Monday, January 14, 2013

ആകസ്മികതകളുടെ ആകെ തുകകള്‍

ആ കുഞ്ഞിനു ഇപ്പോള്‍ പത്തു വയസെങ്കിലും ആയിക്കാണും. ശോഭയുടെ കുഞ്ഞിന്. പത്തു വര്‍ഷം മുന്‍പാണ് ഞാന്‍ ശോഭയെ പരിചയപ്പെടുന്നത്. വിവാഹ ശേഷം ഏഴു വര്‍ഷം കഴിഞ്ഞിട്ടും മാതൃത്വം അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയവള്‍ . എല്ലാ ടെസ്റ്റും കഴിഞ്ഞു നിരാശരായി കഴിഞ്ഞ സമയത്താണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി അവര്‍ ചിന്തിച്ചത്.
നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയായി കുഞ്ഞിനെ ആദ്യമായി കാണുവാന്‍ അവനെ സംരക്ഷിക്കുന്ന അനാഥാലയത്തിലേക്ക് പോകുന്നതിന്‍റെ തലേ ദിവസം അവളെ ഞാന്‍ കണ്ടു. പത്തു മാസത്തെ ഗര്‍ഭാലസ്യത്തിനു ശേഷം പ്രസവ മുറിയിലേക്ക്‌ പോകുന്ന അമ്മയുടെ ഉത്കണ്ഠ ആ മുഖത്തുണ്ടായിരുന്നു. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്‌ അവന്‍ അവരുടെ വീട്ടിലേക്കു വരാന്‍ പോകുന്നത്.

“ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയതേല്ല”

പോകുന്നതിനു മുന്‍പ്‌ അവള്‍ രഹസ്യമായി എന്‍റെ ചെവിയില്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടു വന്ന അവള്‍ ഉടനെ എനിക്ക് ഫോണ്‍ ചെയ്തു.

"ചേച്ചീ..ഞങ്ങള്‍ അവനെ കണ്ടു.. എന്‍റെ കയ്യിലേക്ക് അവനെ വാങ്ങിയ നിമിഷം എന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. കുറേ ചോദിച്ചിട്ടാണ് മാര്‍ട്ടിന് പോലും എടുക്കുവാന്‍ ഞാന്‍ കൊടുത്തത്‌. തിരികെ അവര്‍ക്ക് കൊടുത്തിട്ട് പോരുവാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്‌.”

അവള്‍ ആ കുഞ്ഞിനെക്കുറിച്ചു പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ. നീയൊന്നു അടങ്ങു ശോഭേ...”
ഞാന്‍ അവളോടു കളി പറഞ്ഞു. പക്ഷേ പിറ്റേ ദിവസം അവള്‍ എന്നെ വീണ്ടും വിളിച്ചു.

“ചേച്ചി..ആ കുഞ്ഞായിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞു വെച്ചിരുന്നത്. അവിടത്തെ പ്രധാന അധികാരി ഇന്നലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഇല്ലായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ ഏല്‍പ്പിച്ചവര്‍ അബദ്ധത്തില്‍ വേറൊരു കുഞ്ഞിനെയാണ് ഞങ്ങളെ കാണിച്ചത്. ആ കുഞ്ഞിനു ചെറിയ ആരോഗ്യ പ്രശ്നമുണ്ടോ എന്നവര്‍ക്ക് സംശയം. തൂക്കം തീരെ ഇല്ല. മാറണം എങ്കില്‍ മാറി തരാം എന്നാണു അവര്‍ പറയുന്നത്.”

“എന്നിട്ട് എന്തു തീരുമാനിച്ചു ..?”

“ഞങ്ങള്‍ക്ക്‌ അവനെ തന്നെ മതി എന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു ഞാനും മാര്‍ട്ടിനും അവന്‍റെ അച്ഛനുമമ്മയും ആയി കഴിഞ്ഞു. പിന്നെ എങ്ങനെ അവനെ വേണ്ട മറ്റൊന്ന് മതി എന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് കഴിയും..?”

അങ്ങനെ ആകസ്മികമായി അവന്‍ അവരുടെ ജീവിതത്തിലേക്ക് വന്നു. ഏഴു വര്‍ഷം ഊഷരമായി കിടന്ന ഒരു മരുഭൂമിയാണ് അവന്‍ കുളിര്‍ ജലം തളിച്ചു പൂങ്കാവനമാക്കിയത്. ഞങ്ങള്‍ കോളനിയില്‍ എല്ലാവരും അവന്‍റെ വരവ് ഗംഭീരമായി ആഘോഷിച്ചു. സമ്മാന പൊതികള്‍ അവന്‍റെ തൊട്ടിലിനു ചുറ്റും കുമിഞ്ഞു കൂടി.

പക്ഷേ നാട്ടില്‍ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ കുഞ്ഞിനെ ദത്തെടുത്തു എന്ന കാര്യം മറച്ചു പിടിച്ചു. ഇവിടെ ഗര്‍ഭിണിയായി പ്രസവിച്ചു എന്നാണു അവര്‍ എല്ലാവരോടും പറഞ്ഞത്. അല്ലെങ്കില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ആ കുഞ്ഞു വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ അവഹേളിക്കപ്പെടുമോ എന്നവര്‍ ഭയപ്പെടുന്നു. സ്വന്തം മാതാപിതാക്കള്‍ ഒഴികെ നാട്ടില്‍ മറ്റാരും ഇക്കാര്യം അറിയാതെ അവര്‍ സൂക്ഷിക്കുകയും ചെയ്തു.

“എങ്കില്‍ നീ ഇവിടെ നിന്നും ഉടനെ സ്ഥലം മാറി പോകുന്നതായിരിക്കും നല്ലത്.”
“ഓ..അങ്ങനെ അങ്ങ് പേടിക്കാനാകുമോ”

എന്നവള്‍ പറഞ്ഞെങ്കിലും അടുത്ത മാസം തന്നെ മാര്‍ട്ടിന് വേറൊരു ജോലി കിട്ടുകയും അവര്‍ അവിടം വിട്ടു പോവുകയും ചെയ്തു. പോകുമ്പോള്‍ കുഞ്ഞു മോന് ഉമ്മ കൊടുത്തിട്ട് ഞാനവളോട് പറഞ്ഞു.
ഇവിടെയും നീ ഇനി ആരുമായും കൊണ്ടാക്റ്റു വെക്കേണ്ട ശോഭേ. അതാണ് ഇവന് നല്ലത്.’

“എന്താ ചേച്ചി..ഈ പറയുന്നത്... ?"

 മോനെ വാങ്ങി കണ്ണീര്‍ തുടച്ചു കൊണ്ടു അവള്‍ ചോദിച്ചു.

മാതൃത്വം ലഭിക്കാത്ത എത്രയോ ശോഭമാരുണ്ട് നമുക്ക് ചുറ്റും. ഒരു കുഞ്ഞിന്‍റെ കളി ചിരിക്ക് കാതോര്‍ക്കുന്നവര്‍..അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ ആര്‍ക്കാണ് പ്രശ്നം..? അവര്‍ ജീവിതകാലം മുഴുവന്‍ ദു:ഖിച്ചു ദീര്‍ഘ നിശ്വാസം വിട്ടു കഴിയണം എന്നാണോ നമ്മുടെ സമൂഹം പറയുന്നത്..? എന്തിനാണ് നമ്മള്‍ ഒരു പരിധി വിട്ടു മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ ചുഴിഞ്ഞു നോകുന്നത്....?

കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം എന്‍റെ ഒരു സുഹൃത്ത് യാദൃശ്ചികമായി ശോഭയെയും മാര്‍ട്ടിനേയും കണ്ടു. അവരുടെ മകന്‍ മിടുക്കനായി നേഴ്സറി ക്ലാസ്സില്‍ പോകുന്നു. അതെ അവന്‍ അവര്‍ക്ക് വേണ്ടി ഭൂമിയില്‍ പിറന്നവനാണ്. അവനെ പ്രസവിച്ച അവന്‍റെ അമ്മക്ക് അവന്‍ ജനിക്കാതെ നോക്കുവാന്‍ എന്തെല്ലാം മാര്‍ഗമുണ്ടായിരുന്നു..? അവന്‍ ഗര്‍ഭത്തില്‍ ഉരുവായ ശേഷം നശിപ്പിക്കാന്‍ ആ പെണ്‍കുട്ടിയും ബന്ധുക്കളും ശ്രമിക്കാതിരുന്നു കാണുമോ..? അപ്പോള്‍ അവന്‍ പിറന്നേ തീരൂ. ആകസ്മികമായി മാര്‍ട്ടിന്‍റെയും ശോഭയുടെയും ജീവിതത്തിലേക്ക് കടന്നു ചെന്ന് അവരുടെ വിളക്കാകുവാനാണ് അവന്‍റെ നിയോഗം. അവനെ കിട്ടിയ ദിവസം മാര്‍ട്ടിന്‍ പറയുകയുണ്ടായി ഞങ്ങള്‍ കുറച്ചു നേരത്തെ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു എന്ന്. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു എങ്കില്‍ എങ്ങനെ ഈ കുഞ്ഞിനെ അവര്‍ക്ക് കിട്ടും.? അതെ...ഇത് തന്നെയായിരുന്നു യഥാര്‍ത്ഥ സമയവും തിരഞ്ഞെടുപ്പും
(ചിത്രം ഗൂഗിളില്‍ നിന്നും)

9 comments:

 1. പുതിയ ബ്ലോഗിന് എല്ലാ ആശംസകളും

  ReplyDelete
 2. മഴവില്ലില്‍ കാണുന്നുണ്ട് റോസിലീ, പുതിയ ബ്ലോഗിന് എല്ലാ ആശംസകളും...

  ReplyDelete
 3. പുതിയ ബ്ലോഗിന് ന്റെയും ആശംസകള്‍ ..

  ReplyDelete
 4. പുതിയ ബ്ലോഗിന് എല്ലാ ആശംസകളും ചേച്ചി....

  ഓരോന്നിനും ഓരോ സമയമുണ്ട് അല്ലെ? ആ സമയം തീരുമാനിച്ച് ഉറപ്പിച്ചു വെച്ചത് ദൈവമാകയാല്‍ നമുക്കതിനെ എങ്ങനെ തടുക്കനാവും അല്ലെ?

  ReplyDelete
 5. കുട്ടികള്‍ വേണ്ട എന്ന് പറഞ്ഞു ജീവിക്കുന്നവര്‍ എത്രയോപേര്‍ ...ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്ന എത്രയോ സുഭദ്രമാര്‍ ..സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ആരെങ്കിലും ഉണ്ടാവുക എന്നത്‌ എല്ലാ മനുഷ്യന്റെയും സ്വാര്‍ത്ഥത ...
  എല്ലാ ആശംസകളും ..റോസിലി

  ReplyDelete
 6. നന്നായി ഈ ശ്രമം ,,മഴവില്ലില്‍ നിന്നും വായിച്ചു മറയുന്നത് ഇവിടെയുണ്ടാകുമല്ലോ ..എല്ലാ ആശംസകളും

  ReplyDelete
 7. kollaam rosly@rosaappookkal.... ithu nalla oru udyamam thanne..

  ReplyDelete
 8. ഞാന്‍ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റും വായിച്ചു കേട്ടോ. എല്ലാം നല്ല ലേഖനങ്ങളാണ്. മിടുക്കി റോസാപ്പൂവേ..

  ReplyDelete
 9. കൊള്ളാം, നന്നായിട്ടുണ്ട്.

  ReplyDelete