Wednesday, November 20, 2013

സൌഹൃദത്തിന്റെ അതിരുകള്‍


കുട്ടികള്‍ക്ക് അവധിക്കാലം ആരംഭിച്ചാല്‍  മുംബെയില്‍ എല്ലാവരും തന്നെ അവരവരുടെ നാട്ടിലേക്ക് പോകും. നാട്ടിലേക്ക് പോകുന്ന ഒരുക്കത്തിനിടെ തമിഴ്‌ നാട്ടുകാരിയായ എന്‍റെ ഒരു കൂട്ടുകാരി കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് കൂടെയില്ലാതെ മക്കളുമായി തനിയെ നാട്ടില്‍ നിന്നും തിരിച്ചു മുംബൈയിലേക്ക് പോന്നപ്പോഴുണ്ടായ ഒരു അനുഭവം പറയുകയുണ്ടായി.
തീവണ്ടി പാതയില്‍ ചില തകരാറുകള്‍ വന്നത്‌ കൊണ്ടു ട്രെയില്‍ വഴി മാറി ഓടി പന്‍വേല്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ട അവള്‍ക്കു അസമയത്ത് കല്യാണ്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ടി വന്നു. രണ്ടു സ്ഥലങ്ങളും മുംബൈയുടെ രണ്ടു ഭാഗത്താണ്. കാര്യമായ ദൂരമുണ്ട്. പന്‍വേലില്‍ അവളെ കാത്തു നിന്ന ഭര്‍ത്താവിനെ ഇക്കാര്യം അറിയിക്കാനും അവള്‍ക്കായില്ല. ട്രെയിന്‍ കല്യാണില്‍ എത്തിയപ്പോഴാണ് അവള്‍ക്കു കാര്യം മനസ്സിലായത്. രണ്ടു കൊച്ചു കുട്ടികളുമായി ആ അസമയത്ത് അദ്ദേഹം വരുന്നവരെ അവള്‍ക്ക്‌ കാത്തു നില്‍ക്കേണ്ടി വന്നു.

“എന്താ അങ്ങനെ..? നിനക്ക് ട്രെയിനില്‍ ഇരുന്നു തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്തു വിവരം അറിയിക്കമായിരുന്നല്ലോ...? ട്രെയിനില്‍ ഇരുന്ന ആരും നിന്നോടു പറഞ്ഞില്ലേ ട്രെയിന്‍ വഴി മാറിയാണ് ഓടുന്നതെന്ന്...?” എന്ന എന്റെ സംശയത്തിനു അവള്‍ മറുപടി പറഞ്ഞത് ഇങ്ങനെ. ”ഞങ്ങള്‍ ടു ടയര്‍ എ.സി. കോച്ചിലായിരുന്നു. അവിടെ ആരും പരസ്പരം ഒന്നും മിണ്ടില്ലല്ലോ.”

ഒരു പച്ച പരമാര്‍ത്ഥം തന്നെയാണ് അവള്‍ ഇവിടെ പറഞ്ഞത്. ഇത് മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ആദ്യം ഒരു സെക്കന്റ് ക്ലാസ്സ്‌ ടിക്കറ്റില്‍ യാത്ര ചെയ്തു നോക്കണം. യാത്രക്കാര്‍ പരസ്പരം വീട്ടു വിശേഷങ്ങള്‍ പറഞ്ഞു, മക്കള്‍ പഠിക്കുന്ന കോളേജിനെയും കോര്‍സുകളെപ്പറ്റിയും അതിന്റെ ജോലി സാധ്യതയും ചര്‍ച്ച ചെയ്ത്, നാട്ടിലെ പച്ചക്കറി വിലയെക്കുറിച്ച്, പണ്ടില്ലാത്തതു പോലെ നാട്ടില്‍ ചൂടു കൂടിയത്, വെള്ളം കുറഞ്ഞത്, പവര്‍ കട്ട് ഇവയൊക്കെ പറ്റി ആവലാതിപ്പെട്ടു ലക്ഷ്യ സ്ഥാനത്തെത്തുന്നത് വരെ ഒരു വിരസതയും തോന്നാതെ അങ്ങനെ ഒന്നോ രണ്ടോ ദിവസം സഞ്ചരിച്ചു കൊണ്ടിരിക്കും. ആളുകള്‍ യാത്രക്കിടെ വാങ്ങിയ പത്രമാസികള്‍ കോച്ചു മൊത്തം നീങ്ങിക്കൊണ്ടിരിക്കും. കോച്ചിലുള്ള കുട്ടികള്‍ തമ്മില്‍ കളി സംഘങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഓരോരുത്തര്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന എല്ലാവരോടും യാത്ര പറഞ്ഞു ‘ശരി വീണ്ടും കാണാം’ എന്ന് പറഞ്ഞു തീവണ്ടിയില്‍ നിന്നും ഇറങ്ങും. ലഗേജ് എടുത്തു നടന്നു നീങ്ങുന്നതിനിടെ ചിലപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഒന്ന് കൂടെ കൈ ഉയര്‍ത്തിയെന്നും ഇരിക്കും .
ഇനി ഇതേ യാത്ര ത്രീ ടയര്‍ എ.സി. യില്‍ ആണെങ്കിലോ. ചിലര്‍ സംസാരിക്കുവാന്‍ സന്മനസ്സ് കാട്ടും. അപൂര്‍വമായി കയ്യിലുള്ള വരികയോ പത്രമോ ആളുകള്‍ ഒന്ന് മാറി വായിച്ചെന്നും ഇരിക്കും. എവിടെയാ ഇറങ്ങേണ്ടത് എന്നൊക്കെ സംസാരിച്ചെന്നും വരാം. യാത്രക്കിടെയുള്ള ഇടക്ക്‌ ഉറക്കം കഴിഞ്ഞു മുഖം കഴുകി ഇരിക്കുമ്പോള്‍ നമ്മള്‍ നേരത്തെ കണ്ടായിരുന്നല്ലോ എന്ന ഭാവത്തില്‍ പുഞ്ചിരിച്ചെന്നിരിക്കും. അങ്ങനെ ഒന്നോ ഒന്നരയോ ദിവസത്തെ യാത്ര കഴിഞ്ഞ് ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തുമ്പോള്‍ ചിലര്‍ മുഖം ഒന്ന് ചലിപ്പിച്ചു പോകുന്നു എന്നൊരു ആഗ്യവും കാണിച്ചാലായി.

ഇനി ഈ യാത്ര ടു ടയര്‍ എ സി യില്‍ ആയാല്‍ സംഗതി ആകെ മാറി. ആളുകള്‍ വരുന്നു. സീറ്റില്‍ ഇരിക്കുന്നവരുടെ മുഖത്ത് പോലും നോക്കാതെ ടിക്കറ്റ് നോക്കി തങ്ങളുടെ സീറ്റ്,ബെര്‍ത്ത് ഇതൊക്കെ ശരിയാണോ എന്ന് ഉറപ്പു വരുത്തുന്നു. ലഗേജുകള്‍ സീറ്റിനടിയില്‍ വെച്ചശേഷം ചുണ്ടുകള്‍ പരസ്പരം കൂട്ടി യോജിപ്പിച്ചു സാധിക്കുന്നയത്ര ഗൌരവത്തില്‍ അങ്ങനെ ഇരിക്കും. ഒരു ദിവസം കഴിഞ്ഞു രണ്ടാം ദിവസത്തെ യാത്ര തുടര്‍ന്നാലും ഈ കൂട്ടര്‍ യാത്ര തുടങ്ങിയ സമയത്തെ ഭാവവുമായി അങ്ങനെ തന്നെ ഇരിക്കുന്നുണ്ടാകും.
സെക്കന്‍റ് ക്ലാസ്‌, ത്രീ ടയര്‍ എ സി, ടു ടയര്‍ എ സി ഇങ്ങനെ കുറഞ്ഞ യാത്രാ നിരക്കില്‍ നിന്നും കൂടിയ യാത്ര നിരക്കിലേക്ക് യാത്ര ചെയ്യുന്നതനുസരിച്ച് സൌഹൃദവും കുറയുന്നു. എത്ര മിണ്ടാതിരിക്കുന്നുവോ അത്രയും മാന്യത. അതാണത്രേ സംസ്കാരം.

ഇനി നമ്മള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവിടെ മാന്യത കുറച്ചു കൂടി കൂടുതലാണ്. അന്താരാഷ്‌ട്രയാത്രകള്‍ നടത്തിയിട്ടില്ലാത്തതുകൊണ്ട് ആ അറിവ് എനിക്കില്ല. ഇന്ത്യക്കകത്തെ വിമാന യാത്രയെക്കുറിച്ചാണ് പറയുന്നത്. ദില്ലി വിമാനത്തവളത്തില്‍ നിന്ന് കൊച്ചിയിലേക്കോ തിരുവനന്തപുരത്തെക്കോ പോകുന്ന വിമാനങ്ങളില്‍ ഭൂരിപക്ഷം ആളുകളും മലയാളികള്‍ തന്നെയായിരിക്കും. വിമാനം ബാംഗ്ലൂര്‍ വഴിയോ മുംബൈ വഴിയോ പോകുന്നെങ്കില്‍ വളരെ കുറച്ചു അന്യ നാട്ടുകാര്‍ അവിടെ ഇറങ്ങുവാന്‍ കാണും. മുംബൈയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തിലും മിക്കവാറും നമ്മുടെ നാട്ടുകാര്‍ തന്നെ. എന്നാലും ചെക്ക് ഇന്‍ ചെയ്തു കഴിഞ്ഞു ബോര്‍ഡിംഗ് ഗേറ്റ് കടക്കുവാന്‍ ക്യൂ നില്‍ക്കുമ്പോഴും ആളുകള്‍ പരസ്പരം നോക്കുകയോ ചിരിക്കുകയോ ചെയ്യില്ല. എല്ലാവരും തങ്ങളുടെ ടിക്കറ്റും കയ്യില്‍ പിടിച്ചു ഗൌരവത്തില്‍ അങ്ങനെ ക്യൂ വിലൂടെ നീങ്ങിക്കൊണ്ടിരിക്കും. അത് വിമാന യാത്രയുടെ സംസ്കാരത്തിന്, നമ്മള്‍ മുടക്കിയിട്ടുള്ള വിമാന കൂലിക്ക് ചേര്‍ന്നതല്ല എന്നാന്നു മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്ന്‌ പരസ്പരം മുഖത്തോടു മുഖം നോക്കുമ്പോള്‍ കണ്ണുകള്‍ നേര്‍ക്ക്‌ നേര്‍ വരുമ്പോള്‍ സൌഹൃദ ഭാവത്തില്‍ ഒന്ന് പുഞ്ചിരിക്കുമ്പോള്‍ എന്ത് നഷ്ടമാണ് വരുന്നത് എന്ന് മനസ്സിലാകുന്നില്ല.

 കഴിഞ്ഞ കൊല്ലം ഞങ്ങള്‍ കാശ്മീരില്‍ താമസിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്കിടെ ഞാന്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറുവാനായി ബോര്‍ഡിംഗ് ഗേറ്റ് കടക്കുവാനുള്ള ക്യൂവില്‍ നില്‍ക്കുകയാണ്. ആ യാത്രയില്‍ ഞാന്‍ തനിയെ ആയിരുന്നു. സാമാന്യം വലിയ ഒരു ക്യൂ. ഞാന്‍ ക്യൂവിന്റെ ഏകദേശം പുറകിലാണ്. അത് കൊണ്ടു അലസമായി അങ്ങനെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ്‌ ക്യൂവിന്റെ ഒരു സൈഡില്‍ കൂടെ പ്രശസ്ഥ ഗായിക ഉഷാ ഉതുപ്പ്‌ ഒരു സഹായിയുടെ കൂടെ ധൃതിയില്‍ നടന്നു വരുന്നത് കണ്ടത്. അവരെ കാണുന്നതിനു മുമ്പ്‌ സ്വര്‍ണ്ണത്തരികളുടെ ഡിസൈന്‍ ഉള്ള മെറൂണ്‍ നിറത്തിലെ വലിയ സ്റ്റിക്കര്‍ പൊട്ടാണ് എന്റെ കണ്ണില്‍ പെട്ടത്. ഈ പൊട്ട് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ ദീദി തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ ഒന്നും ആലോചിക്കാതെ പെട്ടെന്ന്‍ അവരെ ‘ദീദി’ എന്ന് വിളിച്ചു. വളരെ ധൃതിയില്‍ നടന്നു പോവുകയായിരുന്ന അവര്‍ ഒരു നിമിഷം എന്നെ നോക്കി “ഹലോ...ഹായ്..’എന്ന് പറഞ്ഞു ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച ശേഷം ശേഷം അതെ ധൃതിയില്‍ നടന്നു പോയി. വേറെ ഏതോ വിമാനത്തില്‍ കയറുവാന്‍ വേണ്ടി തിരക്കിട്ട് അടുത്ത ബോര്‍ഡിംഗ് ഗെയിറ്റിലേക്ക് പോകുകയായിരുന്നു അവര്‍. ആ ഗെയിറ്റില്‍ കുറച്ചു നേരം മുമ്പുണ്ടായിരുന്ന ക്യൂ വിലെ ആളുകള്‍ എല്ലാവരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ദീദി സമയം വൈകി എത്തിയതു പോലെയാണ് എനിക്ക് തോന്നിയത്. അവര്‍ കടന്നു പോയ ഉടനെ എന്റെ തൊട്ടടുത്ത് നിന്ന ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു.

“നിങ്ങളെ അവര്‍ക്ക് അറിയാം അല്ലെ...? എങ്ങനെയാണ് പരിചയം...?”
“ഇല്ല അവര്‍ക്ക് എന്നെ ഒരു പരിചയവും ഇല്ല.” ഞാന്‍ പറഞ്ഞു.
 “നിങ്ങളെ നല്ല പരിചയം ഉള്ളതുപോലെയാണല്ലോ അവര്‍ പെരുമാറിയത്. ഓ...നിങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാറുണ്ടായിരുന്നു അല്ലേ..?"
 “അതും ഇല്ല. അവര്‍ ഒരു പ്രശസ്തയല്ലേ അത് കൊണ്ടു ഞാന്‍ അവരെ വിളിച്ചു എന്നെ ഉള്ളു.”

കാണികകളുമായി വളരെ സൌഹൃദത്തില്‍ സ്റ്റേജു ഷോ ചെയ്യുന്ന അവരെ എന്നും എനിക്ക് വളരെ ഇഷ്ടമാണ്. എത്ര സ്നേഹത്തോടെയാണ് അവര്‍ കാണികളോട് പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ മറുപടി കേട്ട മേല്‍പ്പറഞ്ഞ ചെറുപ്പക്കാരന്‍ വിശ്വാസം വരാത്ത പോലെ എന്നെ നോക്കി.  വിമാന യാത്രയില്‍ ഞാന്‍ ഒരേ ഒരിക്കല്‍ കേട്ട കുശല വര്‍ത്തമാനം ആയിരുന്നു അത്. അതു കൊണ്ടു തന്നെ അയാള്‍ എനിക്ക് ഒരു അത്ഭുതമായി തോന്നി. അങ്ങനെ ഇടക്ക്‌ വീണു കിട്ടുന്ന ഇത് പോലുള്ള അത്ഭുതങ്ങളല്ലേ നമ്മുടെ ഓര്‍മ്മയുടെ ചെപ്പില്‍ നാം മറക്കാതെ സൂക്ഷിക്കുന്ന മണിമുത്തുകള്‍ !!!

(ചിത്രം ഗൂഗിളില്‍ നിന്നും)

17 comments:

  1. മഴവില്ലില്‍ വായിച്ചിരുന്നു. മനോഹരമായി എഴുതി. ആശയവും അതിന്‍റെ കാമ്പും നന്നായി സംവേദനം ചെയ്യാന്‍ ഈ കുറിപ്പിന് ആവുന്നു.
    ആശംസകള്‍.

    ReplyDelete
  2. തന്നെ റോസാപ്പൂവ് എഴുതിയത് പച്ചപ്പരമാര്‍ഥമാണ്. യാത്രകളില്‍ എപ്പോഴും ഇമ്മാതിരി അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്...

    ReplyDelete
  3. ഉഷാ ഉതുപ്പിനെപ്പോലൊരു തികഞ്ഞ കലാകാരിക്ക് ഹൈ സൊസൈറ്റി പൊങ്ങച്ചങ്ങളുടെ തിലകച്ചാർത്ത് ഒട്ടും ആവശ്യമില്ല്ലോ.... ഇതുവരെ തീവണ്ടികളിലെ ഉയർന്ന ക്ലാസിലോ, വിമാനത്തിലോ യാത്ര ചെയ്തിട്ടില്ലാത്തതുകൊണ്ട് അവിടുത്തെ വിശേഷങ്ങൾ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല........

    ReplyDelete
  4. യാത്രകളില്‍ എന്തൊക്കെ കാണണം അല്ലെ?

    ReplyDelete
  5. . ”ഞങ്ങള്‍ ടു ടയര്‍ എ.സി. കോച്ചിലായിരുന്നു. അവിടെ ആരും പരസ്പരം ഒന്നും മിണ്ടില്ലല്ലോ.”
    ആരും സംസാരിക്കാന്‍ മുന്‍കൈയെടുക്കില്ലെന്നു മാത്രം.സന്ദേഹം...
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  6. കൂടുതലും ജനറല്‍ കമ്പാര്ട്ട്മെന്റ്റ് യാത്രകള്‍ ആയിരുന്നു.. ഇപ്പോഴാണ്‌ സ്ലീപരില്‍ വല്ലപ്പോഴും .. ഉയര്‍ന്ന ക്ലാസുകളില്‍ ഇങ്ങനെയൊക്കെ ആയിരിക്കും.. അറിയില്ല..

    ReplyDelete
  7. ശരിയാണ്, എനിക്ക് തോന്നിയിട്ടുണ്ട് ഇങ്ങനെ

    ReplyDelete
  8. ഇപ്പോള്‍ 2 ടായരിലും first ക്ലാസിലും ആളുകള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട് റോസ്ലി .നമ്മള്‍ ഒന്ന് മുന്കയ്യെടുക്കണം എന്നേയുള്ളൂ.എന്റെ ഭര്‍ത്താവ് അക്കാര്യത്തില്‍ മുന്പന്‍ ആണ്. എല്ലാരോടും കുശലം ചോദിച്ചു ചോദിച്ചു വല്ലതും വായിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന എന്നെ പോലും വായനയ്ക്ക് സമ്മതിക്കില്ല.പക്ഷെ ബീമാനം.അപ്പറഞ്ഞത്‌ ശരിയാണ്.എല്ലാരും ഒന്നുകില്‍ ഉറങ്ങും അല്ലെങ്കില്‍ പത്രം എടുക്കും. അവിടെയും യാത്രയില്‍ തനിച്ചായി പോകുന്ന സമയത്ത് എന്നെപ്പോലെ വല്ല പാവങ്ങളും മാത്രം മറ്റുള്ളവരോട് മുറി ഇംഗ്ലീഷില്‍ അന്വേഷണങ്ങള്‍ തുടങ്ങും.
    നല്ല രചന..

    ReplyDelete
  9. എന്തിനാണ് വല്യ ടിക്കറ്റ്‌ എടുത്തു ഫസ്റ്റ് ക്ലാസ്സിലോ എ സി യിലോ പോകുന്നത് ഫ്രീ ആയിട്ടുള്ള ബ്ലോഗ്ഗിലും ഫേസ് ബൂകിലും ഇല്ലേ ഇത്തരക്കാർ (ഞാനും ഇതിൽ പെടും)

    ReplyDelete
  10. ദീദി മാരെ പോലെയുൾലവർ വളരെ അപൂർവ്വം ജ്നുസിൽ പെട്ടവർ മാത്രം...!

    ReplyDelete
  11. ഓര്‍മ്മയുടെ ചെപ്പില്‍ നാം മറക്കാതെ സൂക്ഷിക്കുന്ന മണിമുത്തുകള്‍ !!!

    ReplyDelete
  12. ഷോ ആകാതെ ഇരുന്നാല്‍ എല്ലാം നല്ലതാണല്ലെ!

    ReplyDelete
  13. നല്ല കുറിപ്പ്.പണ്ടൊരിയ്ക്കല്‍ ഇതേപോലെ കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ ചെന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് പ്രിയാരാമനേയും എം.എഫ് ഹുസൈനേയും കാണുവാനിടയായി. വളരെ സ്നേഹത്തോടെ സംസാരിച്ച അവരുമായുള്ള ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ ആല്‍ബത്തിലുണ്ട്.
    കണ്ടാല്‍ ഇവിടെ സംസാരിയ്ക്കാത്തത് കേരളീയര്‍ ആണ്. അവര്‍ക്കാണ് തലഘനം.

    ReplyDelete
  14. നന്നായി പറഞ്ഞു. യാത്രകളില്‍ ഞാന്‍ കൂടെയുള്ളവരെ അങ്ങോട്ട്‌ കയറി പരിചയപ്പെടാറുണ്ട്. ചുരുങ്ങിയത് നമ്മോടൊപ്പമുള്ളവര്‍ ആരാണ് എന്നറിയണമല്ലോ? ചിലരെ കണ്ടാല്‍ ജാടക്കാര്‍ എന്ന് തോന്നുമെങ്കിലും ഞാന്‍ കയറി ഹെഡ്‌ ചെയ്യാറുണ്ട്. എല്ലാവരും മിണ്ടാതിരുന്നാല്‍ യാത്രകള്‍ തികഞ്ഞ ബോര്‍ ആയിരിക്കും.

    ReplyDelete
  15. സാദാരണകാരിലുള്ള സ്നേഹവും വാത്സല്യവും ഉന്നതങ്ങളില്‍ ഉള്ളവര്‍ക്ക് ഉണ്ടാകുകയില്ല .നമ്മുടെ ചുറ്റുവട്ടത്തുള്ള ഉന്നതന്മാരുടെ അവസ്ഥ തന്നെ നോക്കു ആരെങ്കിലും സാദാരണക്കാര്‍ അവരുമായി അടുപ്പം ഉണ്ടാകുമോ .ആശംസകള്‍

    ReplyDelete
  16. ശരിയാണ് ,
    ഉഷാ ഉതുപ്പ് അവരുടെ മഹത്ത്വം അറിയിച്ചു

    ReplyDelete