്‍ന്നവളാണ് അവളെ വാട്ടാനാണോ ക്യാന്‍സര്‍ എന്ന നിസ്സാരനായ വെയില്‍ ശ്രമിച്ചത്‌..? ആ വെയിലിനോടു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !!!!!    

(ചിത്രം ഗൂഗിളില്‍ നിന്നും)


Wednesday, February 13, 2013

അസ്തമയത്തിനു മുമ്പ്‌


മനുഷ്യര്‍ അവന്റെ ജീവിത കാലം മുഴുവനും പഠിച്ചു കൊണ്ടിരിക്കുന്നു, സ്കൂളിലും കോളേജിലും പോയി പഠിക്കുന്ന കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്. ജീവിതാനുഭവങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ചാണ്. പഠശാലകളില്‍ പഠിച്ച പാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ജീവിതം എന്നാ പഠന കളരിയില്‍ നിന്നും ഒരാള്‍ മനസ്സിലാക്കുന്ന പാഠങ്ങള്‍ . അങ്ങനെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കല്‍ മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ പിന്നീട് അത് ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ചേ ചെയ്യുകയുള്ളൂ. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്ക്കും ഇക്കാര്യത്തില്‍ ഈ അറിവുണ്ട്. ‘ചൂടു വെള്ളത്തില്‍ വീണ പൂച്ച” എന്ന പ്രയോഗം പോലും അതാണല്ലോ. ഇന്നത്‌ ചെയ്‌താല്‍ ഇന്നത്‌ സംഭവിക്കും എന്ന് മൃഗങ്ങള്ക്കും പക്ഷികള്ക്കും അറിയാം. ഇന്ന ഇടത്തു പോയാല്‍ അവയെ ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്നും ഇന്ന ഇടത്തു പോയാല്‍ ഭക്ഷണം ലഭിക്കും എന്ന് ഒരൊറ്റ പ്രാവശ്യത്തെ അനുഭവം കൊണ്ടു ഈ ജീവികള്‍ക്ക് മനസ്സിലാകും

.
പക്ഷേ അത്യാവശ്യം വേണ്ട എല്ലാ കാര്യങ്ങളും ജീവിത കളരിയില്‍ നിന്ന് പഠിച്ച ഇപ്പോഴത്തെ മനുഷ്യര്‍ തീര്‍ത്തും കണ്ണടക്കുന്ന ഒരു കാര്യമാണ് വൃദ്ധജനങ്ങളോടുള്ള സമീപനത്തില്‍. മാതാപിതാക്കളുടെ സ്വത്തു വാങ്ങി ജീവിക്കുന്ന മക്കള്‍ അവരെ നോക്കാന്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്ബോധിപ്പിച്ചിട്ടു വേണോ മക്കള്ക്ക് മനസ്സിലാകാന്‍..? ഏതു കോടതി പറഞ്ഞിട്ടാണ് അവര്‍ പട്ടിണി കിടന്നു സ്വന്തം മക്കളെ പരിപാലിച്ചത്....? കാലം മാറുമ്പോള്‍ ഇന്നത്തെ തലമുറ ഏറ്റവും നന്ദി കെട്ടവരായി അധപ്പതിച്ചിരിക്കുന്നു. പണ്ടൊക്കെ വീടുകളില്‍ മക്കളുടെ എണ്ണം കൂടുതലായിരുന്നു. അപ്പോള്‍ ഈ അമ്മൂമ്മയോ അപ്പൂപ്പനോ ഉള്ളത് ഗൃഹനാഥനും നാഥക്കും ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ആവശ്യം അവരെ കൊണ്ടില്ലാതായി. വീട്ടില്‍ മക്കളുടെ എണ്ണം കുറഞ്ഞു. അതോടെ ആവര്‍ ആര്‍ക്കും . വേണ്ടാത്ത ജന്മങ്ങളായി. പ്രയോജനമുള്ളതു മാത്രം കൊള്ളുക എന്ന രീതിയിലേക്ക് പുതിയ തലമുറ മാറിയിരിക്കുന്നു. വേണ്ടാത്ത സാധങ്ങള്‍ എവിടെ എങ്കിലും’ഡംപ്’ ചെയ്തിരിക്കുനത് പോലെ അവര്‍ അവരുടെ മുറിക്കുള്ളില്‍ ‘ഡംപ്’ ചെയ്തിരിക്കുകയാണ്. ആരും സംസാരിക്കാനില്ലാതെ. കളിചിരികളോ തമാശകളോ കേള്ക്കാ തെ. ഇതൊന്നു തീര്‍ന്നായിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പി ട്ടു കൊണ്ട്.


അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ബന്ധു വീടുകളിലും പരിചയക്കാരുടെയും വീടുകളിള്‍ ചെല്ലുമ്പോള്‍ ഓരോ വീട്ടിലും കാണാം ഇങ്ങനെ സ്വന്തം മുറിക്കുള്ളില്‍ ഡംപ് ചെയ്തിരിക്കുന്ന വൃദ്ധ മുഖങ്ങളെ. അവര്‍ക്ക് ഭക്ഷണത്തിനോ മരുന്നിനോ കുറവുള്ളതായി തോന്നിയിട്ടില്ല. പക്ഷെ അവഗണന അത് എല്ലായിടത്തും ഒരു പോലെയാണ്.


ജിവിതത്തില്‍ നിന്നും ആവോളം പാഠങ്ങള്‍ പഠിച്ച നമ്മള്‍ എന്തേ വാര്‍ധക്യം എന്ന പ്രതിഭാസം മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തോടു കണ്ണടക്കുന്നത്. ഏതു പ്രായത്തിലും മനുഷ്യര്‍ സ്നേഹം കൊതിക്കുന്നു എന്നത് അവനവന് വാര്‍ധക്യം വരുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ‌ മനസ്സിലാകുകയുള്ളോ..? അപ്പോഴേക്കും വൈകിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം. വരും തലമുറയ്ക്ക് മാതാപിതാക്കളെ സ്നേഹിക്കുവാന്‍ സമയം കാണില്ല എന്ന് കണക്ക് കൂട്ടുന്നവര്‍ ഈ തലമുറയില്‍ തന്നെ തങ്ങളുടെ വീട്ടിലെ വൃദ്ധരെ പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


ഒരു വീട്ടില്‍ കഴിഞ്ഞ തവണ ചെന്നപ്പോള്‍ അവിടത്തെ അമ്മൂമ്മ മരിച്ചു പോയിരുന്നു. അവിടത്തെ വിവാഹ പ്രായമായ പേരകുട്ടികളും അവരുടെ അമ്മയും മരിച്ചു പോയ അമ്മൂമ്മയെപ്പെറ്റി സ്നേഹത്തോടെ പറയുന്നു. അവര്‍ മരിച്ചതിനു ശേഷം വീട്ടിലുണ്ടായ ശൂന്യതയെക്കുറിച്ചു സങ്കടപ്പെടുന്നു. അത് വളരെ വിചിത്രമായി തോന്നി എനിക്ക്.കാരണം ഏതു വീട്ടില്‍ ചെന്നാലും ഞങ്ങള്‍ ചുമക്കുന്ന ഒരു ഭാരം എന്ന മനോഭാവമാണ് വൃദ്ധരോടു കണ്ടിട്ടുള്ളത്. ഞാന്‍ ആ ചേച്ചിയോട് ചോദിച്ചു.


“എന്താ ചേച്ചി ഒരു വീട്ടിലും കാണാത്ത സ്നേഹമാണല്ലോ ഈ വീട്ടിലെ അമ്മൂമ്മക്ക് ലഭിച്ചിരുന്നത്. എന്താ അതിന്റെ രഹസ്യം..?”
അപ്പോള്‍ ആ ചേച്ചി പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു കളഞ്ഞു.


“ഞങ്ങളുടെ മക്കള്‍ കുഞ്ഞായിരുന്നപ്പോഴേ ഞങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു അമ്മൂമ്മയാണ് ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആള്‍" എന്ന്. അത് കേട്ട് വളര്‍ന്ന അവരുടെ മക്കള്‍ക്ക് ‌ ആ അമ്മൂമ്മ ഏറ്റവും പ്രിയപ്പെട്ട ആളായി മാറി.


വീട്ടിലെ മുതിര്‍ന്നആവര്‍ കൊടുക്കുന്ന ബഹുമാനമാണ് വീട്ടില്‍ പ്രായമായവര്‍ക്ക് ലഭിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വാര്‍ധക്യം  എന്ന ഘട്ടം. മലയാളിയുടെ ശരാശരി ആയുസ്സ്‌ ഏകദേശം എഴുപത്തഞ്ചു വയസ്സാണ്. അത് കൊണ്ടു തന്നെ ഭൂമിയില്‍ ജനിച്ച ഒരാള്‍ക്ക് ഈ  ഒരു ഘട്ടം കടന്നു പോയെ തീരൂ. പക്ഷേ ആരും ഇക്കാര്യം ഓര്‍ക്കാറു പോലും ഇല്ല. വാര്‍ധക്യം  എന്നത് ജീവിതത്തിന്റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ കുറവാണ്. ആ കുറഞ്ഞ സമയത്ത് നമുക്ക് നമ്മുടെ വീട്ടിലെ പ്രായമായവരെ സ്നേഹിക്കാം അവരെ ഒറ്റപ്പെടുത്തില്ല എന്ന തീരുമാനം എടുക്കാം. അതാകട്ടെ  നമ്മുടെ മാറാത്ത തീരുമാനം.
(ചിത്രം ഗൂഗിളില്‍ നിന്നും)