Monday, April 22, 2013

നല്ല അയല്ക്കാരന്‍


കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള അമ്പലപ്പറമ്പിലാണ് ആദ്യമായി അവരെ കണ്ടത്. തമിഴ്‌ പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. അവര്‍ കുറെ അധികം പേരുണ്ടായിരുന്നു. ആ പറമ്പില്‍ തന്നെ അവര്‍ കുറെ നാള്‍  വെച്ചു കുടിച്ചു കിടന്നു. അവരുടെ സ്ത്രീകള്‍ മാറാപ്പില്‍ കുഞ്ഞുങ്ങളെ തൂക്കിയിട്ടു പകല്‍ നേരങ്ങളില്‍ "കല്ല്‌  കൊത്താനുണ്ടോ അമ്മി കൊത്താനുണ്ടോ...?” എന്ന് ചോദിച്ചു വീടുകളില്‍ കയറി ഇറങ്ങി, കിട്ടുന്നിടത്തുന്നൊക്കെ കഞ്ഞിയോ മറ്റെന്തെങ്കിലും ഭക്ഷണമോ ഭിക്ഷ ചോദിച്ചു വാങ്ങിക്കഴിച്ചു.

 കാടാറു മാസം നാടാറു മാസമായി കഴിയുന്ന നാടോടികളത്രേ ഇവര്‍. ഇത് നാടല്ലേ അപ്പോള്‍ ആറു മാസം കഴിയുമ്പോള്‍ അവര്‍ കാട്ടില്‍ പോയി താമസിക്കും എന്നൊക്കെയാണ് കുട്ടികളായ ഞങ്ങള്‍ വിചാരിച്ചിരുന്നത്.

“കള്ളക്കൂട്ടങ്ങളാ...ഈ പാണ്ടിക്കാര്‍. പിള്ളേരെ പിടിച്ചു കൊണ്ടു പോകും  പകല്‍ സമയം വീട് നോക്കിവെച്ചു രാത്രി മോഷ്ടിക്കാന്‍ വരും” അവരെ വീടുകളില്‍ കയറ്റുന്നവര്‍ക്കൊക്കെ വേറെ ചിലര്‍ മുന്നറിയിപ്പ് തന്നു. അങ്ങനെ ഭിക്ഷക്ക് നടക്കുന്ന ആരും ഞങ്ങള്‍ക്ക് പാണ്ടിക്കാരായി. പിള്ളേര്  പിടുത്തക്കാരായി.കള്ളന്മാരായി.



 പിന്നീട് മുതിര്‍ന്നപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ച എനിക്ക് എവിടെ ചെന്നാലും തമിഴ്‌ കുടുംബങ്ങളെ സുഹൃത്തുക്കളായി കിട്ടുമായിരുന്നു. നാട്യങ്ങളില്ലാതെ, വാക്കുകളില്‍ കാണുന്ന സ്നേഹം പ്രവൃത്തിയില്‍ കാണിക്കുന്നവര്‍. ഓഫീസിലും ഏറ്റവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ തമിഴരാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെയും കുറെ നാള്‍ കഴിഞ്ഞു മൂന്നു വര്‍ഷം ചെന്നെയില്‍ താമസമാക്കിയപ്പോഴാനു തമിഴ്‌ ജീവിതം എന്തെന്നും തമിഴന്‍ ആരെന്നും ഞാന്‍ ശരിക്ക് മനസ്സിലാക്കിയത്‌. വഴിയില്‍ ഒരാള്‍ക്ക് ‌ സഹായം ചെയ്തു കൊടുക്കുവാന്‍ തമിഴന് യാതൊരു പരിചയവും വേണ്ട.



തമിഴ്‌ നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ യാത്രയാണ് ഏറെ കൌതുകകരം. അവിടെ കണ്ടക്റ്റര്‍ ടിക്കറ്റ്,ടിക്കറ്റ് എന്ന് പറഞ്ഞു ഒരിക്കലും തിങ്ങി നിറഞ്ഞു നില്ക്കു ന്ന ആളുകള്‍ക്കിടെ നടക്കില്ല. അയാള്‍ ബസ്സിനുള്ളില്‍  എവിടെ എങ്കിലും ഒരിടത്ത് നില്ക്കുന്നുണ്ടാകും ആളുകള്‍ ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു പൈസ തൊട്ടു മുന്നില്‍ നില്ക്കു ന്ന ആളിന്റെ കയ്യില്‍ കൊടുക്കും. ആ പൈസ കൈ മാറി മാറി സഞ്ചരിച്ചു കണ്ടക്ടറുടെ കൈയ്യില്‍ എത്തും. ടിക്കറ്റും ബാക്കി പൈസ ഉണ്ടെങ്കില്‍ അതും ഇത് പോലെ തന്നെ തിരിച്ച് സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കിട്ടും.  അങ്ങനെ  ബസ്സില്‍ കയറുന്ന എല്ലാവരും മറ്റുള്ളവരുടെ ടിക്കറ്റ് എടുത്തു കൊടുക്കുന്നവരില്‍ ശ്രദ്ധാലുക്കളായി നില്ക്കുന്നുണ്ടാകും. തിരക്കുള്ള ബസ്സില്‍ ഒരു സ്ത്രീ പുരുഷന്മാര്‍ക്കിടെ പെട്ടു പോയെന്നിരിക്കട്ടെ ഉടനെ തന്നെ ചുറ്റുമുള്ള പുരുഷന്മാര്‍ നീങ്ങി നിന്ന് അവര്‍ക്ക്  സ്വസ്ഥമായി നില്ക്കുവാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കും.

ഒരു പുതു നഗരത്തില്‍ ആദ്യമായി യാത്ര ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ടും ചെന്നെയ്‌ നഗരത്തില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. എവിടെ എങ്കിലും പോകുമ്പോള്‍ ഒരാളോട് വഴി ചോദിച്ചാല്‍ കേട്ടു നില്ക്കുന്ന എല്ലാവരും കൂടെ ചുറ്റും നിന്ന്  വഴി പറഞ്ഞു തരും. ചിലര്‍ വാ...എന്ന് പറഞ്ഞു  നമ്മുടെ കൂടെ തന്നെ വന്നു കളയും !!!

എളിമ ഒരു മനുഷ്യന് എങ്ങനെ അലങ്കാരമാകുന്നു എന്ന് ഞാന്‍ പഠിച്ചതും ചെന്നെയിലെ ജീവിതം കൊണ്ടു തന്നെ. അവിടെ ജീവിച്ച സമയത്ത് നാട്ടില്‍ എത്തുമ്പോഴെല്ലാം മനസ്സില്‍ തോന്നിയുണ്ട് മറ്റുള്ളവര്‍ക്ക് എത്ര  പുച്ഛം തോന്നിപ്പിക്കുന്ന പൊങ്ങച്ചത്തിലാണ് നമ്മള്‍ മലയാളികള്‍ പെരുമാറുന്നതെന്ന്.



ഒരിക്കല്‍ ഞങ്ങള്‍ മകന്‍ ഒരു സൈക്കിള്‍ വാങ്ങുന്നതിന് വേണ്ടി കടയില്‍ നില്‍കയായിരുന്നു. കടയുടെ മുന്നില്‍ വെച്ചിട്ടുള്ള ഹീറോ  സൈക്കിളുകള്‍ നോക്കുന്നതിനിടെ  വഴിയിലൂടെ നടന്നു പോകുകയായിരുന്ന  ഒരു പ്രായമായ മനുഷ്യന്‍ അരികിലേക്ക്  വന്നു. കയ്യില്‍ സാധാരണ തമിഴ്‌നാട്ടുകാരന്റെ അടയാളമായ മഞ്ഞ തുണിസഞ്ചിയും അതില്‍ പച്ചക്കറിയും ഉണ്ട്.

“ഈ സൈക്കിള്‍ കിട്ടുന്നതിനു വേണ്ടി നീ എത്ര നാള്‍ അച്ഛനെയും അമ്മയെയും ശല്യപ്പെടുത്തി..? അയാള്‍ മകനോടു തമാശ ചോദിച്ചു.

അവന്‍ പെട്ടെന്ന് “ഒരു മാസം” എന്ന് പറഞ്ഞു. അത് കേട്ടു ചിരിച്ചു കൊണ്ടു അയാള്‍ അവനു ഹീറോയുടെ തന്നെ വിവിധ തരത്തിലുള്ള സൈക്കിളുളെപ്പറ്റി പറഞ്ഞു കൊടുത്തു,നിറം തിരഞ്ഞെടുക്കുവാന്‍ സഹായിച്ചു. ഒടുവില്‍ പോകുവാന്‍ നേരം അദ്ദേഹം പറഞ്ഞു. അദ്ദേഹം ഹീറോ സൈക്കിളിന്റെ കമ്പനിയില്‍ നിന്നും ഏറ്റവും ഉന്നത സ്ഥാനത്തുനിന്നും വിരമിച്ച ആളാണത്രേ. ഇദ്ദേഹം തമിഴ്‌ ജനതയുടെ ലാളിത്യത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം. ഇത് പോലെ അമ്പരിപ്പിച്ച എത്രയോ പേരെ ചെന്നെയ്‌ ജീവിതത്തില്‍ ഞങ്ങള്‍ കണ്ടു മുട്ടി!!!!



ഞങ്ങള്‍ ചെന്നെയില്‍ ചെന്ന് രണ്ടു മൂന്നു ദിവസം  കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരു രാത്രിയിലെ ഒത്തു കൂടലിനു പോയി. ഇരുപതു മിനിറ്റോളം നടക്കാവുന്ന ദൂരമേ രണ്ടു വീടുകള്‍ തമ്മില്‍ ഉള്ളു. അങ്ങോട്ടുള്ള വഴി നിശ്ചയം ഇല്ലാതിരുന്നതുകൊണ്ട്  സുഹൃത്തിന്റെ മകന്‍ വന്നു ഞങ്ങളെ കൂട്ടി കൊണ്ടു പോകുകയും ചെയ്തു. കുറച്ചു ദൂരമല്ലേ ഉള്ളു. നടന്നു പോകാം പുതിയ വഴികളും കാണാം എന്ന് വിചാരിച്ചു നടന്നാണ് ഞങ്ങള്‍ പോയത്. എല്ലാം കഴിഞ്ഞു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. വഴി മനസ്സിലായി ഞങ്ങള്‍ പോയ്ക്കോളാം എന്ന് പറഞ്ഞു തിരികെ പോന്ന ഞങ്ങള്‍ക്ക് പക്ഷേ വഴി  തെറ്റി. അത് മനസ്സിലാക്കാതെ ഞങ്ങള്‍ കുറച്ചു ദൂരം നടന്നു .ഓരോ റോഡിനും ഏതാനും അടി നടന്നു കഴിയുമ്പോള്‍  സമാന്തര റോഡുകള്‍. എല്ലാ റോഡുകളും ഒരുപോലെ തോന്നി. ഞങ്ങള്‍ താമസിക്കുന്ന റോഡിലേക്കുള്ള വഴി അറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നേരം നടന്നു. എത്ര നടന്നിട്ടും വഴി തിരിച്ചറിയുന്നില്ല. എവിടെ വെച്ചാണ്  വഴി തെറ്റിയത് എന്ന് മനസ്സിലാക്കാതെ ആ രാത്രി നേരത്തുള്ള ആ അലച്ചില്‍  കുറച്ചു പരിഭ്രാന്തരാക്കുകയും ചെയ്തു.  ആരോടു ചോദിക്കും..? ഒരു മനുഷ്യനെപ്പോലും ആ പാതിരാ നേരത്ത് വഴിയില്‍ കാണുന്നും ഇല്ല. മിക്ക വീടുകളിലും ഫ്ലാറ്റുകളിലും വെളിച്ചവും അണഞ്ഞു കഴിഞ്ഞു. ആളുകളെ വിളിച്ചുണര്‍ത്തി  വഴി ചോദിക്കുന്നതിന്റെ ഔചിത്യക്കുറവില്‍ ഞങ്ങള്‍ ആകെ വിഷമിച്ചു നിന്ന സമയത്താണ് ഒരു മനുഷ്യന്‍ ധൃതിയില്‍ സൈക്കിളുംചവിട്ടി  അത് വഴി വന്നത്. ഞങ്ങള്‍ അദ്ദേഹത്തെ തടഞ്ഞു  നിര്‍ത്തി  ഞങ്ങള്‍ താമസിക്കുന്ന റോഡിന്റെ പേര് പറഞ്ഞു വഴി ചോദിച്ചു. അദ്ദേഹം ഉടനെ “എന്റെ കൂടെ വാ ഞാന്‍ കൊണ്ടു പോകാം ഇവിടെ പുതുതായി വന്നവരായിരിക്കും അല്ലേ...? വിഷമിക്കാതെ”  എന്ന് പറഞ്ഞു സൈക്കിളും തള്ളി ഞങ്ങളുടെ കൂടെ നടന്നു താമസിക്കുന്ന റോഡില്‍ എത്തിച്ചു. റോഡിലേക്ക് തിരിഞ്ഞപ്പോഴേ "ഞങ്ങള്‍ക്ക്  വഴി മനസ്സിലായി ഇനി പൊയ്ക്കൊള്ളു" എന്ന് നന്ദി പറഞ്ഞു മടക്കി അയക്കാന്‍ ശ്രമിച്ചു എങ്കിലും അത് സമ്മതിക്കാതെ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് വരെ എത്തിച്ചിട്ടെ അദ്ദേഹം പോയുള്ളൂ. അയാള്‍ ആ രാത്രിയില്‍ ആര്‍ക്കോ  സുഖമില്ല എന്ന് കേട്ടിട്ട് അത്യാവശ്യമായി ഒരിടത്ത് പോകുകയായിരുന്നു.”വരേന്‍..അപ്രം പാര്‍കലാം ”എന്ന് പറഞ്ഞു ധൃതിയില്‍ സൈക്കിളില്‍ കയറിപ്പോയ ആ മനുഷ്യനെ  ഞങ്ങള്‍ പിന്നീട് കണ്ടു മുട്ടിയുതും ഇല്ല.

ഫലഭൂയിഷ്ടമായ മണ്ണും എത്ര പൊരിവെയിലിലും അതില്‍ എല്ലുമുറിയെ പണിയാന്‍ പണിയാന്‍ മനസ്സുള്ള മനുഷ്യരുള്ള തമിഴ്‌ ഗ്രാമങ്ങള്‍. പക്ഷെ അത് മാത്രം പോരല്ലോ ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ വേണ്ടത്. അതിനു  വേണ്ട വെള്ളം മാത്രം അവിടെയില്ല. അത് കൊണ്ടു തന്നെ ഇടക്കിടക്ക്‌ അയല്‍ സംസ്ഥാനങ്ങളായ കേരളത്തോടും കര്‍ണ്ണാടകത്തോടും വെള്ളത്തിനു വേണ്ടി അവര്‍ പൊരുതേണ്ടി വരുന്നു. നമ്മള്‍ 'പാണ്ടി' എന്ന് അധിക്ഷേപിച്ചാലും 'മലയാളത്തുകാര്‍' എന്ന് നമ്മെ സ്നേഹത്തോടെ വിളിക്കുന്ന തമിഴന്‍  കഴിഞ്ഞ വര്‍ഷം നമ്മുടെ ശത്രുവായ ദു:ഖകരമായ കാഴ്ചയും നമ്മള്‍ കണ്ടു. അതിര്‍ത്തി  ഗ്രാമങ്ങളില്‍ സ്നേഹത്തോടെ ജീവിച്ച രണ്ടു ജനതയും തമ്മില്‍ തമ്മില്‍ അടിച്ചു. പരസ്പരം മിണ്ടാതായി. അവിടത്തെ മാറി മാറി വന്ന ഭരണാധിരാധികാരികള്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍ പെട്ടെന്ന് വികാരം കൊള്ളുന്ന ആ പാവം ജനങ്ങളെ ചുടു ചോറ് വാരി തിന്നുന്ന കുട്ടിക്കുരങ്ങുകളാക്കി. മലയാളിയും തമിഴനെയും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന ശത്രുക്കളാക്കി. 

നമുക്ക് അവിയലും സാമ്പാറും തോരനും വെക്കുവാന്‍ ഏതോ ഗ്രാമത്തിലെ ചുട്ടു പൊള്ളുന്ന വെയിലില്‍ കിടന്നു ഒരു തേന്മൊഴിയോ അന്നക്കിളിയോ മുനിസ്വമിയോ തങ്കദുരെയോ തളരാത്ത മനസ്സും വിണ്ടുണങ്ങിയ കാലുകളും വിയര്‍ത്തൊലിക്കുന്ന ശരീരവുമായി വയലില്‍ ജോലി ചെയ്തു. അത് എവിടെ നിന്ന് വരുന്നു എന്ന് ചിന്തിക്കാതെ നമ്മള്‍ അത് വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി ശീതീകരിച്ചു സൂക്ഷിച്ചു വെച്ചു. ഹോ...പൊള്ളുന്ന വില ഈ പച്ചക്കറികള്‍ക്ക് എന്ന് പറഞ്ഞു രോഷം കൊണ്ടു. വെയിലില്‍ കരുവാളിച്ച ശരീരമുള്ള അധ്വാനിച്ചു അതുണ്ടാക്കിയ പാണ്ടിയെക്കുറിച്ച് നാം ചിന്തിക്കാറുപോലും ഇല്ല. അഥവാ ഓര്‍ത്താല്‍ തന്നെ ഓ...ചുമ്മാതൊന്നുമല്ലല്ലോ കാശു കൊടുത്തിട്ടല്ലേ വാങ്ങുന്നത് എന്ന മട്ട്. പക്ഷേ നമ്മള്‍ ഒന്നോര്‍ക്കേണ്ടതുണ്ട്. കാശുകൊണ്ട് വിലയിടാനാവാത്ത  ദ്രാവിഡന്റെ സ്നേഹത്തെ പറ്റി, എളിമയെപറ്റി ആ നല്ല അയല്ക്കാരന്‍ പഠിപ്പിച്ചു തന്ന പാഠങ്ങളെപ്പറ്റി. മറ്റുള്ളവരെ  എങ്ങനെ സഹായിക്കണം എന്ന് പ്രവൃത്തിയിലൂടെ നമുക്ക് കാണിച്ചു തന്നതിനെപ്പറ്റി.      

(ചിത്രം ഗൂഗിളില്‍ നിന്നും)