Tuesday, May 14, 2013

ചില തിരിച്ചറിവുകള്‍


കഴിഞ്ഞ ദിവസം ഇവിടെ മുംബൈയില്‍ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടായി. കവി മധുസൂദനന്‍ നായരായിരുന്നു. അതിലെ മുഖ്യാഥിതി. സമ്മേളനാവസാനം അദ്ദേഹം തന്റെ ഒരു കവിതയും അവതരിപ്പിക്കുകയുണ്ടായി. പ്രവാസജീവിതം നയിക്കുന്ന ഒരച്ഛന്‍ ഒരിക്കലും അച്ഛന്റെ നാട് കണ്ടിട്ടില്ലാത്ത മക്കളുമായി നാടുകാണുവാന്‍ വരുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. നാട്ടില്‍ എത്തുന്നതിനു മുമ്പ് ആ അച്ഛന്‍ പലപ്പോഴായി ജനിച്ചു വളര്‍ന്ന നാടിനെപ്പറ്റി മക്കള്‍ക്ക് ‌ പറഞ്ഞു കൊടുത്തത് കൊണ്ടു മക്കള്‍ അച്ഛന്റെ നാടു കാണുവാന്‍ വല്ലാത്തൊരാവേശത്തിലായിരുന്നു.

പക്ഷേ മക്കളുമായി അവിടെ ചെന്ന അദ്ദേഹം കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അവിടെ അദ്ദേഹം ജനിച്ചു വളര്‍ന്ന വീടേ ഉണ്ടായിരുന്നില്ല. പകരം ആ സ്ഥാനത്ത് അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങള്‍!!!! വീടിന്റെ പുറകില്‍ നിന്നിരുന്ന മലയും, അതിനടുത്തുകൂടെ ഒഴുകിയിരുന്ന പുഴയും ഒന്നും അദ്ദേഹത്തിന് മക്കളെ കാണിച്ചു കൊടുക്കാനായില്ല. പച്ചപ്പിന്റെ കാഴ്ചയേ ആ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. വേദനയോടെ ആ കാഴ്ച കണ്ട അച്ഛന്‍ ചോദ്യഭാവത്തില്‍ നോക്കിയ മക്കളോടു പറയുന്നു. ഈ ടാറിട്ട റോഡിനും ടൈല്സിട്ട കെട്ടിടങ്ങള്‍ക്കും അടിയിലായി ഞാന്‍ വളര്‍ന്ന വീടും അതിന്റെ പടിപ്പുരയും അതിനു പിന്നിലെ മലയും പുഴയും ഒക്കെ ഉണ്ടായിരുന്നു എന്ന്.

തുടര്‍ന്ന് ആ അച്ഛന്‍ താന്‍ അവിടെ ജീവിച്ച ബാല്യ കാലത്തെക്കുറിച്ച് പറയുന്നു. ഒരു പ്രാണിയെയോ ജീവിയെയോ ഉപദ്രവിച്ചാല്‍ ശാസിച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്ന ആ വീട്, ഉറുമ്പുകള്‍ക്ക് വരെ ഓണസദ്യ ഊട്ടിയിരുന്ന ഒരു കാലം. മഴവെള്ളത്തില്‍ മൂത്രം ഒഴിച്ചാല്‍ പരലോകത്ത് ചെല്ലുമ്പോള്‍ മൂത്രം കുടിക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിച്ചിരുന്ന നാളുകള്‍. മാവില്‍ ഉണ്ടായ പഴുത്ത മാങ്ങകള്‍ അണ്ണാറക്കകണ്ണന്മാര്‍ തിന്നു കളഞ്ഞു എന്ന് പരാതി പറഞ്ഞ ഉണ്ണിയോട് ഉയര്‍ന്ന കൊമ്പുകളിലെ മാങ്ങകള്‍ കിളികളുടെയും അണ്ണാറക്കണ്ണന്മാരുടെയും അവകാശമാണെന്നു അമ്മ പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെ ഓരോ ചെറിയ കാര്യത്തിലും നന്മയുടെ പാഠങ്ങള്‍ മാത്രം കേട്ട് വളര്‍ന്ന ഒരു ബാല്യം. സഹജീവികളെയും ചരാചരങ്ങളെയും സ്നേഹിച്ചു ജീവിച്ച ആ കാലം.

അതിമനോഹരമായ വരികളില്‍ കവി ഇത് പാടിയപ്പോള്‍ സദസ്സ് നിശ്ചലമായി. ഈ ഭൂമി തന്റേതു മാത്രമാണ് എന്ന ധാഷ്ട്യത്തോടെ ജീവിക്കുന്ന പുതിയ തലമുറ തികച്ചും അത്ഭുതത്തോടെയാണ് ആ വരികള്‍ ശ്രവിച്ചത്. 'ഒരു പുനര്‍ ചിന്ത ഇനിയെങ്കിലും വേണ്ടേ...?' എന്ന ഭാവത്തില്‍ എല്ലാവരും പരസ്പരം നോക്കി. ആരാണ് ഈ തലമുറയെ ഭൂമി തങ്ങളുടേത് മാത്രം എന്ന മൂഡ ചിന്തയിലേക്ക് നയിച്ചത്...? ഒരു സംശയവും വേണ്ട.... ഈ മൂല്യച്യുതിയുടെ കാരണക്കാര്‍ തൊട്ടു മുന്നിലുള്ള തലമുറ തന്നെയാണ്. ഭൂമിയിലുള്ള മറ്റു ചരാചരങ്ങളെ മറന്നു ഞാന്‍ മനുഷ്യന്‍, എന്റേത് മാത്രമാണ് ഈ ഭൂമി എന്ന് ചിന്തിച്ചു വശായ ഒരു വര്‍ഗം കാണിച്ചു കൂട്ടി കോപ്രായങ്ങളാണ് ഇതിന്റെ എല്ലാം കാരണം. അങ്ങനെ വളര്‍ത്തിയെടുത്ത പുതിയ തലമുറയെ സാമൂഹ്യ ബോധം പോലും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നു പോയി എന്ന കുറ്റബോധമെങ്കിലും ഉണ്ടാക്കാനായി നന്മയുടെ ആ നല്ല കവിതയ്ക്ക്. എന്റെ മക്കള്‍ ഏറ്റവും മുന്തിയ സ്കൂളില്‍, ഏറ്റവും മാര്‍ക്ക് എന്റെ മകന്, പരീക്ഷയില്‍ മാര്‍ക്ക് വരുമ്പോള്‍ അവനെ നമുക്ക് തോല്‍പ്പിക്കണം എന്നൊക്കെ കേട്ട് വളര്‍ന്ന ഒരു തലമുറക്ക് വളര്‍ന്നു വലുതായാലും ഇങ്ങനെയൊക്കെത്തന്നെയല്ലേ ചിന്തിക്കാനാവൂ. അവനെ തോല്‍പ്പിച്ചു എനിക്ക് ഒന്നാമനാകണം എന്ന് കേട്ട് ശീലിച്ച ഒരു കുട്ടി തോല്‍പ്പിച്ചു ജയിക്കുന്ന പഠമല്ലാതെ വേറെന്താണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക...?

വികസനവും ആധുനികതയും മറ്റുള്ളവരെ ചവിട്ടി മെതിച്ചു കൊണ്ടാകരുത് എന്നൊക്കെ നാം ഇപ്പോള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കുന്നത് കതിരില്‍ വളം വെക്കുന്നതിന് തുല്യമാണ്. അതിനുള്ള പാഠങ്ങള്‍ നമ്മള്‍ വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. പണ്ടെങ്ങും കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ പീഡന വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരുന്നു നമ്മുടെ വര്‍ത്തമാന പത്രത്തിന്റെ താളുകള്‍!!! ശിശു പീഡനത്തില്‍ വരെ എത്തി നില്ക്കുതന്നു ഇപ്പോള്‍ നമ്മുടെ സംസ്കാരം. ഒരു പെണ്കുഞ്ഞിന്റെ ചിത്രം ടി വി യില്‍ കാണിച്ചാല്‍ മുഖം മറച്ചു കാണിക്കേണ്ട ഒരു സമൂഹത്തിന്റെ ഗതികേട് തീര്‍ച്ചായായും ഗൌരവത്തോടെ തന്നെ ചിന്തിക്കേണ്ടതാണ്. എട്ടു വയസ്സ്കാരന്‍ വരെ പീഡനക്കേസില്‍ പ്രതിയായ തരത്തില്‍ നമ്മുടെ നാടിന്റെ സംസ്കാരം അധപ്പതിച്ചു പോകുവാന്‍ തരത്തില്‍ എന്താണ് ഈ ചുരുങ്ങിയ കാലയളവ് കൊണ്ടു സംഭവിച്ചത്..?. ഈ പറഞ്ഞ എട്ടു വയസ്സുകാരനും ഒരു അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷയില്‍ രൂപപ്പെട്ടു നിഷ്ക്കളങ്കനായി ഭൂമിയിലേക്ക്‌ പിറന്നവനാണ്. മറ്റേതു ശിശുവിനെപ്പോലെയും അവനും തിളര്‍ക്കമാര്‍ന്ന കണ്ണുകളോടെ ചുറ്റും നോക്കി, പിഞ്ചു കാലടികള്‍ വെച്ച് ഭൂമിയില്‍ നടന്നു പഠിച്ചു. പക്ഷെ പിന്നീടുള്ള അവന്റെ വളര്‍ച്ചയില്‍ ആ കുട്ടിയെ നശിപ്പിച്ചു കളഞ്ഞത് അവന്‍ വളര്‍ന്ന സാഹചര്യമാണ്. വെറും എട്ടു കൊല്ലം മാത്രം മതിയായിരുന്നു ഒരു പിഞ്ചു കുഞ്ഞില്‍ നിന്നും ഒരു കുറ്റവാളിയിലേക്കുള്ള രൂപ മാറ്റത്തിന്. യഥാര്‍ത്ഥത്തില്‍ അവനാണോ കുറ്റവാളി..?. അവനെ അങ്ങനെയാക്കിയ സമൂഹത്തിന് അതില്‍ നല്ലൊരു പങ്കുണ്ട് എന്നത് വിസ്മരിച്ചു കൂടാ. ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛനമ്മമാരും ചീത്ത സാഹചര്യങ്ങളും ആണുള്ളത് എന്ന് എവിടെയോ വായിച്ചു കേട്ടത് ഓര്‍ക്കുന്നു.

മേല്‍പ്പറഞ്ഞ കവിതയില്‍ കവി പറഞ്ഞതും വളരെ പണ്ടത്തെ കാര്യങ്ങളൊന്നുമായിരുന്നില്ല. വിരലിലെണ്ണാവുന്ന പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കാര്യങ്ങള്‍ മാത്രം!!!. കവിതയിലെ അച്ഛന്‍ ജീവിച്ച മുപ്പതോ നാല്‍പ്പതോ കൊല്ലം മുമ്പത്തെ നാളുകളിലെ കാര്യങ്ങള്‍. അപ്പോള്‍ ഈ മൂല്യച്ച്യുതി സംഭവിച്ചത് ഈ ഒരു ചെറിയ കാലയളവ് കൊണ്ടാണെന്ന സത്യത്തില്‍ ആരുടെ തലയാണ് താഴ്ന്നു പോകാത്തത്....? ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല ചരാചരങ്ങളെയും സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്, അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.

35 comments:

 1. ആദ്യം നമ്മള്‍ പാഠങ്ങള്‍ ശരിയായി ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടു വേണമല്ലോ പുതിയ തലമുറയ്ക്ക് അതു പകര്‍ന്നു നല്‍കാന്‍...

  ഈ നല്ല കാര്യങ്ങളെല്ലാം കേട്ടു വളര്‍ന്ന തലമുറയും അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയില്ല...അതാണല്ലോ കാര്യങ്ങള്‍ ഇങ്ങനെ സ്വാര്‍ഥതയില്‍ മാത്രം അധിഷ്ഠിതമായിപ്പോയത്....

  കുറിപ്പ് ഉഷാറായി പൂവേ....

  ReplyDelete
 2. നല്ല കുറിപ്പ്,
  എങ്കിലും
  //വികസനവും ആധുനികതയും മറ്റുള്ളവരെ ചവിട്ടി മെതിച്ചു കൊണ്ടാകരുത് എന്നൊക്കെ നാം ഇപ്പോള്‍ ഘോര..............//
  എന്ന് തുടങ്ങിയ ആ പാരഗ്രാഫ് ലേഖനത്തിന്റെ ഗതിയില്‍ നിന്നും തെല്ലു ദിശമാറി സഞ്ചരിച്ചതുപോലെ തോന്നി.

  ReplyDelete
 3. എല്ലാം ഇല്ലാതാക്കുന്നു നാം.
  എന്നിട്ട് എല്ലാറ്റിനും വേണ്ടി വിലപിക്കുന്നു വൃഥാ....

  നല്ല ലേഖനം .. ഇഷ്ട്ടായി

  ReplyDelete
 4. അതെ, ആദ്യം നമ്മുക്ക് നല്ലതാവാം.....എന്നിട്ട് അടുത്ത തലമുറയെ ഉപദേശിക്കാം ...അല്ലെ

  ReplyDelete
 5. വിവരണം നന്നായിട്ടുണ്ട്
  ആശസകൾ
  വികസനം വേണം,നാം നാടോടുമ്പോൾ നടുവേ ഓടണം എന്ന കാട്ടാക്കടുടെ വരികളാ ഓര്മ്മ വരുന്നത്,പക്ഷെ പ്രക്രതിയെ കീറിമുറിച്ചു നാമാവസെഷമാക്കി കൊണ്ടാകരുത് വികസനം

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. നല്ല കുറിപ്പ്.
  പക്ഷേ എന്ത് കാര്യം..!!
  ഒന്നും നേരയാവാന്‍ പോണില്ല...
  എന്നാല്‍ അങ്ങിനെ പറഞ്ഞ് ഒന്നും പറയാതിരിക്കാനാവുമോ..
  അതും ഇല്ല..
  എന്താ ചെയ്യാ..
  ഒരു വല്ലാത്ത നിരാശ ഗ്രസിച്ചിരിക്കുന്നു.
  നമുക്കിതൊക്കെ ഒരു കടമ പോലെ പറഞ്ഞ് കൊണ്ടേ ഇരിക്കാം...
  ഒരിത്തിരി എങ്കിലും പ്രവര്‍ത്തിച്ചും..

  ReplyDelete
 8. ബ്ലോഗ്‌ നന്നായിരിക്കുന്നു. താല്പ്പര്യത്തോടെ വായിച്ചു.
  ആശംസകൾ.

  ReplyDelete
 9. കുറിപ്പ് നന്നായി റോസിലീ .... പക്ഷെ, നാം ഓരോരുത്തരും സ്വാർത്ഥരാവുമ്പോൾ , ആരെയാണ് പഴി പറയേണ്ടത് ...?

  ReplyDelete
 10. Rosily u told some truth really heartbreaking..., but whom to be blamed..I hope its not the society did all these nonsense..Unfortunately we are forced to blame our family circumstances for this type of incidents. സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്, അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.

  ReplyDelete
 11. കവിക്കും കവിത ലേഖനമാക്കിയ താങ്കൾക്കും മഴവില്ലിനും നന്ദി .

  ReplyDelete
 12. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പരിണമിക്കുക എന്നത് പ്രകൃതി നിയമമാണ്. ഈ പരിണാമത്തോടൊപ്പം ഭൗതികവും ആത്മീയവുമായ ചുറ്റുപാടുകളും പരിണമിക്കും.ഈ പ്രപഞ്ചനീതി ഉള്‍ക്കൊള്ളാന്‍ നമ്മുടെ കവികള്‍ ഇപ്പോഴും തയ്യാറല്ല എന്നു തോന്നുന്നു.......

  ReplyDelete
 13. പതിവുപോലെ നല്ല കുറിപ്പ്. ഒന്നും നേരയാവില്ലായിരിക്കാം, എന്നാലും ഇത്തരം എഴുത്തുകള്‍ വായിക്കുന്നവനെയെങ്കിലും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തും.

  ReplyDelete
 14. >>ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛനമ്മമാരും ചീത്ത സാഹചര്യങ്ങളും ആണുള്ളത് എന്ന് എവിടെയോ വായിച്ചു കേട്ടത് ഓര്‍ക്കുന്നു. <<

  തീർച്ചയായും ..

  പ്രവാചകർ മുഹമ്മദ് നബി(സ)യുടെ മൊഴിമുത്തിലാണ് ഞാൻ കേട്ടിട്ടുള്ളത്. “എല്ലാ കുഞ്ഞുങ്ങളും പിറന്ന് വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ് , അവന്റെ മാതാപിതാക്കളാണ് അവനെ പല വിശ്വാസത്തിലേക്കും മറ്റും വഴി നടത്തുന്നതെന്ന്”

  ഒരു കുഞ്ഞിനെ നന്നാക്കുന്നതിലും ചീത്തയാക്കുന്നതിലും അവന്റെ മാതപിതാക്കൾക്ക് മുഖ്യമായ പങ്കുണ്ട് എന്നത് തന്നെയാണു വസ്തുത.. ലേഖനം നന്നായി ചേച്ചീ

  ReplyDelete
 15. നെല്‍പ്പാടങ്ങള്‍ നികത്തി കുന്നും മലയും ഇടിച്ചു നിരത്തി ഫ്ലാറ്റുകളും കോണ്‍ക്രീറ്റ് സൌദങ്ങളും നിർമ്മിക്കുമ്പോൾ നഷ്ടമാകുന്നത് ഭാവി തലമുറയുടെ ജീവിത സുരക്ഷയാണ് .
  പണ്ട് താമസിച്ച വയലും വീടും ഇന്ന് സ്വന്തം മക്കൾക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്ത അവസ്ഥ .....
  മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഈ എഴുത്തിനു എല്ലാ വിധ ആശംസകളും ...

  ReplyDelete
 16. കഴിഞ്ഞ വർഷം ഒരു കഥയരങ്ങളിൽ സംബന്ധിക്കാൻ ദോഹയിൽ വന്നപ്പോഴും കവി ഇത് ആലപിക്കുകയും ഏറെ വാചാലമാവുകയും ചെയ്തതിന് ഞാനും സാക്ഷിയായിരുന്നു.  ഇവിടെ, ലേഖനം പറയുന്നതുപോലെ ഇത്തരം വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായും പരിഹാരിക്കാവുന്ന ഒന്നല്ല നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. കൃത്യമായ വികസന നയത്തിലൂടെയും അതിന്റെ ശരിയായ പ്രയോഗത്തിലൂടെയും മാത്രം മറികടക്കാവുന്ന ഒന്നാണ് ഇത്. എന്നാല്‍, വികസന നയങ്ങളില്‍ ഒരു

  'പരിസ്ഥിതി സൌഹൃദചിന്ത' ഉണ്ടാക്കി എടുക്കാന് മാറി മാറി വരുന്ന നമ്മുടെ ഗവന്മേന്റുകളൊന്നും തയ്യാറായിട്ടില്ല. മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമായ ഭരണ കൂടങ്ങള്‍ നിരവധി ഉടമ്പടികളിലൂടെ അത് സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന കാഴ്ചയാണ് അധികാര കൈമാറ്റത്തിന്റെ 65 ആം ആഘോഷവേളയിലും നാം കാണുന്നത്. ദേശീയ താല്പര്യങ്ങള്‍ ഇല്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ കുത്തക മുതലാളിത്വം ആഗോള സാമ്രാജ്യത്വ നയങ്ങള്‍ നടപ്പിലാക്കുന്ന ഇടനിലക്കാരായി നില്‍ക്കുന്ന ദയനീയ കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന 'ഏജന്‍സികള്‍ ' മാത്രമായി നമ്മുടെ സര്‍ക്കാരുകള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായ ഒന്നായി മാറുകയും ചെയ്യുന്നു.

  യഥര്‍ത്ഥത്തില്‍, ഏതൊരു സമൂഹത്തിന്റെയും ജനതയുടെയും വികസനം എന്ത് എന്ന അടിസ്ഥാനപ്രശ്നത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു അഭിനവ വികസനമാണ് ഇന്ന് നടക്കുന്നത്. കൃഷിയിലും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലും ഊന്നുന്ന വികസനത്തിന് പകരം പ്രലോഭനങ്ങളില്‍ വീഴ്ത്തി, ഉപഭോഗതൃഷ്ണ വര്‍ദ്ധിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഏതാനും വ്യക്തികളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പകല്‍കൊള്ളയാണ് കാലങ്ങളോളമായി ഇവിടെ നടക്കുന്നത്. ഇത്, കൃഷിയെ വളരെ അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു. ഉപഭോഗവസ്തുക്കളുടെ നിര്‍മ്മാണവും അവയുടെ വിപണനവുമാണ് യഥാര്‍ത്ഥവികസനം എന്ന് കൊട്ടിഘോഷിക്കുന്നു. റോഡുകളും എയര്‍പോര്‍ട്ടുകളും വന്‍കെട്ടിടങ്ങളുമാണ് വികസനം എന്ന് നമ്മെ തെറ്റായി ധരിപ്പിക്കുന്നു.

  ReplyDelete
 17. മരിച്ച മണ്ണിന്റെ മുകളില്‍ മടിയനായിരിക്കും മനിതനോടെന്ത് ചൊല്ലിയിട്ടെന്തു കഥ

  ആശംസകള്‍

  ReplyDelete
 18. വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന ചെയ്തികള്‍ എല്ലാം തന്നെ ഒരു ഊരാക്കുടുക്കായി നമ്മുടെ കഴുത്തില്‍ തന്നെ ചുറ്റുന്നു... അപ്പോള്‍ ശ്വാസം മുട്ടി നിലവിളിച്ചിട്ടെന്ത് ഫലം???
  ഉള്ളതിനെ ഇല്ലാതാക്കാന്‍ എളുപ്പമാണ്. എന്നാല്‍ സംരക്ഷിക്കാന്‍ എളുപ്പമല്ല താനും! തെറ്റുകള്‍ തിരിച്ചറിയാന്‍ ഇനിയും ഏറെ വൈകില്ലെന്ന് പ്രത്യാശിക്കാം..

  ReplyDelete
 19. അദ്ദേഹത്തോടൊപ്പം കൂട്ടികൊണ്ടുപോകുവാനായി അവതരണ വരികൾക്ക്‌..
  കവിതയിൽനിന്ന് പ്രചോദനംകൊണ്ട ചിന്തകളും നിരീക്ഷണങ്ങളും തിരിച്ചറിവുകളും നല്ലതിലേക്ക്‌ നയിക്കട്ടെ..
  ആശംസകൾ ..!

  ReplyDelete
 20. അദ്ദേഹത്തോടൊപ്പം കൂട്ടികൊണ്ടുപോകുവാനായി അവതരണ വരികൾക്ക്‌..
  കവിതയിൽനിന്ന് പ്രചോദനംകൊണ്ട ചിന്തകളും നിരീക്ഷണങ്ങളും തിരിച്ചറിവുകളും നല്ലതിലേക്ക്‌ നയിക്കട്ടെ..
  ആശംസകൾ ..!

  ReplyDelete
 21. ഒരു കുട്ടി വളരുന്നത്‌ അച്ഛനമ്മാമാരെ കണ്ടിട്ട് തന്നെയാണ് -
  ജയങ്ങൾ നേടുന്നതോടൊപ്പം,തോൽവികളും, ഉൾകൊള്ളാൻ, അവരെ
  പ്രാപ്യരാക്കുക!
  നല്ല്ല എഴുത്ത് -
  ആശംസകൾ

  ReplyDelete
 22. നന്നായിരിക്കുന്നു... ഇനി വരുന്ന തലമുറകൾക്ക് നന്മ ചൊല്ലി കൊടുക്കാം.. :)

  ReplyDelete
 23. വികസനം എന്ന് പറഞ്ഞാല്‍ കുടിഒഴിപ്പിക്കല്‍ ,ജലാശയം നികത്തല്‍ ,വറ്റിക്കല്‍ ,മലകളും കാടുകളും ഇല്ലാതാക്കല്‍ എന്നിവയായിരിക്കുന്നു ഇന്ന് .എന്നാല്‍ ബദല്‍ വികസനം എന്ന കാഴ്ചപ്പാടില്‍ കൂടി മാറ്റി തിരുത്താന്‍ നാം തയ്യാറാകണം ...നല്ല വിവരണം തിരയുടെ ആശംസകള്‍

  ReplyDelete
 24. വളരയധികം ഗൌരവമായി ചിന്തികേണ്ട വിഷയങ്ങൾ .
  ഇപ്പോൾ സാധാരണക്കാർ മാത്രമാണ് ഇതെല്ലാം ചിന്തിക്കുന്നത് .
  പണവും സ്വാധീനവും ഉള്ളവർ നാടിന്റെയും ഭൂമിയുടെയും
  നശിപ്പിച്ചു വികൃതമാക്കി കൊണ്ടിരിക്കുന്നു . അവർക്കെല്ലാം
  പ്രസംഗത്തിൽ മാത്രമേയൊള്ളൂ നന്മ സഹിഷ്ണുത . പ്രവർത്തിയിൽ
  ഒന്നുമില്ല. കവിയുടെ വാക്കുകൾ എല്ലാവർക്കും പ്രചോതനമാവട്ടെ
  എന്ന് പ്രത്യാശിക്കുന്നു .
  റോസാ പൂക്കളിനു നന്ദി
  --

  ReplyDelete
 25. നന്നായിട്ടുണ്ട്

  ReplyDelete
 26. Really Touching.. എന്തൊക്കെയായാലും മനുഷ്യൻ ഇതൊന്നും ഓർക്കാൻ തയ്യാറാകില്ല ..ഭൂമിയെ മറക്കുന്ന മനുഷ്യനാകാനാണ് അവനു താൽപ്പര്യം ..

  ReplyDelete
 27. നമുക്ക് നാമെ പണിവതു നാകവും നരകവുമൊരു പോലെ എന്ന് കവി പണ്ട് പാടിയത് എത്ര സത്യമാണ് .ചിന്തോദ്ദീപകമായ ലേഖനം റോസാപ്പൂവിന് ആശംസകള്‍ !

  ReplyDelete
 28. നന്നായിട്ടുണ്ട്..
  തൂലികയെ ചലിപ്പിച്ചുകൊണ്ടേയിരിക്കുക..
  അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു..

  ReplyDelete
 29. ഏകദേശം ഇതേ ചിന്തയില്‍ ഒരു കവിത എഴുതിയിരുന്നു -അത് കൊണ്ട് തന്നെ വായനയില്‍ എനിക്ക് അത്ഭുതം ആണ് തോന്നിയത് . അതെ നമ്മളൊക്കെയും തിരിച്ചറിവുകള്‍ കണ്ടെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു....നന്നായി എഴുതി -ആശങ്ക ജനിപ്പിച്ചെങ്കിലും !

  ReplyDelete
 30. ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല

  ReplyDelete
 31. ആദ്യമേ പറയട്ടെ, ഞാന്‍ ആ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി, പുഴയുടെ കുറുകെ കടന്ന്, കുന്നുകള്‍ ചവിട്ടിക്കയറി, മരത്തണലില്‍ വിശ്രമിച്ച്, കുന്നിന്റെ നെറുകയില്‍ കയറിയതിന് ശേഷമാണ് പോസ്റ്റ് വായിച്ചത്.അത്രക്കും ഇഷ്ടമായി ചിത്രം.ലേഖനവും വളരെ ഇഷ്ടമായി. ആ കവിത ഒന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുണ്ഠിതവും..

  ReplyDelete
 32. ‘മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല
  ചരാചരങ്ങളെയും സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന
  മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്,
  അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.‘

  തീർച്ചയായും...

  ReplyDelete