ശാസ്ത്രം പറയുന്നത് പ്രകാരം മനുഷ്യന്‍ എന്ന ജീവി ഭൂമിയില്‍ ഏറ്റവും അവസാനമുണ്ടായതാണ്. ഏക കോശ ജീവിക്ക് പരിണാമം സംഭവിച്ച് പല കോശങ്ങളുള്ള ജീവികള്‍ ഉണ്ടായി, ഒടുവില്‍ അത് മനുഷ്യനില്‍ ചെന്നു നിന്നു. അങ്ങനെ രൂപ പരിണാമത്തിന്റെ അവസാനം ഉണ്ടായ ജീവി ഭൂമിയുടെ സര്‍വാധികാരവും കയ്യിലെടുത്തു. ഏറ്റവും അവസാനം വന്നവന്‍ കയ്യൂക്കിന്റെ ബലത്തില്‍ ഒരിടത്തെ അധികാരം കൈവശപ്പെടുത്തി അത് സ്വന്തമായി അനുഭവിക്കാന്‍ തുടങ്ങി. അതോടെ ആരംഭിച്ചു ഭൂമിയിലെ മറ്റു ജീവികളുടെ കഷ്ടകാലം. ആദ്യ കാലത്ത് വന്യ ജീവികള്‍ക്കൊപ്പം കാട്ടില്‍ ജീവിച്ച മനുഷ്യന്‍ അവരെ സഹജീവികളായി കണ്ടിരിക്കാം. പിന്നീട് പലതും തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് മനസ്സിലായ മനുഷ്യന്‍ വന ജീവിതം വെടിഞ്ഞു. ശാസ്ത്രപുരോഗതിക്കൊപ്പം വളര്‍ന്ന അവന്‍ പണ്ടു കാട്ടില്‍ തനിക്കൊപ്പം കഴിഞ്ഞ പക്ഷി മൃഗാദികളെ പാടെ മറന്നു, അവരുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിച്ച് പുരോഗതിയുടെ കുതിച്ചു ചാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതോടെ ആരുടേതാണ് ഈ ഭൂമി എന്ന ചോദ്യവും ഉയര്‍ന്നു .
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസരിച്ചു എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണത്തിനു കൃഷിയിടം എന്ന ചിന്തയില്‍ ഭൂമിയില്‍ പലയിടത്തും പല തരത്തിലുള്ള കയ്യേറലുകള്‍ ഉണ്ടായി. തുടക്ക കാലത്ത് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇതാ,ആഗോള താപനം,കാലാവസ്ഥാ വ്യതിയാനം,പ്രകൃതിക്ഷോപങ്ങള്‍ തുടങ്ങിയ തിരിച്ചടിയിലൂടെ നാം ചില പുനര്‍ വിചിന്തനത്തിന് തയ്യാറാകുന്നു എന്നത് തികച്ചും ആശാവഹമായ ഒരു കാര്യം തന്നെയാണ്. മനുഷ്യര്‍ ഒറ്റക്കും കൂട്ടമായും അത് ഗൌരവത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ഭൂമിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടു വരാനാകും.
ഞാന്‍ താമസിക്കുന്ന നവി മുംബെ എന്ന് പറയുന്ന സ്ഥലം ഈ അടുത്ത കാലത്ത് വികസിച്ചു വന്ന സ്ഥലമാണ്. അത് കൊണ്ടു തന്നെ പരിസ്ഥിതിയെ അധികം നശിപ്പിക്കാതെയാണ് അതിന്റെ വികസനവും നടക്കുന്നത്. നഗരത്തിന്റെ നടുക്ക് റോഡിന്റെ ഒരു വശത്തായി ഏക്കറുകണക്കിനു പരന്നു കിടക്കുന്ന സെട്രല്‍ പാര്‍ക്കാണ് ഒരു പ്രധാന ആകര്‍ഷണം. മറുവശത്ത് അത്രയും തന്നെ വിശാലമായി കിടക്കുന്ന പച്ച വിരിച്ചു കിടക്കുന്ന ഗോള്ഫ് മൈതാനവും അതിന് പിന്നിലെ ചെറു മല നിരകളും. നമ്മുടെ പശ്ചിമ ഘട്ടത്തിന്റെ തുടച്ചര്‍യാണിത്. ചുറ്റിലും ആകശത്തേക്ക് നീളുന്ന വന്‍ കെട്ടിടങ്ങളുള്ള ഈ നഗരത്തില്‍ പാര്‍ക്കിനു ചുറ്റും കെട്ടിയിട്ടുള്ള നടപ്പാതയില്‍ പ്രഭാത സവരിക്കെത്തുന്ന നഗര വാസികളെ കണ്ടാല്‍ മതി പച്ചപ്പിനോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ആര്‍ത്തി മനസ്സിലാക്കാന്‍. ചിലര്‍ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് ആ പാര്‍ക്കിനു ചുറ്റുമുള്ള നടപ്പാതയില്‍ നടക്കാനെത്തുന്നത്!!!!! സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലെ ചെറു തടാകത്തിനുള്ളില്‍ നിറയെ മീനുകള്‍, ആ പരിസരം നിറയെ എത്ര ചെറു പക്ഷികള്‍,കൊറ്റികള്‍. എത്രയോ ചെറു ജീവികളുടെ ആവാസ വ്യവസ്ഥയായിക്കും ആ പാര്‍ക്കും ഗോള്ഫ് കോര്സും!!!! മഴക്കാലത്ത് ഗോള്ഫ് മൈതാനത്തിനു പിന്നെ മല നിരകളില്‍ ചെറിയൊരു വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടും. രണ്ടോ മൂന്നോ മാസം മാത്രം ഉണ്ടാകുന്ന ഈ അപൂര്‍വ കാഴ്ച കാണുവാന്‍ അവധി ദിവസങ്ങളില്‍ ജനങ്ങളുടെ വന്‍ കൂട്ടമാണ്. മുംബെ നഗര സഭക്ക് നന്ദി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞ് നഗരം എത്ര മുകളിലേക്ക് വളര്‍ന്നാലും ആ പച്ചപ്പ് അവിടെ കാണുമല്ലോ.
കഴിഞ്ഞ ദിവസം ഞാന്‍ പൂനെയിലുള്ള ഒരു ബന്ധു വീട്ടില്‍ പോവുകയുണ്ടായി. അവിടെ അടുക്കള ജനാലക്കരികിലും ബാല്ക്കണിയിലും ഓരോരോ പ്ലാസ്റ്റിക് കുപ്പിയില്‍ ധാന്യം നിറച്ച് ഒരു ചരടില്‍ തൂക്കിയിരിക്കുന്നു. അവിടത്തെ ഗൃഹ നാഥയോട് എന്തിനാണിതെന്ന് കൌതുകത്തോടെ ആരാഞ്ഞപ്പോള്‍ ‘അത് കിളികള്‍ക്ക് കഴിക്കാന്‍’ എന്ന മറുപടി കിട്ടി. അപ്പോഴാണ് ഞാന്‍ ആ കുപ്പി ശരിക്കും ശ്രദ്ധിച്ചത്. അതിനു കീഴ്ഭാഗത്തായി ഒരു ദ്വാരം ഇട്ടു ഒരു പിടിയുള്ള പ്ലാസ്റ്റിക് സ്പൂണ്‍ ചരിച്ചു ഘടിപ്പിച്ചിട്ടുണ്ട്. സ്പൂണിന്റെ. പിടിക്ക് കുറച്ചു കുഴിവും ഉണ്ട്. പക്ഷികള്‍ സ്പൂണിലെ ധാന്യം കൊത്തി തിന്നുന്നതനുസരിച്ചു ചരിച്ചു പിടിപ്പിച്ചിരിക്കുന്ന സ്പൂണിലേക്ക് ധാന്യം വന്നു വീണു കൊള്ളും. കുപ്പിയുടെ അടിയില്‍ പക്ഷികള്‍ക്കിരിക്കാനായി ഒരു ചെറിയ തടിക്കഷണവും ഘടിപ്പിച്ചു വെച്ചിട്ടുണ്ട്. ഇന്റെര്‍ നെറ്റില്‍ നോക്കിയാണത്രേ ആ പെണ്കുട്ടി ഈ വിദ്യ മനസ്സിലാക്കിയെടുത്തത്. കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കള ജനലക്കരികില്‍ അനക്കം കേട്ട ഞാന്‍ കണ്ടു തടിക്കഷണത്തില്‍ വന്നിരുന്നു ധാന്യം കൊത്തിതിന്നുന്ന ചെറു പക്ഷികള്‍. അടുക്കള ഗ്രില്ലിലും അവര്‍ വന്നിരിപ്പുണ്ട്. ചിലപ്പോള്‍ ജനലിലൂടെ അകത്ത് കടന്നാലും അവളെ കാണുമ്പോള്‍ അവര്‍ പറന്നു വെളിയില്‍ പോയിക്കൊള്ളുമത്രേ.
വീട്ടില്‍ വന്നയുടനെ ഞാന്‍ ചെയ്ത ഒരു കാര്യം ഒരു പ്ലാസ്റ്റിക്ക് കുപ്പിയില്‍ അരിമണികള്‍ നിറച്ചു സ്പൂണ്‍ ഘടിപ്പിച്ച് വരാന്തയില്‍ തൂക്കിയിടുകയായിരുന്നു. എന്റെ വീട്ടില്‍ വരുന്ന എല്ലാവരും ചോദിക്കുന്നുണ്ട് എന്താ ഇതെന്ന്. അവരോടൊക്കെ പൂനയിലെ പെണ്കുട്ടിയുടെ വീട്ടില്‍ കണ്ട നന്മ പറയുന്നുമുണ്ട്. ഇവടെ മുംബെയില്‍ പല വീടുകളിലും വേനല്ക്കാലത്ത് ബാല്ക്കുണിയില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ വെക്കുന്നത് കണ്ടിട്ടുണ്ട്. വേനലില്‍ ദാഹിച്ചു വരളുന്ന തൊണ്ട മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത്.
കായിക താരം അഞ്ജു ബോബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. കര്‍ണ്ണാടക സംസ്ഥാനത്തു താമസിക്കുന്ന അവരുടെ വീടിനു പുറകിലെ രണ്ടു സപ്പോട്ട മരങ്ങളുള്ളതില്‍ ഒന്നില്‍ നിന്ന് മാത്രമേ അവര്‍ കായ് പറിക്കാറുള്ളു എന്ന്. മരങ്ങളില്‍ ഒരെണ്ണം കിളികള്‍ക്കും അണ്ണാനുമായി മാറ്റി വെച്ചിരിക്കുകയാണ്. പ്രകൃതിയിലുള്ള ജീവ ജാലങ്ങളെക്കുറിച്ച് അത്ര വിശാലമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമാണ് അങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ കഴിയുക.
ആന്ധ്രാ സംസ്ഥാനത്തു കൂടെ ട്രെയിനില്‍ സഞ്ചരിചിട്ടുള്ളവര്‍ക്കറിയാം നല്ലൊരു ഭാഗം വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന അവിടത്തെ ഭൂമിയെപ്പറ്റി. ഏത്രയോ മണിക്കൂറുകളാണ് വരണ്ട പ്രദേശങ്ങളിലൂടെ തീവണ്ടി ഓടുന്നത്!!!!. ഇങ്ങനെ ഉള്ള ഒരിടം അയല്‍ ഗ്രാമീണരുടെ സഹായത്തോടു കൂടി കിണര്‍ കുഴിച്ചു ജലസേചനം ചെയ്ത് അവിടം ഒന്നാം തരം കൃഷി ഭൂമിയാക്കിമാറ്റിയ മലയാളി ദമ്പതിമാരെപറ്റി ഓര്‍ക്കുന്നു. ചെടികളും പൂക്കളും വിളകളും ആയപ്പോള്‍ വരണ്ടുണങ്ങി കിടന്നിരുന്ന ആ പ്രദേശത്ത് കിളികളും പൂമ്പാറ്റകളും വന്നു തുടങ്ങി എന്ന് എത്ര ആഹ്ലാദത്തോടെയാണ് അവര്‍ പറഞ്ഞത്.
നമ്മള്‍ തീര്ച്ചയായും മറ്റുള്ളവരുമായി പങ്കു വെക്കേണ്ടതാണ് നന്മയുടെ ഈ ചെറിയ പൊട്ടുകള്‍. പ്രകൃതി വിഭവങ്ങളും അതിലെ ജീവ ജാലങ്ങളും സരക്ഷിക്കപ്പെടെണ്ടതാണെന്ന അവബോധം നാം സമൂഹത്തിനുണ്ടാക്കിക്കൊടുക്കേണ്ട കാലം എപ്പോഴേ കഴിഞ്ഞു. ഒട്ടു മിക്ക മനുഷ്യരിലും അവബോധത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെയുള്ള പിഴവുകള്‍ സംഭവിക്കുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ധനം എത്ര സൂഷ്മതയോടെയാണ് നാം ചിലവാക്കുന്നത്. ഇന്ന് ഞാന്‍ മൊത്തമായി തീര്‍ത്താല്‍ നാളെ എനിക്ക് ഉണ്ടാകില്ല എന്ന് ഏതു മനുഷ്യനും അറിയാം. അത് പോലെ തന്നെയാണ് പ്രകൃതി എത്രയോ കാലമായി സൊരുക്കൂടിയ വിഭവങ്ങള്‍ ഒറ്റയടിക്ക് ഉപയോഗിച്ച് തീര്‍ക്കുകന്ന നാം ചെയ്യുന്നത് വരുവാനിരിക്കുന്ന തലമുറയോടു ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാണ്. നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും തീര്‍ന്നു പോയതിനെക്കുറിച്ചും വിലപിക്കാതെ നമ്മുടെ മുന്നില്‍ കിടക്കുന്ന അവസരങ്ങളെ നന്നായി വിനിയോഗിച്ചാല്‍ കുറച്ചെങ്കിലും നമുക്ക് തിരിച്ചു പിടിക്കാനാവും. മേല്‍പ്പറഞ്ഞതു പോലുള്ള നന്മയുടെ പൊട്ടുകള്‍ കൊണ്ടു നമുക്ക് ഈ ഭൂമിയെ നിറക്കാം. അതിനായി നമുക്ക് നമ്മുടെ മനസ്സുകളെ ആദ്രമാക്കാം. ഭൂമി എന്നത് മനുഷ്യന്റെ മാത്രം കുത്തകയല്ലെന്നും നമ്മുടെ പുഴകള്‍ക്കും കാടുകള്‍ക്കും മലകള്‍ക്കും അനേകം അവകാശികള്‍ ഉണ്ടെന്നും ആ അവകാശികളുടെ പരമ്പര ഇനിയും വരാനിരിക്കുന്ന എല്ലാത്തരം ജീവജാലങ്ങളുടെയും തലമുറ കൂടിയാണെന്നും അവയെ സംരക്ഷിക്കെണ്ടവര്‍ നമ്മള്‍ തന്നെയാണെന്നും എന്നതാകട്ടെ നമ്മുടെ പുതിയ ചിന്ത,ഉണര്‍ത്തു പാട്ട്.
(ചിത്രം ഗൂഗിളില്‍ നിന്നും)
ഒരു മരം വെച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ ഉള്ള മരത്തെ ഉണക്കുന്ന ഇത്തിള്‍ക്കണ്ണികളാകാനാണ് എളുപ്പം ... കുറുക്കു വഴികള്‍ തിരയുമ്പോള്‍ കൈയ്യില്‍ മണ്ണുപുരളാന്‍ ആര്‍ക്കാണിഷ്ടം.......... ഒരു മാറ്റത്തിനായി ശ്രമിക്കാം ഉള്ള മണ്ണില്‍ ഒരു ചെടിയെങ്കിലും വളര്‍ത്താന്‍ ഉത്സാഹിക്കാം
ReplyDeleteഏറ്റവും അത്യാവശ്യമായതു മാത്രം എടുക്കുക, കഴിയുന്നത്ര പങ്കു വെയ്ക്കുക, പോകുമ്പോള്‍ ഒന്നും എടുത്തുകൊണ്ടു പോവാന്‍ പറ്റില്ലല്ലോ...എത്ര സ്വരുക്കൂട്ടിയാലും കാത്തുവെച്ചാലും...
ReplyDeleteനന്നായി എഴുതി റോസാപ്പൂവേ.. അഭിനന്ദനങ്ങള്‍..
"നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും തീര്‍ന്നു പോയതിനെക്കുറിച്ചും വിലപിക്കാതെ നമ്മുടെ മുന്നില്‍ കിടക്കുന്ന അവസരങ്ങളെ നന്നായി വിനിയോഗിച്ചാല്‍ കുറച്ചെങ്കിലും നമുക്ക് തിരിച്ചു പിടിക്കാനാവും."
ReplyDeleteആശംസകൾ...
we have no right to stay here.but we mistook it's our own.every creature needs the help of other creatures.the activities of men to satisfy their greed spoiled the earth and brought great destruction to it.beware of human beings with utmost savagery.
ReplyDeletewe have no right to stay here.but we mistook it's our own.every creature needs the help of other creatures.the activities of men to satisfy their greed spoiled the earth and brought great destruction to it.beware of human beings with utmost savagery.
ReplyDeleteമനോഹരമായി എഴുതി....നല്ല ഓര്‍മ്മപ്പെടുത്തല്‍...വെറും പങ്കുവെയ്ക്കല്‍ മാത്രമല്ല പകര്‍ന്നു കൊടുക്കല്‍ കൂടിയാണ് ജീവിതമെന്ന സത്യത്തിന്റെ പൊരുള്‍ റോസിലി എല്ലാവര്‍ക്കുമായി മനസ്സില്‍തട്ടി വീതിച്ചു കൊടുത്തിരിക്കുന്നു
ReplyDeleteറോസിലി ജോയ് എഴുതിയ ഈ ലേഖനം താങ്കൾതന്നെ മറ്റെവിടെയോ പ്രസിദ്ധീകരിച്ചിരുന്നു. അപ്പോൾ വായിച്ചത് ഓർക്കുന്നു.....
ReplyDeleteഅടുത്തതലമുറക്കുവേണ്ടിയെങ്കിലും നാം പ്രകൃതിയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു.....
Well said.....
ReplyDelete"As Nobel Laureate Joseph Stiglitz emphasises in his recent book, The Price of Inequality, any nation must aim at a harmonious development of its four capital stocks: not just man-made capital that GDP highlights, but natural capital, human capital and social capital as well. A GDP-centric viewpoint focusses exclusively on economic activity in the organised industries-services sector."
http://www.thehindu.com/opinion/lead/towards-an-economy-of-mutualism/article5418660.ece
എന്തൊക്കെ പറയുമ്പോഴും കേള്‍ക്കുമ്പോഴും തലകുലുക്കി കേള്‍ക്കാന്‍ തയ്യാറായാലും സ്വയം അനുഭവത്തിലൂടെ ബോധ്യപ്പെടാതെ ഒരു ബോധം വരുക എന്നത് കഠിനമായ സംഭവം തന്നെയായി നില്‍ക്കുകയാണ് ഇന്നും ഇപ്പോഴും.
ReplyDeleteനന്നായിരിക്കുന്നു ലേഖനം.
പപ്പായമരത്തിലെ ഒരു പഴം പറിയ്ക്കാന്‍ പോയപ്പോള്‍ എന്റെ ചേട്ടന്‍ പറഞ്ഞു, അതവിടെ നിന്നോട്ടെ, കിളികള്‍ കൊത്തിത്തിന്നോട്ടെ എന്ന്. ഈ ലേഖനം വായിച്ചപ്പോള്‍ ആ സംഭവമാണ് ഞാന്‍ ഓര്‍ത്തത്
ReplyDeleteഞാനും ഒരു ധാന്യ പാത്രവും വെള്ള പാത്രവും വയ്ക്കാന്‍ തീരുമാനിച്ചു.... പക്ഷെ എങ്ങിനെയാ ഉണ്ടാക്കുന്നതു എന്നു കുറച്ചു തപ്പിയാ കണ്ടുപിടിച്ചേ..... നിങ്ങള്‍ക്കു വേണ്ടി ലിങ്ക് ഇവിടെ കൊടുക്കുന്നു. BIRD FEEDER
ReplyDeleteതാങ്ക്സ്.......!!
Deletetoday is infact world sparrow day. i have put those images in an article here. thanks for reminding!
ReplyDeletehttp://www.rocksea.org/house-sparrow/
ഭൂമിയിലെ മറ്റു ജീവനുകളെയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റു വിഭവങ്ങളെയും ഒട്ടും പരിഗണിക്കാതെ മനുഷ്യന് തന്‍റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്രവേണമെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ചപ്പാടാണ് പ്രകൃതിയെ കൊള്ളയടിക്കാനുള്ള ലളിതവല്‍കൃത ന്യായവാദങ്ങളായി ഉയര്‍ന്ന് വരുന്നത്. അതിനേക്കാള്‍ ഭീകരമായി ഇത്രത്രയും ലാഭതാത്പര്യാര്‍ത്ഥം കൈകാര്യം ചെയ്യുന്ന മുതലാളിത്ത-മൂലധന ശക്തികള്‍ 'പ്രകൃതി സൗഹൃദ ജീവിതം' എന്ന സ്വാഭാവിക ജീവി താളത്തെ മാറ്റിപ്പണിയാനുള്ള തിടുക്കത്തിലാണ്.
ReplyDeleteഭൂമിക്ക് നമ്മെ ആവശ്യമില്ല എന്നും ജീവന്‍റെ നിലനില്‍പ്പിന് നമുക്കാണ് ഭൂമിയും അതിന്‍റെ സന്തുലിതമായ പരിസ്ഥിതിയും ആവശ്യമെന്നും നാം സൗകര്യപൂര്‍വ്വം മറന്നു പോകുന്നത് ഈ 'ലാഭാധിഷ്ടിത വിപണി സംസ്കാരം' ഉത്പാദിപ്പിക്കുന്ന 'അവനവനിസ്റ്റ് ബോധം' നമ്മെ വല്ലാതെ കീഴടക്കിയത്കൊണ്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ 'ഭൂമിയുടെ അവകാശികള്‍' സൂചിപ്പിക്കുന്ന പ്രകൃതി സ്നേഹികള്‍ എന്തുകൊണ്ടും മാതൃകയാണ്.
എന്നാല്‍, ഇതുകൊണ്ട് മാത്രം മാറ്റി തീര്‍ക്കാവുന്ന ഒന്നല്ല ഇത്തരം പ്രശ്നങ്ങള്‍. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നയങ്ങളിലൂടെയും നിലപാടുകളിലൂടെയും മാത്രം പരിഹൃതമാകുന്ന ഒന്നാണ് പ്രകൃതി നേരിടുന്ന വെല്ലുവിളികളില്‍ ഏറെയും. പക്ഷെ, നിലവില്‍ 'പശ്ചിമ ഘട്ട സംരക്ഷണ'വുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള 'ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ'യോട് പോലും സര്‍ക്കാരുകള്‍ കാണിക്കുന്ന സമീപനം പരിശോധിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ എത്രകണ്ട് മുതലാളിത്ത താത്പര്യ സംരക്ഷകരായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
ഈ അപകടമാരമായ സാഹചര്യത്തില്‍ പ്രകൃതിക്ക് വേണ്ടിയുള്ള സമരത്തില്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയരൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുന്നതിനുള്ള സമരരൂപങ്ങള്‍ ആവിഷ്കരിച്ച്/ അടിസ്ഥാനപരമായ ബോധമാര്‍ജ്ജിച്ച് , ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തെ ചര്‍ച്ചക്ക് വെച്ച റോസ്ലിക്ക് അഭിവാദ്യങ്ങള്‍.
ഭൂമിയിൽ പിറന്ന/പിറക്കുന്ന/പിറക്കാൻ പോകുന്ന എല്ലാത്തിനും ഭൂമിയിൽ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നു. വരും തലമുറയിൽ നിന്ന് കടമെടുത്തതാണ് നമ്മുടെ പരിസരങ്ങൾ, പോറലൊന്നും ഏല്പിക്കാതെ അതവരെ തന്നെ തിരിച്ചേല്പിക്കണം എന്ന് ഒരു മാർക്സിയൻ ചിന്താഗതിയുള്ളതായി കേട്ടിട്ടുണ്ട്. അതേ മാർക്സ് തന്നെ മനുഷ്യനു ജീവിക്കാൻ പ്രകൃതിയെ മനുഷ്യൻ' യുക്തിപൂർവം ചൂഷണം' ചെയ്യേണ്ടി വരുമെന്നും സൂചിപ്പിക്കുന്നു. മനുഷ്യന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ 'യുക്തിപൂർവ്വം' എന്നു തോന്നുന്നത്, ചൂഷണം ചെയ്യപ്പെടുന്ന ഒരു മൃഗത്തിന്റെയോ സസ്യത്തിന്റെയോ ഭൂവിഭവത്തിന്റെയോ ഭാഗത്തു നിന്നു നോക്കുമ്പോൾ 'യുക്തിപൂർവ്വം' തന്നെ ആയിരിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ ആധുനിക മനുഷ്യന് ഇതില്ലാതെ ജീവിക്കാനും കഴിയില്ല. അവനവന്റെയും ഭാവിതലമുറകളുടെയും നല്ലജീവിതത്തിനു ആ ചൂഷണം പരമാവധി കുറക്കുക, 'ജീവൻ നിലനിർത്താനായി മറ്റു നിവൃത്തിയില്ലാത്തതിനാൽ ഞാനിതാ ഇത് നിന്നിൽ നിന്നെടുക്കുന്നു' എന്ന എളിമയോടെ പ്രകൃതിയെ സമീപിക്കുക, കഴിയുന്നിടത്തോളം തിരിച്ചു കൊടുക്കുക എന്നതൊക്കെ സാധ്യമാണെന്ന് തോന്നുന്നു.
ReplyDeleteസമകാലീന ജീവിതത്തിൽ വളരെ കാര്യപ്രസക്തമായ വിഷയത്തെ യുക്തിപൂർവ്വമായി അവതരിപ്പിച്ചിരിക്കുന്നു
ReplyDeleteകുറച്ച് ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വയനാട് കാടുകളെ കുറിച്ചുള്ള വാര്‍ത്തകളില്‍ വെന്തെരിയുമ്പോഴാണ് ഇത് വായിച്ചത്. എന്തുപറയാന്‍, സംരക്ഷിച്ചില്ലെങ്കിലും മിണ്ടാപ്രാണികളെ ഉന്മൂലനം ചെയ്യാതിരിക്കാനുള്ള ഒരു മനസ്സെങ്കിലും മനുഷ്യര്‍ക്കെല്ലാം ഉണ്ടാവട്ടെ, പ്രകൃതിയോളമൊരു സമ്പത്ത് നേടുവാനില്ല ഈ ഉലകിലെന്ന് മനസ്സിലാക്കാനാവട്ടെ. കാലികപ്രസക്തമായ വിഷയം.
ReplyDeleteമഴവില്‍ മാഗസിനില്‍ വായിച്ചിരുന്നു , ഈ വിഷയത്തിന്റെ പ്രാധാന്യം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നു എന്നതാണ് സമകാലിക സംഭവങ്ങള്‍ കാണിക്കുന്നത് . നല്ല പോസ്റ്റ്
ReplyDelete
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
പ്ലാസ്റ്റിക്ക് കുപ്പിയില്‍ അരിമണികള്‍ നിറച്ചു സ്പൂണ്‍ ഘടിപ്പിക്കുന്ന വിദ്യ കൊള്ളാല്ലോ റോസേ ..!
ReplyDeleteനല്ല ലേഖനം ...
മറ്റുള്ളവര്‍ക്ക് കൊടുക്കുവാനല്ല അവനവനുതന്നെ ഏല്ലാം ആര്‍ത്തിയോടെ വാരികൂട്ടി സ്വന്തമാക്കാനുള്ള ത്വരയാണെങ്ങും!
ReplyDeleteചിന്താര്‍ഹമായ ലേഖനം
ആശംസകള്‍
പൊതുവെ പക്ഷികളോട് എനിക്കു വളരെ ഇഷ്ട്ടമാണ്.. പക്ഷേ എന്തെങ്കിലും പക്ഷികൾക്കു വേണ്ടി കൊണ്ട് വയ്ക്കുന്നസമയത്ത് പൂച്ചകൾ വില്ലന്മാരായിട്ടുവരും ..ഇവരെല്ലാം ഭൂമിയുടെ അവകാശികൾ തന്നെയാ..എന്നാലും...
ReplyDeleteമനോഹരാമായ പോസ്റ്റ് ..ആശംസകൾ ..!!
ഏറെ പ്രാധാന്യമുള്ള ഒരു വിഷയം .... സമൂഹം ശ്രദ്ധിക്കേണ്ടതും എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ, അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം മറന്നു കലയുന്നതുമായ ഒരു വിഷയം. ഭംഗിയായി ചിന്തയുനര്തും വിധം പറഞ്ഞിരിക്കുന്നു. ഭൂമിക്ക് മനുഷ്യനെ ആവശ്യമില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ മനുഷ്യനാണ് ഭൂമിയും അതിന്റെ സംതുലനവും ആവശ്യം എന്നതിനെ താല്‍കാലിക സുഖങ്ങല്‍ക്കായി സൌകര്യപൂര്‍വ്വം മറന്നു ഇരിക്കും കൊമ്പ് വെട്ടുന്ന മനുഷ്യര്‍... പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി ഒരു ചെറിയ വിഭാഗം ശ്രമികുംപോള്‍ വലിയൊരു വിഭാഗം അവിടെ നിന്നും താല്‍കാലികമായി എന്ത് നേട്ടം ഉണ്ടാക്കാന്‍ ആകുമെന്ന് ശ്രമിക്കുന്നതു കാണുമ്പോള്‍ മനുഷ്യന്‍ ഭൂമിയുടെ അവകാശികള്‍ എന്ന് പറയാന്‍ ഒരിക്കലും അര്‍ഹാനല്ലാത്ത വിധമുള്ള ഒരു സൃഷ്ടിയാണ് എന്ന് തന്നെ പറയേണ്ടി വരുന്നു
ReplyDeleteനല്ല വിഷയം... അത് മനോഹരമായ എഴുത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു
റോസ്സിലി. വളരെ നല്ല ലേഖനം. ശരിയാണ്ഈ ൂമിയുടെ അവകാശികള്‍ ഇവിടെയുള്ള പക്ഷിമൃഗാദികളും കൂടിയാണ്. അവരെ ആരും വകവെയ്ക്കുന്നില്ല. എനിയ്ക്ക് വല്ലപ്പോഴും കിട്ടുന്ന ഒരുകുല വാഴപ്പഴത്തില്‍ നിന്നും അണ്ണാനും വവ്വാലിനും കൂടി പങ്കു കൊടുക്കുന്നുണ്ടെ. ഇപ്പോഴും ഒരെണ്ണം പഴുത്തു തുടങ്ങി. അവര് കുറച്ച് കഴിച്ചിട്ട് വെട്ടിയെടുക്കാമെന്നു കരുതി നിര്‍ത്തിയിരിക്കുന്ന എന്നത് വളരെ സത്യമാണ്.
ReplyDeleteഇതര ജീവ ജാലങ്ങളോടും പ്രകൃതിയോടും ഐക്ക്യപ്പെടാതെ മനുഷ്യന് എത്രകാലം മുന്നോട്ട് പോവാനാവും ... എല്ലാറ്റിനും അവയുടേതായ ധർമ്മങ്ങൾ ഉണ്ട് ... മനുഷ്യൻ അത് മനസ്സിലാക്കട്ടെ ..
ReplyDeleteനല്ല പോസ്റ്റ് റോസ് ....
good
ReplyDeleteനല്ല ലേഖനം !
ReplyDeleteAhaa...Good..:)
ReplyDeleteപ്രകൃതി വിഭവങ്ങളും അതിലെ ജീവ ജാലങ്ങളും
ReplyDeleteസരക്ഷിക്കപ്പെടെണ്ടതാണെന്ന അവബോധം നാം
സമൂഹത്തിനുണ്ടാക്കിക്കൊടുക്കേണ്ട കാലം എപ്പോഴേ കഴിഞ്ഞു.
ഒട്ടു മിക്ക മനുഷ്യരിലും അവബോധത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെയുള്ള
പിഴവുകള്‍ സംഭവിക്കുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ധനം എത്ര സൂഷ്മതയോടെയാണ് നാം ചിലവാക്കുന്നത്. ഇന്ന് ഞാന്‍ മൊത്തമായി തീര്‍ത്താല്‍ നാളെ എനിക്ക് ഉണ്ടാകില്ല എന്ന് ഏതു മനുഷ്യനും അറിയാം.
അത് പോലെ തന്നെയാണ് പ്രകൃതി എത്രയോ കാലമായി
സൊരുക്കൂടിയ വിഭവങ്ങള്‍ ഒറ്റയടിക്ക് ഉപയോഗിച്ച് തീര്‍ക്കുകന്ന
നാം ചെയ്യുന്നത് വരുവാനിരിക്കുന്ന തലമുറയോടു ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാണ്.